head3
head1

അയര്‍ലണ്ടിലെ ലൈംഗിക തൊഴിലാളികള്‍ക്ക് കടുത്ത ശിക്ഷ… നിയമം ഒഴിവാക്കണമെന്ന ആവശ്യവുമായി വിദഗ്ദ്ധര്‍…

ഡബ്ലിന്‍ : ലൈംഗിക തൊഴിലാളികള്‍ക്കുള്ള കടുത്ത നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി അയര്‍ലണ്ടിലെ വിദഗ്ദ്ധര്‍.

അധ്യാപകര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, ക്രിമിനോളജിസ്റ്റുകള്‍ എന്നിങ്ങനെ 80ലധികം വിദഗ്ദ്ധരുടെ സംഘമാണ് നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.

ലിമെറിക്ക് യൂണിവേഴ്‌സിറ്റി, യുസിസി, യുസിഡി, ട്രിനിറ്റി കോളേജ്, മെയ്‌നൂത്ത് യൂണിവേഴ്‌സിറ്റി, എന്‍യുഐ ഗാല്‍വേ, ഗ്രിഫിത്ത് കോളേജ്, ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഡബ്ലിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അക്കാദമിക് വിദഗ്ദ്ധര്‍, അഭിഭാഷകര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, ക്രിമിനോളജിസ്റ്റുകള്‍, ചരിത്രകാരന്മാര്‍, സാമ്പത്തിക വിദഗ്ധര്‍, മെഡിക്‌സ്, നഴ്‌സുമാര്‍, സൈക്കോളജിസ്റ്റുകള്‍, മീഡിയ സ്റ്റഡീസ് പണ്ഡിതന്മാര്‍ എന്നിവരാണ് സംഘത്തിലുള്ളത്.

ലൈംഗികതയ്ക്ക് പണം നല്‍കുന്നത് കുറ്റകരമാക്കുന്ന 2017ലെ നിയമത്തെ സംബന്ധിച്ച് വിശകലനം നടത്താന്‍ കഴിഞ്ഞ ജൂലൈയില്‍ സോളിസിറ്റര്‍ മൗറ ബട്‌ലറെ സ്വതന്ത്ര വിദഗ്ദ്ധനായി നിയമിക്കുകയും ചെയ്തിരുന്നു.

ലൈംഗികത പണം കൊടുത്ത് ആസ്വദിക്കുന്നത് കുറ്റകരമാണെന്ന വ്യവസ്ഥയില്‍ നിരവധി പോരായ്മകളുണ്ടെന്നും ഇതിനാല്‍ വ്യവസ്ഥ റദ്ദാക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

നിലവിലെ നിയമം ലൈംഗികവൃത്തിയെ കൂടുതല്‍ അപകടകരമാക്കുന്നുവെന്നും ഇവര്‍ പറയുന്നു.

2017 മാര്‍ച്ച് 27 നാണ് അയര്‍ലന്‍ഡ് ‘നോര്‍ഡിക് മോഡല്‍’ സ്വീകരിച്ച് ലൈംഗിക വാങ്ങലിനെ കുറ്റകരമാക്കിയത്. ചൂഷണവും വേശ്യാവൃത്തിയില്‍ ദുര്‍ബലരായ ആളുകളെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കിയതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

എന്നാല്‍, ഈ നിയമത്തിനെതിരേ വലിയ പ്രതിഷേധമാണ് ലൈംഗിക തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയത്. നിയമങ്ങള്‍ ലൈംഗിക തൊഴിലാളികളെ കൂടുതല്‍ ദുര്‍ബലരാക്കുന്നുവെന്നും അവര്‍ പറയുന്നു.

നിയമം നടപ്പാക്കി രണ്ട് വര്‍ഷത്തിന് ശേഷം മാത്രമാണ് ഒരു പുരുഷ ഇടപാടുകാരനെ വിചാരണ ചെയ്തത്. വേശ്യാലയം സൂക്ഷിക്കുന്ന കുറ്റങ്ങള്‍ക്ക് നിരവധി സ്ത്രീകളെ അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തു.

ലൈംഗിക തൊഴിലാളികള്‍ 6000 മുതല്‍ 7000വരെ ആളുകളുമായി പ്രതിവര്‍ഷം ഇടപാട് നടത്തുന്നുവെന്ന് ലൈംഗിക തൊഴിലാളികളുടെ സുരക്ഷാ സേവനമായ അഗ്ലി മഗ്‌സ് കണക്കാക്കുന്നു.

ഈ നിയമം നിലവില്‍ വന്നതിനുശേഷം വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട് ചുമത്തുന്ന കുറ്റകൃത്യങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ചു. 2016ല്‍ 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2019 ല്‍ 112 ആയി ഉയര്‍ന്നു.

ലൈംഗിക തൊഴിലാളികളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാത്ത നിയമനിര്‍മ്മാണം നടപ്പാക്കണമെന്നാണ് വിദഗ്ദ്ധ സംഘത്തിന്റെ ശുപാര്‍ശ.

ലൈംഗിത വില്‍ക്കുന്നതും, വാങ്ങുന്നതും, സംഘടിത ലൈംഗികവൃത്തിയും വിലക്കുന്ന നിയമങ്ങളും ചട്ടങ്ങളും റദ്ദാക്കണമെന്നും ഇവര്‍ പറയുന്നു.

ലൈംഗികത തേടിയെത്തുന്ന വ്യക്തിയെ കുറ്റവാളിയാക്കുന്നതിലൂടെ ലൈംഗിക അതിക്രമത്തിന്റെയും ചൂഷണത്തിന്റെയും തെറ്റായ സൂചനയാണ് നല്‍കുന്നതെന്നാണ് ഇവരുടെ അഭിപ്രായം.

നിയമം ലൈംഗിക തൊഴിലാളികളുടെ ജീവിതത്തെ മികച്ചതാക്കുകയല്ല, പകരം, അപകടകരമായ സാഹചര്യം സൃഷ്ടിക്കുകയാണെന്ന് ഇവര്‍ വാദിക്കുന്നു.

ലൈംഗികത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന ഒരു സമീപനം ആവശ്യമാണ്. നിലവിലെ നിയമങ്ങള്‍ ലൈംഗികത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുകയും അവരുടെ ആരോഗ്യവും സുരക്ഷയും അപകടപ്പെടുത്തുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.