ഡബ്ലിന്: അയര്‍ലണ്ടിലെ വാടക നിരക്ക് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മാത്രം 9% വര്‍ദ്ധിച്ചതായി റെസിഡന്‍ഷ്യല്‍ ടെനന്‍സി ബോര്‍ഡ്, ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാടകയ്ക്ക് മാര്‍ക്കറ്റില്‍ ലഭ്യമായ വീടുകളുടെ എണ്ണത്തിലും വന്‍ കുറവാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലഭ്യമായിരുന്നതിന്റെ ഏകദേശം പകുതി വീടുകളെ (48%) ഇപ്പോള്‍ വാടകയ്ക്കായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളു.
എങ്കിലും മൊത്തത്തില്‍, 9,346 സ്വകാര്യ ടെനന്‍സികള്‍ ജനുവരി മുതല്‍ ആര്‍ടിബിയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്,
വാടക വീടുകള്‍ വിപണിയില്‍ വരാത്തതും, നിലവിലുള്ള വാടകക്കാര്‍ അവരുടെ നിലവിലുള്ള വാടകകളില്‍ കൂടുതല്‍ കാലം തുടരാന്‍ തീരുമാനിക്കുന്നതുമായ കാരണങ്ങളാലാണ് രജിസ്‌ട്രേഷന്‍ കുറയുന്നതെന്ന് RTB ഡയറക്ടര്‍ നിയാല്‍ ബൈര്‍ണ്‍ പറഞ്ഞു.
ഗ്രേറ്റര്‍ ഡബ്ലിന്‍ ഏരിയയ്ക്ക് പുറത്തുള്ള കൗണ്ടികളില്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 12.1% വരെ വര്‍ദ്ധിച്ചുവെങ്കിലും തലസ്ഥാന നഗരത്തിലെ വാടക നിരക്കിനെക്കാള്‍ ശരാശരിക്കണക്കില്‍ വളരെ കുറവാണ് ദേശീയാടിസ്ഥാനത്തില്‍ രേഖപ്പെടുത്തുന്നത്. കൗണ്ടി ലിട്രിമിലെ ശരാശരി വാടക പ്രതിമാസം 740 എന്ന നിരക്കില്‍ തന്നെയാണ് ഇപ്പോഴുമുള്ളത്.
എന്നാല്‍ 2 ബെഡ് റൂം വീടിന് /അപ്പാര്‍ട്ട്മെന്റിന് ഡബ്ലിനിലെ ശരാശരി വാടക ഇപ്പോള്‍ 1,972 യൂറോയാണ്. അതേസമയം ദേശിയാടിസ്ഥാനത്തില്‍ ഡബ്ലിന് പുറത്തുള്ള പ്രദേശങ്ങളിലെ ശരാശരി വാടക 1,104 യൂറോ മാത്രമാണ്.
ഡബ്ലിന്‍ ഉള്‍പ്പെടെ കണക്കാക്കുമ്പോള്‍ 1,415 യൂറോയാണ് അയര്‍ലണ്ടിലെ ശരാശരി പ്രതിമാസ വാടകനിരക്ക്. ലോക നിലവാരത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വാടകനിരക്കുള്ള രാജ്യങ്ങളുടെ ലിസ്റ്റിലേക്ക് ഇതോടെ അയര്‍ലണ്ടും പ്രവേശിച്ചേക്കും.
പ്രധാന നഗരങ്ങളായ കോര്‍ക്ക് (പ്രതിമാസം 1,392), ഗോള്‍വേ (പ്രതിമാസം 1,293) എന്നിവിടങ്ങളിലെ വീട്ടുവാടകയേക്കാള്‍ ഡണ്‍ലേരി കൗണ്ടി കൗണ്‍സില്‍ (ബ്ളാക്ക് റോക്ക്, സ്റ്റിലോര്‍ഗന്‍- പ്രതിമാസം 2,173) മേഖലയിലെയും ഫിംഗല്‍ കൗണ്ടി കൗണ്‍സില്‍ (സ്വോര്‍ഡ്‌സ് ,ബ്ലാഞ്ചാര്‍ഡ്‌സ് ടൌണ്‍- പ്രതിമാസം 1,836) മേഖലയിലെയും വീടുകള്‍ക്ക് കൂടിയ വാടക നല്‍കേണ്ടതുണ്ട്.
വീടുകളുടെ ലഭ്യത കുറവ് തന്നെയാണ് നഗര മേഖലയില്‍ വാടക കൂടാനുള്ള പ്രധാന കാരണം.
പുതിയ കുടിയേറ്റക്കാരും വിദ്യാര്‍ത്ഥികളും പ്രതിസന്ധിയില്‍ തന്നെ
അയര്‍ലണ്ടിലേക്ക് വന്‍തോതിലാണ് ഇപ്പോള്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിച്ചു കൊണ്ടിരിക്കുന്നത്. മെഡിക്കല്‍, ഐ ടി,ഹോസ്പിറ്റാലിറ്റി മേഖലകളില്‍ നൂറുകണക്കിന് ഇന്ത്യക്കാരാണ് മാസം തോറും പുതിയതായി എത്തുന്നത്. അവര്‍ക്കെല്ലാം താമസ സൗകര്യം നല്‍കാന്‍ തൊഴിലുടമകള്‍ക്ക് സാധ്യമല്ലാത്ത അവസ്ഥയാണ് സംജാതമായി കൊണ്ടിരിക്കുന്നത്.
ആദ്യ മാസങ്ങളില്‍ തൊഴിലുടമകള്‍ സഹായിച്ചാലും, പിന്നീടുള്ള മാസങ്ങളിലേയ്ക്ക് താമസ സൗകര്യം സ്വയം കണ്ടു പിടിയ്ക്കേണ്ടി വരുന്നതോടെ പുതിയ കുടിയേറ്റക്കാര്‍ പ്രതിസന്ധിയിലായേക്കും.
കോവിഡ് പാന്‍ഡെമിക്കിന് ശേഷം മൂവ്വായിരത്തോളം വിദ്യാര്‍ത്ഥികളാണ് സെപ്റ്റംബര്‍ മാസത്തോടെ പുതുതായി അയര്‍ലണ്ടില്‍ എത്തുക. ഇതിനകം തന്നെ സെപ്റ്റംബര്‍ ബാച്ചിലെ കുട്ടികള്‍ എത്താന്‍ തുടങ്ങിയിട്ടുണ്ട്. സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് പാര്‍ട്ട് ടൈം ജോലി കണ്ടെത്താന്‍ ഇപ്പോള്‍ താരതമ്യേനെ എളുപ്പമാണെങ്കിലും നഗരമേഖലയില്‍ താമസ സൗകര്യം ലഭിക്കാത്തത് അവര്‍ക്കും പ്രശ്‌നം സൃഷ്ടിച്ചേക്കാം.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.