head1
head3

പണപ്പെരുപ്പവും ഉയര്‍ന്ന പലിശ നിരക്കും വിലക്കയറ്റവും…. പ്രതിസന്ധി വിട്ടുമാറാതെ അയര്‍ലണ്ടിലെ ജനം

ഡബ്ലിന്‍ : പതിറ്റാണ്ടുകളായി അനുഭവിച്ചിട്ടില്ലാത്തത്ര ഉയര്‍ന്ന പണപ്പെരുപ്പവും ഉയര്‍ന്ന പലിശ നിരക്കും വിലക്കയറ്റവുമെല്ലാം അയര്‍ലണ്ടിലെ സാധാ ജനത്തെ വീണ്ടും പ്രതിസന്ധിയിലാഴ്ത്തുന്നു.

സമസ്ത മേഖലയിലും ആശങ്ക ഉയരുന്നതിനിടെ രാജ്യത്തെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളില്‍ ചിലത് ജനങ്ങളെ കബളിപ്പിച്ച് മുന്നേറുകയാണ്.എഴുനൂറോളം നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ചെന്നും,ജനങ്ങളോടൊപ്പമാണ് തങ്ങള്‍ എന്നും വീമ്പടിച്ച ടെസ്‌കോ പോലെയുള്ള സ്ഥാപനങ്ങള്‍ വീണ്ടും വില കൂട്ടി ജനങ്ങള്‍ക്ക് ഇരുട്ടടി നല്കുകയാണ്. രാജ്യത്ത് പാല്‍ വില കുറയുമ്പോഴും,യോഗട്ട് അടക്കമുള്ള പാല്‍ പ്രോഡക്റ്റുകള്‍ക്ക് പോലും അമ്പത് ശതമാനത്തിലേറെ വിലയാണ് ടെസ്‌കോ വര്‍ദ്ധിപ്പിച്ചത്.79 സെന്റിന് വാങ്ങാമായിരുന്ന യോഗട്ടുകള്‍ക്ക് ഇപ്പോള്‍ ടെസ്‌കോയിലെ വില 1.09 യൂറോയാണ്.എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും വിലക്കുറവിന്റെ പരസ്യം നല്‍കിയ ശേഷം വില കൂട്ടുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

രാജ്യത്തെ നല്ലൊരു ശതമാനം ആളുകളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാടിലാണെന്ന് കോംപിറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

അയര്‍ലണ്ടിലെ സാമ്പത്തിക ക്ഷേമത്തെക്കുറിച്ചുള്ള സര്‍വ്വേ പരമ്പരയിലെ ആദ്യത്തെ പഠനറിപ്പോര്‍ട്ടിലാണ് ജനജീവിതത്തിന്റെ നേര്‍ക്കാഴ്ച പ്രതിഫലിക്കുന്നത്.1,500ലേറെ ആളുകളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഈ വിലയിരുത്തല്‍.ഇന്‍ഡെകോണ്‍ കണ്‍സള്‍ട്ടന്റ്‌സും ഇപ്‌സോസ് എംആര്‍ബിഐയും ചേര്‍ന്ന് സി സി പി സിക്ക് വേണ്ടി നടത്തിയതാണ് ഈ പഠനം.

നിലവിലെ വരുമാനം മുടങ്ങിയാല്‍ കഷ്ടിച്ച് ഒരു മാസം തള്ളിവിടാനുള്ള നീക്കിയിരുപ്പ് പോലുമില്ലാത്തവരാണ് രാജ്യത്തെ എട്ടിലൊരാളുമെന്ന് സര്‍വ്വേ വെളിപ്പെടുത്തുന്നു.ഏഴില്‍ ഒരാള്‍ കടത്തില്‍ മുങ്ങിയിരിക്കുന്നവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.പ്രായമായവരും വിദ്യാഭ്യാസമില്ലാത്തവരുടെയുമൊക്കെ ജീവിതം ശോചനീയമാണെന്നും സര്‍വ്വേ വെളിപ്പെടുത്തുന്നു.

ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കളും ഷയേര്‍ഡ് അക്കൊമൊഡേഷനില്‍ കഴിയുന്നവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഉയര്‍ന്ന പണപ്പെരുപ്പവും പലിശനിരക്കുമൊക്കെ അയര്‍ലണ്ടിന്റെ സാമൂഹ്യജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് കണ്ടെത്തുന്നതിനാണ് പഠനം നടത്തിയത്.സാമ്പത്തിക നിലയിലെ പ്രായം സംബന്ധിച്ച അന്തരം വളരെ വലുതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

റിട്ടയേഡ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന് സര്‍ക്കാര്‍ പെന്‍ഷന് പുറമേ സ്വകാര്യ-ഒക്യുപ്പേഷണല്‍ പെന്‍ഷന്‍ കൂടി പ്ലാന്‍ ചെയ്യുന്നവരാണ് സര്‍വ്വേയില്‍ പങ്കെടുത്ത 77% പേരും.എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ‘തൃപ്തരാണെന്ന്’ 58% പേര്‍ വെളിപ്പെടുത്തുന്നു.ഈ സ്ഥിതിയിലും പണം സമ്പാദ്യത്തിനായി മാറ്റിവെക്കാനാവുന്നതായി 86% പേര്‍ പറയുന്നു.

സര്‍വ്വേയിലെ മറ്റ് കണ്ടെത്തലുകള്‍

ക്രിപ്‌റ്റോകറന്‍സിയിലും ഓഹരിവിപണിയിലും പരീക്ഷണം നടത്താന്‍ പുരുഷന്മാര്‍ തയ്യാറാണെന്ന് പഠനം വ്യക്തമാക്കുന്നു. സാമ്പത്തിക ഉല്‍പ്പന്നം വാങ്ങുന്നതിന് ഷോപ്പിംഗ് നടത്തിയിട്ടില്ലെന്നും നാലിലൊരാളും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും മൂന്ന് പേരിലൊരാളും പറയുന്നു.

കമ്മീഷന്റെ സാമ്പത്തിക ക്ഷേമ പരമ്പരയിലെ ആദ്യ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വളരെ പോസിറ്റീവാണെന്ന് കോംപിറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ അംഗം കെവിന്‍ ഒബ്രിയന്‍, പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക   https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</a

Comments are closed.