head3
head1

നെറ്റ്ഫ്ളിക്സ് ഗെയിം സീരീസ് കാണാന്‍ കുട്ടികളെ അനുവദിക്കരുതെന്ന് മാതാപിതാക്കളോട് സ്‌കൂളുകള്‍

വലേറ്റ: നെറ്റ്ഫ്ളിക്സ് ഗെയിം സീരീസുകളിലെ മരണക്കളി കാണാന്‍ കുട്ടികളെ അനുവദിക്കരുതെന്ന് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പുമായി സ്‌കൂളുകള്‍. ഈ ആവശ്യമുന്നയിച്ച് മാതാപിതാക്കള്‍ക്ക് കത്തുകളയച്ചിരിക്കുകയാണ് മാള്‍ട്ടയിലെ സ്‌കൂളധികൃതര്‍. അക്രമാസക്തമായ നെറ്റ്ഫ്ളിക്സ് സീരീസ് സ്‌ക്വിഡ് ഗെയിം കാണുന്നതില്‍ നിന്ന് കുട്ടികള്‍ പോലും വിട്ടുനില്‍ക്കുന്നില്ല. അഞ്ച് വയസ്സുകാര്‍ പോലും ഈ മാരക കളിയുടെ കെണിയിലാണെന്ന് സ്‌കൂളുകള്‍ ചൂണ്ടിക്കാട്ടുന്നു.

വന്‍ ആഗോള ഹിറ്റായി മാറിയ ദക്ഷിണ കൊറിയന്‍ സീരീസിനെതിരെയാണ് മാള്‍ട്ട മുന്നറിയിപ്പ് നല്‍കുന്നത്. പരാജയപ്പെടുന്നവര്‍ കൊല്ലപ്പെടുന്ന ഗെയിമാണിത്. എന്നിട്ടും മത്സരിക്കാന്‍ ആളുകള്‍ തിരക്ക് കൂട്ടുകയാണ്. മില്യണ്‍ കണക്കിന് ഡോളര്‍ നേടാനുള്ള ശ്രമത്തില്‍ കടക്കെണിയിലായ 456 മുതിര്‍ന്ന കഥാപാത്രങ്ങളെ ഷോ അവതരിപ്പിക്കുന്നുണ്ട്. ചുവപ്പ് ലൈറ്റ്, ഗ്രീന്‍ ലൈറ്റ് തുടങ്ങിയ ക്ലാസിക് പ്ലേ ഗൗണ്ട് ഗെയിമുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗെയിമും.

സ്‌ക്വിഡ് ഗെയിം മാനിയ ലോകമെമ്പാടും വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം ഗെയിമുകള്‍ യഥാര്‍ത്ഥ കളിസ്ഥലങ്ങളിലേയ്ക്കുമെത്തുന്നതാണ് പ്രശ്നമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റുള്‍പ്പടെയുള്ള പശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദ്യാര്‍ത്ഥികള്‍ ഇടവേളകളില്‍ അക്രമാസക്തമായ പരമ്പരകള്‍ അനുകരിക്കാന്‍ തുടങ്ങിയതോടെയാണ് മിക്ക സ്‌കൂളുകളും ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. സ്‌ക്വിഡ് ഗെയിമുമായി ബന്ധപ്പെട്ട സംസാരവും കളിയും സ്‌കൂളുകള്‍ നിര്‍ത്തലാക്കിയതിനൊപ്പം വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ വസ്ത്രം ധരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.

സ്‌കൂളധികൃതരുടെ മുന്നറിയിപ്പ്…

ഈ മാരണം കാണാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാള്‍ട്ടയിലെ സ്‌കൂളുകള്‍ മാതാപിതാക്കള്‍ക്ക് ഇ-മെയിലുകളാണ് അയച്ചിരിക്കുന്നത്. അക്രമ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതും നെഗറ്റീവ് മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതുമായതിനാല്‍ ഇത്തരമൊരു പരമ്പര കുട്ടികള്‍ക്ക് അനുയോജ്യമല്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് മെയിലില്‍ പറയുന്നു.

