head3
head1

ചരിത്ര ഭീകരനാകുമോ അയോവന്‍ കൊടുങ്കാറ്റ് ?

ഡബ്ലിന്‍ :ചരിത്രത്തിലെ ഏറ്റവും ഭീകരനെന്ന് കരുതുന്ന അയോവന്‍ കൊടുങ്കാറ്റിനെ നേരിടാനൊരുങ്ങുകയാണ് അയര്‍ലണ്ട്. രാജ്യം കണ്ടിട്ടുള്ളതില്‍ അതിശക്തമായ കൊടുങ്കാറ്റുകളില്‍ ഒന്നായിരിക്കാം ഇതെന്ന് നാഷണല്‍ എമര്‍ജന്‍സി കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കീത്ത് ലിയോനാര്‍ഡ് മുന്നറിയിപ്പ് നല്‍കി.

ജീവന് പോലും അപകടം വരുത്തിടയുള്ള വിധത്തില്‍ അതിഭീകരമായി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പാണ് മെറ്റ് ഏറാന്‍ നല്‍കിയിട്ടുള്ളത്.ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ് വന്നത്.

2017ല്‍ ഒഫീലിയ കൊടുങ്കാറ്റ് 3,85,000 ഉപക്ഷോക്താക്കള്‍ക്ക് വൈദ്യുതി വിതരണം മുടക്കിയിരുന്നു. അയോവന്‍ ഇതിലും കൂടുതല്‍ നാശമുണ്ടാക്കിയേക്കാമെന്നാണ് കരുതുന്നത്.തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും മറ്റും തിരമാലകള്‍ കരയിലേക്ക് ഇരച്ചു കയറാനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.ഐറിഷ് കോസ്റ്റ് ഗാര്‍ഡിന്റെ സ്റ്റേ ബാക്ക്, സ്റ്റേ ഹൈ,സ്റ്റേ ഡ്രൈ എന്ന അഭ്യര്‍ത്ഥന പൂര്‍ണ്ണമായും പാലിക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടകരമായ യാത്രകള്‍, സുരക്ഷിതമല്ലാത്ത ജോലി സാഹചര്യങ്ങള്‍,ആശയവിനിമയ തടസ്സങ്ങള്‍ എന്നിവയാണ് കൊടുങ്കാറ്റില്‍ പ്രതീക്ഷിക്കേണ്ടതെന്ന് മെറ്റ് ഏറാന്‍ വ്യക്തമാക്കി. അയോവന്‍ കൊടുങ്കാറ്റ് അതിശക്തമാകാന്‍ സാധ്യതയുള്ളതിനാലാണ് സ്റ്റാറ്റസ് റെഡ് അലേര്‍ട്ട് നല്‍കിയതെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.

ജാഗ്രത എവിടെയും …

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വെള്ളിയാഴ്ച വൈകുന്നേരം 6 മണി വരെ രാജ്യത്ത് എവിടെയാണെങ്കിലും കൊടുങ്കാറ്റിനെതിരെ കരുതിയിരിക്കണമെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.വെള്ളിയാഴ്ച വീട്ടില്‍ത്തന്നെ കഴിയാന്‍ ശ്രമിക്കണം.യാത്രകള്‍ മാറ്റിവെക്കണം. എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് വീട്ടില്‍ത്തന്നെ തുടരുന്നതാണ് നല്ലത്.കൊടുങ്കാറ്റ് മാറുന്നതുവരെ അനാവശ്യ യാത്രകള്‍ നടത്തരുതെന്നും മെറ്റ് ഏറാന്‍ വിശദീകരിച്ചു.

വെള്ളിയാഴ്ച നിര്‍ണ്ണായകം

വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കൊടുങ്കാറ്റിന് സാധുതയുള്ളത്.മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനിടയുണ്ടെന്നും മെറ്റ് ഏറാന്‍ മുന്നറിയിപ്പ് നല്‍കി.ചിലപ്പോള്‍ ഇതിലും വേഗത കൈവരിച്ചേക്കാം.ഇന്ന് രാത്രി 9 മണി മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണി വരെ കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ യെല്ലോ മഴയെ മുന്‍നിര്‍ത്തി യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.

കാര്‍ലോ, കില്‍കെന്നി, വെക്സ്ഫോര്‍ഡ്, കോര്‍ക്ക്, കെറി, ലിമെറിക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലാണ് റെഡ് അലേര്‍ട്ട് നല്‍കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ രാവിലെ 10 മണി വരെ ഇത് പ്രാബല്യത്തിലുണ്ടാകും.

