head3
head1

ലാഭം ഉണ്ടാകില്ലെന്ന് നിര്‍മ്മാതാക്കള്‍ക്ക് ഭീതി; തിയേറ്റര്‍ തുറന്നിട്ടും ഒടിടി റിലീസിനായി നീണ്ട നിര

കൊച്ചി: തിയേറ്റര്‍ റിലീസ് പ്രതീക്ഷിച്ച ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഒടിടിയിലേക്ക് നീങ്ങിയതോടെ നാല് മോഹന്‍ലാല്‍ ചിത്രങ്ങള്‍ കൂടി ഇതേ പാതയില്‍.

കോവിഡ് കാലത്ത് തിയറ്ററുകളില്‍നിന്ന് വലിയ ലാഭം ലഭിക്കില്ലെന്ന കണക്കുകൂട്ടലാണ് നിര്‍മാതാക്കളെ ഒടിടിയിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നത്. 700 സ്‌ക്രീനുകളില്‍ ചിത്രം എത്തിയാലും പകുതി സീറ്റുകള്‍ മാത്രം അനുവദിച്ചിട്ടുള്ളതിനാല്‍ സാമ്പത്തികമെച്ചം ഉണ്ടാകില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

ദിലീപ്, ദുല്‍ഖര്‍, നിവിന്‍ പോളി, ടോവീനോ ചിത്രങ്ങളും ഒടിടിയില്‍ ഉടന്‍ റിലീസ് ചെയ്യും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’, ജിത്തു ജോസഫിന്റെ ‘ട്വല്‍ത്ത് മാന്‍’, ഷാജി കൈലാസിന്റെ ‘എലോണ്‍’, പുലിമുരുകനുശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം എന്നിവയാണ് മോഹന്‍ലാല്‍ നായകനായി ഒടിടി റിലീസിനൊരുങ്ങുന്നത്.

മരക്കാര്‍ ആമസോണ്‍ പ്രൈമിലും മറ്റ് നാലെണ്ണം ഡിസ്‌നി ഹോട്ട്സ്റ്റാറിലുമാണ് എത്തുക എന്നാണ് അറിയാന്‍ കഴിയുന്നത്. അന്തിമചര്‍ച്ച നടക്കുന്നു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ‘കേശു ഈ വീടിന്റെ നാഥന്‍’ ഒടിടിയിലേക്ക് നീങ്ങുന്നതായി സൂചനയുണ്ട്. ഈ ചിത്രവും ഹോട്ട് സ്റ്റാര്‍ സ്വന്തമാക്കുമെന്നാണ് വാര്‍ത്ത. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ‘സല്യൂട്ട്’ ഒടിടി ലക്ഷ്യമിടുന്നതായി സൂചനയുണ്ട്.

നിവിന്‍ പോളി നായകനാകുന്ന ‘കനകം കാമിനി കലഹം’ 12ന് ഡിസ്‌നി ഹോട്ട് സ്റ്റാറില്‍ പുറത്തിറങ്ങും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടോവീനോ തോമസ് ചിത്രം ‘മിന്നല്‍ മുരളി’ ഡിസംബര്‍ 24ന് നെറ്റ്ഫ്ലിക്‌സില്‍ റിലീസാകും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.