15 വയസ്സിനും അതിനും മുകളിലുമുള്ള ആളുകളെ ലക്ഷ്യം വച്ചുള്ളതാണ് ഈ സീരീസ്. എങ്കിലും അഞ്ച് വയസ്സുകാര്‍ പോലും ഇതിലേയ്ക്ക് ആകൃഷ്ടരാവുകയാണ്. ഈ കുട്ടികള്‍ നെറ്റ്ഫ്ലിക്സ് സീരീസ് കാണുന്നില്ല. എന്നാല്‍ മുതിര്‍ന്ന സഹോദരങ്ങള്‍ വഴിയും സീരീസിനെ അടിസ്ഥാനമാക്കിയുള്ള യു ട്യൂബ്, ടിക് ടോക്ക് വീഡിയോകളിലൂടെയുമാണ് ഇവര്‍ ഇതിനോട് അടുക്കുകയാണ്.

മുതിര്‍ന്നവര്‍ക്കും ‘ഭ്രാന്ത്’

സ്‌ക്വിഡ് ഗെയിം മാനിയ പടര്‍ന്നതോടെ സ്‌കൂള്‍ കുട്ടികളും യുവാക്കളും മുതിര്‍ന്നവര്‍ പോലും ഹാലോവീന്‍ ഷോകളുടെ നായകന്മാരായി മാറാന്‍ ശ്രമിക്കുകയാണ്. ഗ്രീന്‍, റെട്രോ പിങ്ക് ടാക്ക് സ്യൂട്ടുകളോ ഹുഡ് ജമ്പ് സ്യൂട്ടുകള്‍ സ്റ്റോക്കുണ്ടോയെന്ന് ചോദിച്ച് മുതിര്‍ന്നവര്‍ വിളിക്കാറുണ്ടെന്ന് നിരവധി കോസ്റ്റിയും ഷോപ്പുടമകള്‍ പറയുന്നു.

കുട്ടികളുമായി സ്നേഹിക്കുക… ആശയ വിനിമയം വര്‍ധിപ്പിക്കുക…

തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമായി രക്ഷിതാക്കള്‍ക്ക് ഈ സാഹചര്യം ഉപയോഗിക്കാമെന്ന് സൈക്കോളജി ആന്‍ഡ് സിബിടി ക്ലിനിക്കിലെ വിദ്യാഭ്യാസ മനഃശാസ്ത്ര പ്രാക്ടീഷണര്‍ റിറ്റിയാന്‍ ഡെബോനോ പറഞ്ഞു.

നിയമങ്ങളുടെ യുക്തി വിശദീകരിക്കാനും കുട്ടികളുടെ ചോദ്യങ്ങളും ആശങ്കകളും പരിഹരിക്കാനും കഴിയണം. ശിക്ഷാനടപടികളേക്കാള്‍ അച്ചടക്കമാണ് പ്രധാനമെന്ന് അവരെ ബോധ്യപ്പെടുത്തണം. കുട്ടികളില്‍ സുരക്ഷിതത്വ ബോധമുണ്ടാക്കാന്‍ ഇതിലൂടെ കഴിയും. സ്‌കൂളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണം. രക്ഷിതാക്കള്‍ക്ക് വീട്ടിലും സ്‌കൂളുകളിലുമുള്ള കുട്ടിയുടെ സ്വഭാവ നിരീക്ഷണവും സാധ്യമാകും.

സീരീസ് കാണുന്ന മുതിര്‍ന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ആക്രമണാത്മക പെരുമാറ്റം, ചിന്തകള്‍, വികാരങ്ങള്‍ എന്നിവ പോലുള്ള ദോഷങ്ങള്‍ തടയുന്നതിന് അവരെ നിരീക്ഷിക്കണം. ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഇവ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമെന്നും ഇവര്‍ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.