head3
head1

സംശയം വേണ്ട…അയര്‍ലണ്ടില്‍ അടുത്തയാഴ്ച സ്നോയെത്തുമെന്ന് മെറ്റ് ഏറാന്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ അടുത്തയാഴ്ചയോടെ അതിശൈത്യമെത്തുമെന്ന് മെറ്റ് ഏറാന്‍.ഞായറാഴ്ച വൈകുന്നേരത്തോടെ ആര്‍ട്ടിക് പ്രവാഹം രാജ്യത്തുടനീളം വ്യാപിച്ചേക്കും.വടക്കന്‍, പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ശക്തമായ സ്നോയ്ക്ക് ഇടയുണ്ടെന്നും നിരീക്ഷകന്‍ പറയുന്നു.ആര്‍ട്ടിക് വ്യതിയാനത്തോടെ താപനില കുറയുകയും മഞ്ഞുവീഴ്ച അപകടസാധ്യതയുണ്ടാക്കും വിധം ഉയരുകയും ചെയ്‌തേക്കാം എന്ന് കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു.

നവംബര്‍ 18 തിങ്കള്‍ മുതല്‍ നവംബര്‍ 24 ഞായര്‍ വരെ, ന്യൂനമര്‍ദം ആധിപത്യം പുലര്‍ത്തുന്നതിനാല്‍ ശരാശരിയേക്കാള്‍ തണുപ്പ് കൂടുതലായിരിക്കും.

ചില പ്രദേശങ്ങളില്‍ താപനില -6C വരെ താഴ്‌ന്നേക്കാം. ഈ മോഡലുകള്‍ അനുസരിച്ച്, ആദ്യത്തെ സ്‌നോ നവംബര്‍ 18 തിങ്കളാഴ്ച വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ എത്തും, തുടര്‍ന്ന് ആഴ്ചയിലുടനീളം ക്രമേണ രാജ്യത്തുടനീളം വ്യാപിക്കും, നവംബര്‍ 24 ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഹിമസാന്നിധ്യത്തിന്റെ ഇതേ കാലാവസ്ഥ തുടരും.

വ്യാപകമായ മൂടല്‍മഞ്ഞ് കണക്കിലെടുത്ത് വാഹനയാത്രികര്‍ ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഏറാന്‍ ഇന്നലെയും മുന്നറിയിപ്പ് നല്‍കിയിരുന്നു.ഗോള്‍വേ, ലെയ്ട്രിം, മയോ, റോസ്‌കോമണ്‍, സ്ലിഗോ എന്നിവയുള്‍പ്പെടെ അള്‍സ്റ്ററിലെയും കൊണാട്ടിലെയും ഉയര്‍ന്നമേഖലകള്‍ അടുത്ത ആഴ്ചയില്‍ സ്നോയില്‍ മുങ്ങുമെന്ന് നിരീക്ഷകന്‍ മാത്യു മാര്‍ട്ടിന്‍ പറഞ്ഞു.

അയര്‍ലണ്ടിന്റെ ആകാശമേഖലയിലേയ്ക്ക് ഞായറാഴ്ച മുതല്‍ തന്നെ ഹിമപാളികള്‍ നീങ്ങുമെന്ന് കാലാവസ്ഥാ കേന്ദ്രം നിരീക്ഷിക്കുന്നു.തണുത്ത, ആര്‍ട്ടിക് വായു രാജ്യമാകെ പടരും..

അള്‍സ്റ്ററിലെയും കൊണാച്ചിലെയും കുന്നുകളില്‍ മഞ്ഞുമഴയുണ്ടാകുമെന്നും നിരീക്ഷകന്‍ പറയുന്നു.ഒറ്റരാത്രികൊണ്ട് ഐസും മഞ്ഞുവീഴ്ചയുമുണ്ടായേക്കും. എന്നാല്‍ ഡബ്ലിന്‍ ഉള്‍പ്പെടുന്ന ഈസ്റ്റ് മേഖലയിലും,സൗത്തിലും വരണ്ട അന്തരീക്ഷമായിരിക്കും.

ഇന്ന് ,വ്യാഴാഴ്ച രാത്രി മേഘാവൃതമായിരിക്കുമെന്ന് മെറ്റ് ഏറാന്‍ പറയുന്നു. വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. കാറ്റുള്ളതിനാല്‍ ഫോഗും മിസ്റ്റും വ്യാപകമാകും.താപനില 8-10 ഡിഗ്രി സെല്‍ഷ്യസായി കുറയും.വെള്ളിയാഴ്ച മിക്ക പ്രദേശത്തും മേഘാവൃതമായ അന്തരീക്ഷമായിരിക്കും.ഇടയ്ക്കിടെ മഴയും പ്രതീക്ഷിക്കാം.

വെള്ളിയാഴ്ച രാത്രിയോടെ മേഘാവൃതമായ കാലാവസ്ഥയും മഴയും തെക്കുകിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്ന് മെറ്റ് ഏറാന്‍ പറയുന്നു.ശനിയാഴ്ച രാവിലെയും ഉച്ചകഴിഞ്ഞും തെക്ക് ഭാഗത്തും മഴയുണ്ടാകും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.