head1
head3

വെള്ളിത്തിരയ്ക്ക് പിന്നില്‍ സംഗീതമൊരുക്കാന്‍ ഇനി ഐറിഷ് മലയാളികളും !

ഡബ്ലിന്‍ : പ്രശസ്ത ഗായിക പത്മഭൂഷന്‍ കെ എസ് ചിത്രയും ഭാവഗായകന്‍ പി.ജയചന്ദ്രനും ആലപിച്ച മനോഹര ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിക്കൊണ്ട് അയര്‍ലണ്ടിന്റെ പ്രിയ സംഗീതജ്ഞന്‍ സിംസണ്‍ ജോണ്‍ മലയാള സിനിമാ സംഗീത മേഖലയില്‍ നിറ സാന്നിധ്യമാകുന്നു.

‘അന്തിക്കാട്ടെ വിശേഷങ്ങള്‍’ എന്ന സിനിമയിലെ ‘പകലും പോയ്മറഞ്ഞു..’ എന്ന ഗാനം ഇന്നലെ ചെന്നൈ സാലിഗ്രാമില്‍ കെ എസ് ചിത്ര ആലപിച്ചു റെക്കോര്‍ഡ് ചെയ്തു. പി.ജയചന്ദ്രന്‍ ആലപിച്ച ‘ഇന്നെന്റെ മനസ്സില്‍….’എന്ന ഗാനം സിനിമയുടെ പൂജയോടാനുബന്ധിച്ചു റിക്കോര്‍ഡ് ചെയ്തിരുന്നു.

ബാബു രാധാകൃഷ്ണന്‍ സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘അന്തിക്കാട്ടെ വിശേഷങ്ങളില്‍’ ജനാര്‍ദ്ദനന്‍ മണ്ണുമ്മല്‍ രചിച്ച നാലു ഗാനങ്ങള്‍ സിംസണ്‍ ചിട്ടപ്പെടുത്തി. ചിത്ര അരുണ്‍, സാബു ജോസഫ് എന്നിവരാണ് മറ്റ് ഗാനങ്ങള്‍ ആലപിച്ചത്. ‘കിം കിം കിം..’ എന്ന ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേയനായ റാം സുരേന്ദര്‍ ഈ ഗാനങ്ങള്‍ക്ക് ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചു.

ആദ്യ ചിത്രത്തില്‍ തന്നെ പ്രമുഖ പിന്നണിഗായകരായ പി.ജയചന്ദ്രന്‍ ,കെ എസ് ചിത്ര എന്നിവര്‍ക്കായി ഗാനങ്ങള്‍ ചിട്ടപ്പെടുത്താനായത് തന്റെ സംഗീത സപര്യയിലെ അസുലഭാവസരമാണെന്ന് സിംസണ്‍ ജോണ്‍ അഭിപ്രായപ്പെട്ടു. അയര്‍ലണ്ടില്‍ ഏവര്‍ക്കും സുപരിചിതനായ അനുഗ്രഹീത ഗായകന്‍ സാബു ജോസഫ് ഈ ചിത്രത്തിനായി പിന്നണി പാടുന്നത് മലയാളി സമൂഹത്തിന് അഭിമാനിക്കാവുന്ന മറ്റൊരു മുഹൂര്‍ത്തം കൂടിയാണ്.

‘വൈഖരി’ മ്യൂസിക് ബാന്‍ഡിലെ ലീഡ് ഗിറ്റാറിസ്റ്റും ഗായകനുമായ
സിംസണ്‍ ജോണ്‍ ,ഡബ്ലിന്‍ തപസ്യയുടെയും, ഡാലസ് ഭരതകലാ തീയറ്റേഴ്സിന്റെയും പ്രമുഖ നാടകങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുകയും ആദ്യകാല മലയാള സംഗീത ആല്‍ബങ്ങളില്‍ പല ഹിറ്റ് ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്.

ഇരിങ്ങാലക്കുട സ്വദേശിയായ സിംസണ്‍ ജോണ്‍ അയര്‍ലണ്ടില്‍ ഭാര്യ റിന്റ ജോണ്‍ ,മക്കള്‍ ജോവാന ജോണ്‍, ഒലീവിയ ജോണ്‍ എന്നിവരോടൊപ്പം നാവനിലാണ് താമസം.

വാര്‍ത്ത : സലീല്‍ ശ്രീനിവാസന്‍

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.