head1
head3

അയര്‍ലണ്ടില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കേളികൊട്ടുയര്‍ന്നു,കൂടുതല്‍ മത്സരാര്‍ത്ഥികള്‍ രംഗത്ത്

ഡബ്ലിന്‍ :പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് കേളികൊട്ടുയര്‍ന്നതോടെ വിവിധ മത്സരാര്‍ത്ഥികളും രംഗത്തുവന്നു തുടങ്ങി.നവംബര്‍ 11 ചൊവ്വാഴ്ച വരെയാണ് നാമനിര്‍ദ്ദേശത്തിന് സമയമുള്ളത്.

ഫിനഫാളിന്റെ മുന്‍ മന്ത്രിയും തീപ്പൊരിയുമായ മേരി ഹന്നാഫിന് പിന്നാലെ മുന്‍ പ്രധാനമന്ത്രി ബെര്‍ട്ടി അഹേര്‍ണ്‍, മുന്‍ മന്ത്രി എമോണ്‍ ഒ കുയിവ്, എം ഇ പി സിന്തിയ നി മുര്‍ച്ചു എന്നിവരും ഫിനഫാളില്‍ നിന്നും സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹം പ്രഖ്യാപിച്ചു.എംഇപി സീന്‍ കെല്ലിയും മുന്‍ എംഇപി മൈറീഡ് മക്ഗിന്നസും ഫിനഗേല്‍ നാമനിര്‍ദ്ദേശത്തിനായി രംഗത്തുണ്ട്.

സിന്‍ ഫെയിന്‍ ഇതുവരെ ഒരു സ്ഥാനാര്‍ത്ഥിയെ വ്യക്തമാക്കിയിട്ടില്ല.എന്നിരുന്നാലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ മിഷേല്‍ ഒ’നീല്‍ ഈ സാധ്യത തള്ളിക്കളഞ്ഞില്ല.മത്സരിക്കാന്‍ കഴിയുമെന്നും എന്നാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്നുമുള്ള പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്ന് നീല്‍ വ്യക്തമാക്കി. ഈ പ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടതെന്നും ഇവര്‍ വ്യക്തമാക്കി.മുന്‍ എസ്ഡിഎല്‍പി നേതാവ് കോളം ഈസ്റ്റ് വുഡും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം തേടുന്നതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം,പ്രസിഡന്‍ഷ്യല്‍ പ്രമേയം നിലനിര്‍ത്തിക്കൊണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനുള്ള പ്രമേയം ഇന്ന് ഡെയ്‌ലില്‍ സിന്‍ഫെയിന്‍ അവതരിപ്പിക്കും.

ഫിനഫാളും മേരിയും പ്രസിഡന്റ് ഇലക്ഷനും

1997 മുതല്‍ ഫിനഫാള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിച്ചിട്ടില്ല.പൊതുതെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തെ തുടര്‍ന്നാണ് 2011ലെ പ്രസിഡന്റ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.അതേസമയം 2018ല്‍ പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സിനെതിരെ നില്‍ക്കേണ്ടതില്ലെന്നും പാര്‍ട്ടി തീരുമാനിച്ചു.

എന്നാല്‍ 2025ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് നല്ല ഓപ്ഷനല്ലെന്ന് ഫിനഫാള്‍ നേതാവ് മേരി ഹാനഫിന്‍ കരുതുന്നു.രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കുന്നില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനത്തിന് അപമാനമാകുമെന്ന് കരുതുന്നു.വളരെ പ്രധാനപ്പെട്ട ഭരണഘടനാപരമായ ബാധ്യത കൂടിയാണിതെന്നും ഇവര്‍ വിശദീകരിക്കുന്നു.

മേരിയ്ക്ക് മാര്‍ട്ടിനുമായി മുമ്പ് തര്‍ക്കങ്ങളുണ്ടായിരുന്നു.2011ല്‍, പാര്‍ട്ടി നേതൃത്വ മത്സരത്തില്‍ മാര്‍ട്ടിനോട് മത്സരിച്ച് പരാജയപ്പെടുകയുമുണ്ടായി.2014ല്‍ ബ്ലാക്ക്‌റോക്കിലെ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കരുതെന്ന മാര്‍ട്ടിന്റെ അഭ്യര്‍ത്ഥനയും ഇവര്‍ അവഗണിച്ചു.എന്നിരുന്നാലും, ഇപ്പോള്‍ മാര്‍ട്ടിനുമായി നല്ല ബന്ധത്തിലാണെന്ന് മേരി പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് മാര്‍ട്ടിന്‍ ഇനിയും മനസ്സു തുറന്നിട്ടില്ല.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.