ക്ലെയര്‍, ഗോള്‍വേ ലൈട്രിം, മയോ, സ്ലൈഗോ കൗണ്ടികളിലും പുലര്‍ച്ചെ മൂന്നുമണി മുതല്‍ വെള്ളിയാഴ്ച 10 മണി വരെയും റെഡ് അലേര്‍ട്ടുണ്ടാകും. കാവന്‍, മോണഗന്‍, ഡബ്ലിന്‍, കില്‍ഡെയര്‍, പോര്‍ട്ട് ലീഷ് , ലോങ്‌ഫോര്‍ഡ്, ലൂത്ത്, മീത്ത്, ഓഫലി, വെസ്റ്റ്മീത്ത്, വിക്ലോ, റോസ്‌കോമണ്‍, ടിപ്പററി എന്നിവിടങ്ങളിലും രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ റെഡ് വെതര്‍ മുന്നറിയിപ്പുണ്ട്.രാവിലെ ആറു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ ഡോണഗലിലും റെഡ് വെതര്‍ മുന്നറിയിപ്പ് ബാധകമാണ്..

അതിദുഷ്‌കരമായ സാഹചര്യമുണ്ടാകും

രാജ്യത്ത് അതിദുഷ്‌കരമായ സാഹചര്യമുണ്ടാക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് അറിയിച്ചു. ഗുരുതരമായ ഗതാഗത-വൈദ്യുതി തടസ്സങ്ങളും പ്രതീക്ഷിക്കാം.മരങ്ങളും മറ്റും കൂട്ടത്തോടെ നിലംപൊത്താനിടയുണ്ട്. കൊടുങ്കാറ്റിന് ശേഷവും റോഡില്‍ വളരെ ജാഗ്രത പാലിക്കണമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ പറഞ്ഞു.സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കഴിയുന്നതും പുറത്തിറങ്ങാതെ കഴിയുന്നതാകും നല്ലതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീട്ടില്‍ത്തന്നെ കഴിയുക,കടും ചുവപ്പില്‍ അയര്‍ലണ്ട്

വര്‍ക്ക് ഫ്രം ഹോം പ്രയോജനപ്പെടുത്തണമെന്നും ഇദ്ദേഹം ഉപദേശിക്കുന്നു.മുന്നറിയിപ്പ് നിലവില്‍ വരുന്നതിന് മുമ്പ് തന്നെ ജോലിക്ക് എത്തുന്നവര്‍ റെഡ് അലേര്‍ട്ട് സമയം കഴിയുന്നതു വരെ അവിടെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

കൊടുങ്കാറ്റിന് ശേഷമുള്ള ശുചീകരണത്തിനും തടസ്സങ്ങള്‍ നീക്കുന്നതിനും ഏറെ സമയം വേണ്ടി വരുമെന്ന് ഇദ്ദേഹം പറഞ്ഞു.ലോക്കല്‍ അതോറിറ്റികള്‍, ഇ.എസ്.ബി, സിവില്‍ ഡിഫന്‍സ് എന്നിവ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അയോവന്‍ കൊടുങ്കാറ്റ് വളരെ അപകടകരവും വിനാശകാരിയുമായിരിക്കുമെന്ന് ജീവനും സ്വത്തിനും നാശമുണ്ടാക്കിയേക്കാമെന്നും ഇദ്ദേഹം പറഞ്ഞു.മുന്നറിയിപ്പ് വേളയില്‍ തീരപ്രദേശങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.ഉയര്‍ന്ന പ്രദേശങ്ങളില്‍ തുടരുന്നതാകും നല്ലത്.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ജാഗ്രതാ നിര്‍ദ്ദേശം

അയോവന്‍ കൊടുങ്കാറ്റ് പരിഗണിച്ച് യു കെ മെറ്റ് ഓഫീസ് നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ആംബര്‍ വിന്റ് അലേര്‍ട്ട് പുറപ്പെടുവിച്ചു.വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ ശനിയാഴ്ച അര്‍ദ്ധരാത്രി വരെ നീളുന്ന ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്.നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ശനിയാഴ്ച അര്‍ദ്ധരാത്രി വരെ യെല്ലോ വിന്റ് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും വൈദ്യുതി ലൈനുകള്‍ താഴേയ്ക്ക് വീഴാനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് പറഞ്ഞു.

സീസണിലെ അഞ്ചാമത്തെ കൊടുങ്കാറ്റ്

2024/25 സീസണിലെ അഞ്ചാമത്തെ കൊടുങ്കാറ്റാണ് അയോവന്‍.2015 മുതല്‍, മെറ്റ് ഏറാനും യു കെ മെറ്റ് ഓഫീസും ഒരുമിച്ചാണ് കൊടുങ്കാറ്റിന് പേരിടുന്നത്. 2019ല്‍ നെതര്‍ലന്‍ഡ്‌സിന്റെ കെ എന്‍ എം ഐയും ഇവരോടൊപ്പമുണ്ട്.ജനുവരിയില്‍ സാധാരണയായി പേരുള്ള കൊടുങ്കാറ്റുകള്‍ ഉണ്ടാകാറില്ല.എന്നിരുന്നാലും കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങള്‍ക്കിടെ ജനുവരി മാസങ്ങളില്‍ ആറ് കൊടുങ്കാറ്റുകള്‍ക്ക് പേരിട്ടു.കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഹെങ്ക്, ഇഷ, ജോസെലിന്‍ എന്നിങ്ങനെ മൂന്ന് കൊടുങ്കാറ്റുകളുമുണ്ടായി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.