head3
head1

‘സപ്തസ്വര അരങ്ങേറ്റം 2022’സംസ്‌കൃതി’ പ്രൗഢഗംഭീരമായി

ഡബ്ലിന്‍: ചടുലമായ നൃത്തചുവടുകളില്‍ മുദ്രകള്‍ കൈകോര്‍ത്തു, അഴകിന്റെ ആഴങ്ങളില്‍ ഭാവങ്ങള്‍ തെളിയിച്ച്, ഗഹനമായ ആശയങ്ങളെ ലളിതമായി ആവിഷ്‌കരിച്ചു നവരസങ്ങള്‍ ഹൃദയങ്ങളിലേക് പകര്‍ന്നാടിയ നിമിഷങ്ങള്‍. പത്തു കുട്ടികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ട ആഘോഷരാവായിരുന്നു ഒക്ടോബര്‍ 31 സയന്റോളജി കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന അരങ്ങേറ്റം 2022’സംസ്‌കൃതി’.

ആദ്യാവസാനം വരെ ഏകോപനമായ നൃത്താവിഷ്‌കാരം കൊണ്ട് വിസ്മയം തീര്‍ത്ത പത്തു രത്‌നങ്ങളാണ് സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സിലൂടെ അരങ്ങേറ്റം കുറിച്ചത്. കാരൊലൈന്‍ എബ്രഹാം, എവെലിന്‍ എബി, ഗൗരി പ്രദീപ് നമ്പൂതിരി, ഗ്രേസ് മരിയ ജോസ്, നിധി സജേഷ്, നിരഞ്ജന ജിതേഷ് പിള്ള, റിയ നായര്‍, ഷാരോണ്‍ സൈലോ, സ്വര രാമന്‍ നമ്പൂതിരി, ശ്യാമള ദേവി സഭാപതി, എന്നിവരാണ് അരങ്ങേറ്റം കുറിച്ച ആദ്യ ബാച്ച് കുട്ടികള്‍.

ഈ മുഹൂര്‍ത്തത്തെ ധന്യമാക്കികൊണ്ട് പ്രശസ്ത നടനും നര്‍ത്തകനുമായ വിനീത് മുഖ്യാതിഥി സ്ഥാനം അലങ്കരിച്ചു. അരങ്ങേറ്റം നടത്തിയ കുട്ടികളെ പ്രത്യേകം പ്രശംസിക്കുകയും അനുമോദന പത്രം നല്‍കുകയും ചെയ്തു. ഇന്ത്യന്‍ അംബാസിഡര്‍ അഖിലേഷ് മിശ്ര വിശിഷ്ടാതിഥിയായിരുന്നു.

ഭാരതത്തിന്റെ സംസ്‌കാര പാരമ്പര്യത്തെ വിളിച്ചോതുന്ന രീതിയിലായിരുന്നു അരങ്ങേറ്റത്തിന്റെ ചടങ്ങുകള്‍.ശ്രീ അന്നമാചാര്യ ചിട്ടപ്പെടുത്തിയ ബ്രഹ്‌മം ഒക്കട്ടെ എന്ന അര്‍ത്ഥവത്തായ കീര്‍ത്തനത്തിന് പ്രീതി പ്രദമായ ചുവടുകളാല്‍ ശ്രീ വിനീത് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഭദ്രദീപം കൊളുത്തി വിശിഷ്ടാതിഥികള്‍ വേദിയെ പ്രകാശപൂരിതമാക്കി. മാതാപിതാക്കളെയും, ഗുരുവായ സപ്ത രാമന്‍ നമ്പൂതിരിയേയും ദക്ഷിണ നല്‍കി നമസ്‌കരിച്ചു അനുഗ്രഹം വാങ്ങിയതിന് ശേഷം, ഗുരു ശിഷ്യകളുടെ കാലില്‍ ചിലങ്ക അണിയിക്കുകയും ചെയ്ത ചടങ്ങ് ഗുരുശിഷ്യബന്ധത്തിന്റെയും ഭാരത സംസ്‌കാരത്തിന്റെ മഹത്വം വിളിച്ചോതുന്ന അപൂര്‍വ്വ നിമിഷങ്ങളായി മാറി.
തഞ്ചാവൂര്‍ സഹോദരന്മാര്‍ ചിട്ടപ്പെടുത്തിയ ഭരതനാട്യം മാര്‍ഗ്ഗം അതിന്റെ പരിപൂര്‍ണ സമ്പ്രദായമനുസരിച്ചാണ് കുട്ടികള്‍ അരങ്ങേറിയതു. ശ്ലോകത്തില്‍ തുടങ്ങി മംഗളത്തില്‍ പര്യവസാനിച്ച മാര്‍ഗ്ഗപരമ്പരയില്‍ ഒന്‍പത് ഇനങ്ങളാണ് കാണികള്‍ക്ക് കാഴ്ചവിരുന്നൊരുക്കിയത്.

