ഡബ്ലിന്‍ : അയര്‍ലണ്ടില്‍ നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വില കുതിക്കുന്നു. ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന വിലക്കയറ്റം ഡെയിലിലും ശക്തമായ പ്രതിപക്ഷ വിമര്‍ശനത്തിനിടയാക്കി.
ദൈനംദിന ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ നീളുന്ന പട്ടിക സി എസ് ഒ ഡാറ്റകളിലൂടെ പുറത്തുവരുമ്പോള്‍ മാത്രമാണ് രാഷ്ട്രീയക്കാരുടെ പോലും ശ്രദ്ധയില്‍പെടുന്നത്. അമ്പരപ്പിക്കുന്ന വിലക്കയറ്റമാണ് രാജ്യമെങ്ങും ഇപ്പോഴുള്ളത്.
എങ്ങനെ ചിക്കന്‍ വാങ്ങും, ബട്ടറും പഞ്ചസാരയുമോ ?
മൂന്ന് വര്‍ഷത്തിനുള്ളില്‍ കോഴിയിറച്ചിക്ക് വില 6 യൂറോയാണ് വര്‍ദ്ധിച്ചത്.2022ല്‍ ഒരു കിലോ ചിക്കന് 4.99 യൂറോയായിരുന്നു വില.ഇപ്പോള്‍ 11 യൂറോ വരെയാണ് ഒരു കിലോ ചിക്കന്റെ വില .
കഴിഞ്ഞ വര്‍ഷം ബട്ടറിന് ഒരു യൂറോയും ഒരു കിലോ ഐറിഷ് ചെഡ്ഡാറിന് 57 സെന്റും രണ്ട് ലിറ്റര്‍ പാലിന് 27 സെന്റും വില കൂടി.2021നെ അപേക്ഷിച്ച് കുടുംബങ്ങള്‍ക്ക് 3000 യൂറോയെങ്കിലും കൂടുതലായി സൂപ്പര്‍മാര്‍ക്കറ്റില്‍ നല്‍കേണ്ടതായി വരുന്നുണ്ടെന്ന് സി എസ് ഒ ഡാറ്റകള്‍ ചൂണ്ടിക്കാട്ടി.
അഞ്ച് വര്‍ഷത്തിനുള്ളില്‍ പഞ്ചസാരയുടെ വില 54 ശതമാനം വര്‍ദ്ധിച്ചു.ഒരു ഫിലറ്റ് കോഡിന്റെ വില 55 ശതമാനവും പന്നിയിറച്ചി സോസേജുകള്‍ക്ക് 21 ശതമാനവും ആട്ടിറച്ചിക്ക് 48 ശതമാനവും സ്പാഗെട്ടി 46 ശതമാനവും വില കൂടിയെന്നും കണക്കുകള്‍ പറയുന്നു.
ആളോഹരി വേണ്ടത് 42 കിലോ കോഴിയിറച്ചി, ഉത്പാദനം ഇഷ്ടം പോലെ, ഇറക്കുമതിയ്ക്ക് കുറവുമില്ല
അയര്‍ലണ്ട് 305 മില്യണ്‍ യൂറോ വിലവരുന്ന 12.7 മില്യണ്‍ കിലോ ചിക്കനാണ് 2023 ല്‍ ഇറക്കുമതി ചെയ്തത്. പ്രധാനമായും നെതര്‍ലാന്‍ഡിന്‍സില്‍ നിന്നും,യൂ കെയില്‍ നിന്നുമാണ് അയര്‍ലണ്ടില്‍ ചിക്കനെത്തുന്നത്.അടുത്തിടെയായി ബ്രസീലില്‍ നിന്നും പോലും ഇറക്കുമതി ആരംഭിച്ചു.രാജ്യത്തിന് ആകെ ആവശ്യമായ ചിക്കന്റെ 80 ശതമാനവും അയര്‍ലണ്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ശരാശരി 42 കിലോ കോഴിയിറച്ചിയാണ് അയര്‍ലണ്ടിലെ ഓരോ താമസക്കാരനും ആളോഹരി വര്‍ഷത്തില്‍ കഴിക്കുന്നത് എന്നതിനാല്‍ തന്നെ ഉത്പ്പാദനമേഖലയിലേയ്ക്ക് കൂടുതല്‍ പേരിറങ്ങിയില്ലെങ്കില്‍ ഇനിയും വില കൂടുകയോ , ഇറക്കുമതി കൂട്ടുകയോ ചെയ്യേണ്ടിവരും.
