head3
head1

അയര്‍ലണ്ട് സിംഗിള്‍ പെര്‍മിറ്റ് സംവിധാനത്തിലേയ്ക്ക്….ഒരൊറ്റ വാതില്‍:വിസയും പെര്‍മിറ്റും ഇനി ഒന്നിച്ച്

ഡബ്ലിന്‍ :ആദ്യം വര്‍ക്ക് പെര്‍മിറ്റ്്, പിന്നെ വിസ, വീണ്ടും വിസ, പിന്നെ എമിഗ്രേഷന്‍ പെര്‍മിഷന്‍… ഇ ഇ എ യ്ക്ക് പുറത്തുള്ളവര്‍ക്ക് അയര്‍ലണ്ടില്‍ താമസിക്കണമെങ്കിലുള്ള നടപടിക്രമങ്ങളാണിവ. എന്നാല്‍ പരസ്യവാചകം പോലെ അതെല്ലാം മറന്നേയ്ക്കൂ… ഇനിയെല്ലാം ഒറ്റ വാതിലിലൂടെ എന്നതാണ് പുതിയ സംവിധാനം.

അയര്‍ലണ്ടില്‍ ജോലിക്കും റസിഡന്‍സിനുമായി സിംഗിള്‍ പെര്‍മിറ്റ് സംവിധാനം വരുന്നു.ഈ ക്രമീകരണത്തിന് അനുമതി ലഭിച്ചതായി ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്റി സ്ഥിരീകരിച്ചു.

മൂന്നു വര്‍ഷത്തിനുള്ളില്‍ എല്ലാം സെറ്റാകും

സിംഗിള്‍ പെര്‍മിറ്റ് സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതിനിടയില്‍ത്തന്നെ നിലവിലെ നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി സിംഗിള്‍ പേയ്മെന്റ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി വിശദീകരിച്ചു.

മാത്രമല്ല സിംഗിള്‍ പെര്‍മിറ്റ് ഡയറക്ടീവ്, ഇ യുവില്‍ ജോലി ചെയ്യുന്ന നിരവധിയായ നോണ്‍ ഇ യു പൗരന്മാര്‍ക്ക് തുല്യതയും നല്‍കും.ഇവരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുന്നതിന് പുറമേ സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളും യോഗ്യതയ്ക്ക് അംഗീകാരവും നികുതി ആനുകൂല്യങ്ങളുമെല്ലാം കൈവരും.

അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നതിന് യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ളയാള്‍ ഇതുവരെ, ആദ്യം വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കണം.വിസ ആവശ്യമുള്ള രാജ്യത്ത് നിന്നാണെങ്കില്‍ വിസയ്ക്ക് അപേക്ഷ നല്‍കണം.അവസാനഘട്ടമെന്ന നിലയില്‍ ഇവിടെ എത്തിച്ചേര്‍ന്ന ശേഷം എമിഗ്രേഷന്‍ അനുമതിക്കും അപേക്ഷിക്കണമായിരുന്നു.ഈ മള്‍ട്ടി-സ്റ്റെപ്പ് പ്രക്രിയയെയാണ് അടുത്ത വര്‍ഷങ്ങളോടെ പൂര്‍ണ്ണമായും കട്ട് ഷോര്‍ട്ട് ചെയ്യുന്നത്.

ഇ യു സിംഗിള്‍ പെര്‍മിറ്റിലേയ്ക്കുള്ള വഴി

സിംഗിള്‍ പെര്‍മിറ്റ് നടപ്പിലാക്കിയാല്‍ യൂറോപ്യന്‍ യൂണിയന്‍ സിംഗിള്‍ പെര്‍മിറ്റും കൊണ്ടുവരാനാകും. കഴിവും അനുഭവപരിചയവുമുള്ളവരെ സമ്പദ്വ്യവസ്ഥയിലേക്ക് ആകര്‍ഷിക്കുന്നതില്‍ അയര്‍ലണ്ടിന്റെ പിന്നോക്കമല്ലെന്ന നില വരുമെന്ന് മന്ത്രി ഹെലന്‍ പറയുന്നു.

സമ്പൂര്‍ണ്ണ ഡിജിറ്റൈസേഷനും പദ്ധതി

എമിഗ്രേഷന്‍ സേവനം പൂര്‍ണമായി ഡിജിറ്റൈസ് ചെയ്യുന്നതിനും വകുപ്പിന് പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.വര്‍ക്ക് പെര്‍മിറ്റ് ഉടമകളുടെ പങ്കാളികള്‍ക്കും സ്പൗസസിനും പ്രത്യേക അനുമതിയില്ലാതെ സ്വയം തൊഴില്‍ ഏറ്റെടുക്കാന്‍ പ്രാപ്തമാക്കുന്നതിനും നടപടികളുണ്ടാകും- മന്ത്രി പറഞ്ഞു.സമ്പദ്വ്യവസ്ഥയുടെ ദീര്‍ഘകാല സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുള്ള നടപടികളാണ് ഇവയെല്ലാമെന്ന് മന്ത്രി വ്യക്തമാക്കി.സമ്പദ്വ്യവസ്ഥയ്ക്കും സമൂഹത്തിനും കുടിയേറ്റക്കാര്‍ നല്‍കുന്ന സംഭാവനകളെ പ്രോല്‍സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ പദ്ധതികളെല്ലാമെന്നും മന്ത്രി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a<

Comments are closed.