head3
head1

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ സുരക്ഷാ ജീവനക്കാരുടെ ദൗര്‍ലഭ്യം… മണിക്കൂറുകള്‍ ക്യൂവില്‍ കുടുങ്ങി യാത്രക്കാര്‍

ഡബ്ലിന്‍ : ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷാ ജീവനക്കാരുടെ കുറവ് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇക്കാരണത്താല്‍ മണിക്കൂറുകളാണ് യാത്രക്കാര്‍ക്ക് കാത്തുനില്‍ക്കേണ്ടി വരുന്നത്. സുരക്ഷാ ജീവനക്കാരുടെ കുറവ് മൂലം യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ അവര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറം ലോകത്തെത്തിച്ചത്. എയര്‍പോര്‍ട്ടിലെ നീണ്ട ക്യൂവിന്റെയും മറ്റും ചിത്രങ്ങളും യാത്രക്കാര്‍ പങ്കുവെച്ചു. കാലതാമസം മൂലം കണക്ഷന്‍ ഫ്ളൈറ്റ് നഷ്ടമായത് സംബന്ധിച്ച വിഷമങ്ങളും അവര്‍ വെളിപ്പെടുത്തി. ടെര്‍മിനല്‍ ഒന്നിലെയും ടെര്‍മിനല്‍ രണ്ടിലെയും ഡിപ്പാര്‍ച്ചര്‍ ലോഞ്ചുകളിലൂടെ നീങ്ങുന്ന വമ്പന്‍ ക്യൂവിന്റെ ചിത്രങ്ങളാണ് യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

കോവിഡ് പാന്‍ഡെമിക്കിനെ തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1,000 ജീവനക്കാര്‍ സ്വമേധയാ പിരിഞ്ഞുപോയിരുന്നു. ഈ വര്‍ഷമാദ്യം 100ലധികം പുതിയ സുരക്ഷാ ജീവനക്കാരെ റിക്രൂട്ട് ചെയ്തിരുന്നു. ഇവരുടെ പരിശീലനവും മറ്റും പൂര്‍ത്തിയാകുന്നതേയുള്ളു. ഇതാണ് തടസ്സങ്ങളുണ്ടാക്കുന്നതെന്ന് ഡിഎഎ വ്യക്തമാക്കി. ഇത് വേഗത്തിലാക്കാന്‍ പരിശ്രമിക്കുകയാണെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി(ഡിഎഎ) വക്താവ് പറഞ്ഞു.

അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായും വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. പുതിയ ജീവനക്കാര്‍ പരിശീലനത്തിലൂടെ പരിശോധനയുടെ ട്രാക്കിലേയ്ക്ക് എത്തുന്നതിന് ആഴ്ചകളെടുത്തേക്കും. അതിനാല്‍ വരും ആഴ്ചകളിലും ഈ പ്രശ്‌നം നിലനില്‍ക്കുമെന്നും ഡിഎഎ ഓര്‍മ്മിപ്പിച്ചു. ബുദ്ധമുട്ടുകളൊഴിവാക്കാന്‍ ഹ്രസ്വദൂര വിമാനങ്ങളിലെ യാത്രക്കാര്‍ അവരുടെ ബോര്‍ഡിംഗ് സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പും ദീര്‍ഘദൂര യാത്രികര്‍ പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പും എത്തിച്ചേരണമെന്നും ഡിഎഎ നിര്‍ദ്ദേശിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.