സൂപ്പര്‍മാര്‍ക്കറ്റുകളുടെ ലാഭക്കൊതി
സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഭക്ഷ്യവിലകളില്‍ സുതാര്യതയില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്..സൂപ്പര്‍മാര്‍ക്കറ്റെടുക്കുന്ന ലാഭത്തെക്കുറിച്ച് ആര്‍ക്കുമറിയാത്ത സ്ഥിതിയാണ്.കുടുംബങ്ങള്‍ക്ക് ഭക്ഷണം വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു വര്‍ഷം 10 ബില്യണ്‍ യൂറോയാണ് ചെലവിടുന്നത്.
നല്ല ബോധ്യമുണ്ടെന്ന് പ്രധാനമന്ത്രി
വിലക്കയറ്റത്തെയും ജീവിതച്ചെലവിനെയും കുറിച്ച് സര്‍ക്കാരിന് വളരെ ബോധ്യമുണ്ടെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറയുന്നു.പണപ്പെരുപ്പവും വിലക്കയറ്റവും ജീവിതച്ചെലവും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരമാവധി പ്രയത്‌നിച്ചിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ വാദം. പാന്‍ഡെമിക് കാലഘട്ടംമുതല്‍ വിവിധ ബജറ്റുകളില്‍ ജനങ്ങളുടെ ജീവിതഭാരം കുറയ്ക്കുന്ന പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ജൂണ്‍ മുതല്‍ എച്ച് ആര്‍ ടി സൗജന്യമായി ലഭ്യമാക്കിയതായും സെപ്തംബര്‍ മുതല്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ സ്‌കൂള്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുമെന്നും എല്ലാ സ്‌കൂളുകളിലും ഹോട്ട് സ്‌കൂള്‍ മീല്‍സ് ലഭ്യമാക്കുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
എല്ലാ ചിലവും കൂടി,പിന്നെങ്ങനെ വില ഉയരാതിരിക്കും?
അസംസ്‌കൃത വസ്തുക്കളുടെയും ഊര്‍ജ്ജ വിലയിലെയും വര്‍ധനവും വിലക്കയറ്റത്തിനു പിന്നിലെ കാരണങ്ങളാണെന്ന് ഗവേഷകര്‍ പറയുന്നു.
ഉയര്‍ന്ന ഗതാഗതച്ചെലവ് മൂലം ചരക്ക് കയറ്റുമതി നിരക്കുകള്‍ അയര്‍ലണ്ടില്‍ ഗണ്യമായി വര്‍ദ്ധിച്ചു. ഇന്‍ഷ്വറന്‍സ് ചെലവും കൂടി.ഇതൊക്കെ വില കയറുന്നതിന് കാരണങ്ങളാണ്. പാന്‍ഡെമിക്ക് കാലത്തിനു ശേഷമുണ്ടായ വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളാണ് ചെലവുവര്‍ദ്ധനയ്ക്ക് കാരണമാകുന്നതെന്ന് ലവ് ഐറിഷ് ഫുഡ് സര്‍വേയില്‍ പങ്കെടുത്ത കമ്പനികളില്‍ ഭൂരിപക്ഷവും പറയുന്നു.അത് പരിഹരിക്കാനുള്ള മാര്‍ഗങ്ങളൊന്നും ഇതേ വരെ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ 12 മാസത്തിനിടയില്‍ ഊര്‍ജത്തിന്റെ വിലയില്‍ 20%മോ അതില്‍ കൂടുതല്‍ വര്‍ധന നേരിട്ടതായി സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ട്. .അതേസമയം, പാക്കേജിംഗ് ചെലവ് അഞ്ചിലൊന്നോ അതിലധികമോ വര്‍ദ്ധിച്ചു.ഗതാഗത, ഷിപ്പിംഗ് ചെലവുകള്‍ കഴിഞ്ഞ വര്‍ഷം 20% അല്ലെങ്കില്‍ അതില്‍ കൂടുതലായി ഉയര്‍ന്നുവെന്ന് 39% പേര്‍ പറഞ്ഞു,
എങ്കിലും ആവശ്യത്തിന് ഭക്ഷണ വസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്താനുള്ള സംവിധാനങ്ങളുടെ അഭാവവും, അവശ്യവസ്തുക്കളുടെ ഉത്പാദനമേഖലയില്‍ കുറയുന്ന മാനുഷിക ശേഷിയും,താത്പര്യങ്ങളുമാണ് അയര്‍ലണ്ടിലെ വിലക്കയറ്റത്തിന് കാരണമായി പറയപ്പെടുന്നത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.