ഡബ്ലിന്‍ : നട്ടെല്ലൊടിക്കുന്ന വിലക്കയറ്റത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ നിലം പറ്റുകയാണ് ഭൂരിപക്ഷം ജനങ്ങളും. ഭക്ഷണച്ചെലവുകള്‍ എങ്ങനെ കണ്ടെത്തുമെന്ന് ആശങ്കപ്പെടുന്നവര്‍… വീട്ടിലെ കറന്റ് ബില്‍ അടയ്ക്കുന്നതെങ്ങനെയെന്നോര്‍ത്ത് വിഷമിക്കുന്നവര്‍… ആത്മവിശ്വാസമില്ലാതെ എങ്ങനെയോ ജീവിച്ചു തീര്‍ക്കുന്നവര്‍… ഇതാണ് അയര്‍ലണ്ടിന്റെ ശരാശരി ജനജീവിതത്തിന്റെ നേര്‍ രേഖ. റിഫ്ളെക്റ്റിംഗ് അയര്‍ലണ്ട് എന്ന പേരില്‍ നടത്തിയ പെര്‍മനന്റ് ടി എസ് ബി ഗവേഷണമാണ് അയര്‍ലണ്ടിന്റെ ഇരുട്ടുനിറഞ്ഞ ജീവിതത്തിലേയ്ക്ക് പ്രതിഫലിപ്പിക്കുന്നത്.
അയര്‍ലണ്ടിലെ 81% ആളുകളെയും അലട്ടുന്നത് വര്‍ധിക്കുന്ന ജീവിതച്ചെലവു തന്നെയാണെന്ന് ഗവേഷണം തെളിയിച്ചു. മൂന്നു മാസം മുമ്പുണ്ടായിരുന്നതിനേക്കാള്‍ 19% വര്‍ധനവാണ് ഉണ്ടായത്. ഇതേ നിലയില്‍ വിലക്കയറ്റം തുടര്‍ന്നാല്‍ 62% ആളുകളും ഭക്ഷണം വെട്ടിക്കുറയ്ക്കേണ്ടിവരുമെന്ന് റിഫ്ളെക്റ്റിംഗ് അയര്‍ലണ്ട് എന്ന പേരില്‍ നടത്തിയ ഗവേഷണം വെളിപ്പെടുത്തുന്നു. ഊര്‍ജ്ജ ബില്ലുകള്‍ അടയ്ക്കാനാവാതെ കഷ്ടപ്പെടുന്ന 53% ആളുകളുടെ ആശങ്കകളും ഗവേഷണത്തിലൂടെ പുറത്തുവന്നു. ആളുകളുടെ ശുഭാപ്തി വിശ്വാസമില്ലായ്മ ഒമ്പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്ന് ഗവേഷണം പറയുന്നു. ജനുവരിയിലെ 32%ല്‍ നിന്ന് 53%മായാണ് ഇതുയര്‍ന്നത്.
18 വയസ്സിനു മുകളില്‍ പ്രായമുള്ള 1,002 പേര്‍ക്കിടയില്‍ കാന്തര്‍ ഏപ്രിലിലാണ് ഗവേഷണം നടത്തിയത്. ഇത്തരത്തിലുള്ള പ്രതിസന്ധികളൊന്നും ഇതുവരെ നേരിട്ടില്ലാത്ത തലമുറയെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ കൂടുതലായും ബാധിച്ചിട്ടുള്ളതെന്ന് കാന്തറിലെ അസോസിയേറ്റ് ഡയറക്ടര്‍ പോള്‍ മോറന്‍ പറഞ്ഞു. അജ്ഞാതമായ ഭയമാണ് മിക്കവരിലും കാണുന്നത്. ഇത് ജീവിതയാത്രയെ വളരെ ദോഷകരമായി ബാധിക്കുന്നതാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് ആളുകളെ എങ്ങനെയാണ് ബാധിച്ചിട്ടുള്ളതെന്ന് തെളിയിക്കുന്നതാണ് ഈ ഗവേഷണമെന്ന് ബിഹേവിയര്‍ വൈസ് കണ്‍സള്‍ട്ടന്‍സി ഫൗണ്ടറും ശാസ്ത്രജ്ഞയുമായ ക്ലെയര്‍ കോഗന്‍ പറഞ്ഞു. ആളുകളുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്നത് വലിയ ആശങ്കയാണ് ഉളവാക്കുന്നതെന്ന് ക്ലെയര്‍ കോഗന്‍ പറഞ്ഞു.
കോവിഡ് പിന്‍വാങ്ങിയതോടെ ആളുകളുടെ ആത്മവിശ്വാസം ഉയര്‍ന്നു തുടങ്ങിയിരുന്നു. എന്നാല്‍ ഉക്രൈന്‍ യുദ്ധവും അനുബന്ധ വിലക്കയറ്റവും പ്രതിസന്ധിയും അതിന് ഇടിവുണ്ടാക്കിയെന്ന് പെര്‍മനന്റ് ടിഎസ്ബിയുടെ കോര്‍പ്പറേറ്റ് കാര്യ മേധാവി ലിയോന്റിയ ഫാനിന്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.