അയര്‍ലണ്ടിലെ പ്രശസ്ത ഗായികമാരായ മംഗള രാജേഷ്, ശ്രേയ സുധീര്‍, സൗമ്യ സജേഷ് എന്നിവരുടെ സ്വര മാധുര്യവും രോഹിത് സുബ്രമണ്യം വയലിനില്‍ തീര്‍ത്ത സംഗീതവും ഒപ്പം സപ്തസ്വര സഹോദരിമാരുടെ പ്രത്യേക നൃത്തവും ചടങ്ങിന് മാറ്റുകൂട്ടി. സജേഷ് സുധര്‍ശന്റെ നന്ദി പ്രകാശനത്തോടെ പ്രൗഢഗംഭീരമായ കലാസന്ധ്യക്കു തിരശീല വീണു.

കുട്ടികളുടെ മികച്ച പ്രകടനത്തെയും ചടങ്ങുകളുടെ ചിട്ടയായ ക്രമീകരണരീതിയെയും ശ്രീ വിനീത് പ്രത്യേകം അനുമോദിച്ചു.
അരങ്ങേറ്റത്തോടനുബന്ധിച്ചു അടുത്ത ദിവസം നവംബര്‍ 1 നു താല സയന്റോളജിയില്‍ നൃത്ത സെമിനാര്‍ സങ്കടിപ്പിച്ചു. പദ്മഭൂഷണ്‍ ശ്രിമതി പദ്മ സുബ്രമണ്യം പുനരാവിഷ്‌കരിച്ച ഭരതനൃത്യം ആയിരുന്നു സെമിനാര്‍ വിഷയം. ശ്രീ വിനീത് നയിച്ച നൃത്ത സെമിനാറില്‍ നാല്പതോളം കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു.

ബോധനശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്ന നൃത്ത ഹസ്തങ്ങളെ പ്രധാന വിഷയമായി അവതരിപ്പിച്ച രണ്ടര മണിക്കൂര്‍ നീണ്ട സെമിനാര്‍ പങ്കെടുത്തവര്‍ക്ക് മതിവരാത്ത നിമിഷങ്ങളായിരുന്നു.

ഓരോ കുട്ടികളിലും നാട്യശാസ്ത്രത്തിന്റെ ആഴത്തിലുള്ള അവബോധം സൃഷ്ടിക്കുന്നതിനൊപ്പം ഭരതനൃത്യത്തെക്കുറിച്ചു കൂടതല്‍ അറിവ് നേടുവാനുള്ള പ്രചോദനമായിരുന്നു കാഴ്ചക്കും മനസ്സിനും ഏറെ ഹൃദ്യമായ ഈ സെമിനാര്‍. സാഹിത്യ നഗരമായ ഡബ്ലിനില്‍ ഭാരതസംസ്‌കാരത്തിന്റെ ശ്രേഷ്ഠത വിളിച്ചോതുന്നതായിരുന്നു സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ ആദ്യ ബാച്ച് അരങ്ങേറ്റം സംസ്‌കൃതി 2022. ഈ അരങ്ങേറ്റ പരിപാടിയില്‍ ആദ്യാവസാനം വരെ പിന്തുണ നല്‍കി വിജയിപ്പിച്ച ഓരോ വ്യക്തികള്‍ക്കും പ്രത്യേകിച്ച് പ്രധാന സ്‌പോണ്‍സര്‍ ആയ വാട്ടര്‍മാന്‍ ടൈല്‍സ് പ്രതിനിധി വിജിത് വിജയന്‍ , ഉപ സ്‌പോണ്‍സേര്‍സ് ക്യാമില്‍ തായ് ഫുഡ്‌സ്, ഉമാമി ഏഷ്യന്‍ സ്റ്റോര്‍ , മറ്റു സ്‌പോണ്‍സേര്‍സ് ആയ പ്യുര്‍ ഫുഡ്‌സ്, ഓസ്‌കാര്‍ ട്രാവല്‍, സ്പൈസ് വില്ലേജ്, ട്രെസേര്‍സ് ഓഫ് കേരള, ഹോളി ഗ്രൈല്‍, ടെക് ഫൈന്‍ഡര്‍, നിള ഫുഡ്‌സ്, നാച്ചുറല്‍ ഫ്രഷ്, ആസ്‌പൈര്‍ ഫിനാന്‍ഷ്യല്‍ സെര്‍വിസ്സ്, സെലെക്ടഷ്യ, എസ്സാര്‍ ഹെല്‍ത്ത് കെയര്‍, ഗേറ്റ് വേ ഡ്രൈവിംഗ് സ്‌കൂള്‍, ഡി എം എ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ്, ഫിനാന്‍ഷ്യല്‍ ലൈഫ്, ബോംബെ ബസാര്‍, കണ്ണന്‍ അസ്സോസിയേറ്റ്‌സ്, സ്ട്രൈട് ഫോര്‍വേഡ് റിക്രൂട്ട്‌മെന്റ്, ലൈവ് അക്കൗണ്ടിംഗ്, കൈറ്റ് ഹാമിലിറ്റന്‍ , കുമ്മോണ്‍ ലൂക്കന്‍ എന്നിവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.
ഫോട്ടോ : K R അനില്‍കുമാര്‍, ഗീവര്‍ഗ്ഗീസ്  

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.