സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റ് പ്രസിദ്ധീകരിച്ചു
നികുതി വരുമാനത്തിലെ വന്‍ വര്‍ധന മുന്‍നിര്‍ത്തിയുള്ള സ്പെന്‍ഡിംഗ് പാക്കേജും പ്രഖ്യാപിച്ചു
ഡബ്ലിന്‍: നികുതി വരുമാനത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുന്ന രാജ്യത്തിന്റെ സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റ് ധനകാര്യ മന്ത്രി മീഹോള്‍ മഗ്രാത്ത് പ്രസിദ്ധീകരിച്ചു.ഒക്ടോബറിലെ ബജറ്റിലെ 6.4 ബില്യണ്‍ യൂറോയുടെ സ്പെന്റിംഗ് പാക്കേജും ഇതിനൊപ്പം പ്രഖ്യാപിച്ചു.ഒക്ടോബര്‍ 10ന് അവതരിപ്പിക്കുന്ന ബജറ്റിന്റെ പാരാമീറ്ററുകളാണ് സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റ് ഉള്‍ക്കൊള്ളുന്നത്.
നികുതി വരുമാനത്തില്‍ 11 % വര്‍ധന
ജൂണ്‍ അവസാനം വരെയുള്ള നികുതി വരുമാനം 40.9 ബില്യണ്‍ യൂറോയാണ്.കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10.9% കൂടുതലാണിത്.ഉയര്‍ന്ന കോര്‍പ്പറേഷന്‍ നികുതി വരുമാനമാണ് ഈ വര്‍ധനവിന് കാരണമാകുന്നത്. കോര്‍പ്പറേഷന്‍ നികുതി വരുമാനം ജൂണ്‍ അവസാനം വരെ 10.35 ബില്യണ്‍ യൂറോയാണ്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.8 ബില്യണ്‍ യൂറോ വര്‍ധനവാണ് ഇത്.മൊത്തം കോര്‍പ്പറേറ്റ് നികുതി വരുമാനത്തിന്റെ മൂന്നിലൊന്നും മൂന്ന് സ്ഥാപനങ്ങളുടെ വകയാണ്. ഇതിന്റെ അപകടവും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
ജീവിതച്ചെലവ് നിയന്ത്രിക്കാന്‍ ഇപ്പോള്‍ നടപടികള്‍ ഒന്നും ഇല്ല
സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റുമെന്റ് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കഴിഞ്ഞഏതാനും ആഴ്ചകളായി മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ചര്‍ച്ച നടത്തിവരികയായിരുന്നു.ഇന്നലെ വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ ധാരണയായത്.എന്നിരുന്നാലും കൂടുന്ന ഉയരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവും ദുസ്സഹമാക്കുന്ന ജനജീവിതത്തെ സഹായിക്കുന്നതിനുള്ള ഇത്തരം നടപടികളൊന്നും ഇതു വരെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.എന്നിരുന്നാലും, സമ്മറിന് ശേഷം ചില നടപടികള്‍ ഉണ്ടായേക്കാമെന്ന സൂചനയും മന്ത്രി നല്‍കി.
2024 ലെ ബജറ്റ് പാക്കേജ് എന്തായിരിക്കുമെന്നാണ് സമ്മര്‍ ഇക്കണോമിക് സ്റ്റേറ്റ്‌മെന്റ് പ്രധാനമായും നിര്‍വചിക്കുന്നത്.ബജറ്റിന്റെ പാരാമീറ്ററുകള്‍ സജ്ജീകരിക്കുന്നതിനൊപ്പം സാമ്പത്തിക അച്ചടക്ക നടപടികളും ഇതിലുണ്ട്.
കോര്‍ സ്പെന്റിംഗ് വര്‍ധിപ്പിച്ചു
ഒക്ടോബറിലെ ബജറ്റില്‍ 5.25 ബില്യണ്‍ യൂറോ അധിക ചെലവും 1.15 ബില്യണ്‍ യൂറോയുടെ നികുതി പാക്കേജുമാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതെന്ന് ധനമന്ത്രി വിശദീകരിച്ചു.5% എന്ന പതിവ് നിയമത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് 6.1%ആയിരിക്കും കോര്‍ സ്പെന്റിംഗിനായി ചെലവിടുക.
അടുത്ത വര്‍ഷം പണപ്പെരുപ്പം രണ്ട് ശതമാനത്തിന് മുകളിലായിരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അത് കണക്കിലെടുത്താണ് കോര്‍ സ്പെന്റിംഗില്‍ വര്‍ധിപ്പിച്ചത്.
4 ബില്യണ്‍ യൂറോയുടെ നോണ്‍-കോര്‍ സ്പെന്റിംഗ്
താല്‍ക്കാലിക നടപടികള്‍ക്കായി അടുത്തവര്‍ഷം 4 ബില്യണ്‍ യൂറോയുടെ നോണ്‍-കോര്‍ സ്പെന്റിംഗും കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു.ഉക്രൈയ്നില്‍ അഭയാര്‍ഥികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട തുടര്‍ ആവശ്യങ്ങള്‍ക്കും കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഇത് നീക്കിവെയ്ക്കുക.
കഴിഞ്ഞ വര്‍ഷം,11 ബില്യണ്‍ യൂറോയുടെ ബജറ്റ് പാക്കേജാണ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചത്. ബജറ്റിലെ 6.9 ബില്യണ്‍ യൂറോയ്‌ക്കൊപ്പം വര്‍ധിച്ച ജീവിതച്ചെലവില്‍ സഹായം നല്‍കുന്നതിന്4.1 ബില്യണ്‍ യൂറോയുടെ ഒറ്റത്തവണ നടപടികളുമായിരുന്നു പ്രഖ്യാപിച്ചത്.ഇത്തവണ ഇത്തരം നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.
വിമര്‍ശനവുമായി പ്രതിപക്ഷം
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ആരോഗ്യകരമാണെങ്കിലും സര്‍ക്കാര്‍ നയസമീപനങ്ങളില്‍ സഹജമായ ബലഹീനതകളുണ്ടെന്ന് സോഷ്യല്‍ ഡെമോക്രാറ്റ്‌സ് ധനകാര്യ വക്താവ് റോയ്‌സിന്‍ ഷോര്‍ട്ടാല്‍ വിമര്‍ശിച്ചു.തൊഴില്‍, പാര്‍പ്പിടം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സര്‍ക്കാര്‍തന്നെ ഈ സ്റ്റേറ്റ്മെന്റില്‍ അംഗീകരിച്ചിട്ടുണ്ടെന്ന് വക്താവ് ചൂണ്ടിക്കാട്ടി.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.