head3
head1

1500 ജീവനക്കാരുള്ള ലെറ്റര്‍കെന്നിയിലെ ഐറിഷ് കമ്പനിയെ ടാറ്റാ ഏറ്റെടുക്കുന്നു

ഡബ്ലിന്‍ : ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലെറ്റെര്‍കെന്നി ആസ്ഥാനമായ പ്രമേരിക്കയെ ഏറ്റെടുക്കുന്നു. ഈ ഐറിഷ് കമ്പനിയുടെ ആസ്തികളും ജീവനക്കാരെയുമുള്‍പ്പടെയാണ് പ്രുഡെന്‍ഷ്യല്‍ ഫിനാന്‍ഷ്യലുമായുള്ള ഇന്ത്യന്‍ കമ്പനിയുടെ ഈ ഇടപാട്. പുതിയ കരാറിനെ ത്തുടര്‍ന്ന് ഡോണഗേലിലെ ലെറ്റര്‍കെന്നിയിലെ 1,500 ല്‍ അധികം പ്രമേരിക്ക ജീവനക്കാരെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിലേക്ക് (ടി.സി.എസ്) മാറ്റും.സോഫ്‌റ്റ്വെയറും ബിസിനസ്സ് സപ്പോര്‍ട്ടും നല്‍കുന്ന പ്രുഡന്‍ഷ്യല്‍ ഫിനാന്‍ഷ്യലിന്റെ ഐറിഷ് സബ്‌സിഡിയറിയാണ് പ്രമേരിക്ക.അതേ സമയം,കോവിഡ് -19ന്റെ സാമ്പത്തിക ആഘാതത്തിന്റെ ഭാഗമാണ് ഈ ബിസിനസ് ഇടപാടെന്ന് ബ്ലൂംബെര്‍ഗ് അഭിപ്രായപ്പെടുന്നത്.

പ്രമേരിക്കന്‍ സ്റ്റാഫും ആസ്തികളും കൈമാറ്റം ചെയ്യപ്പെട്ടതിന് ശേഷവും പ്രുഡന്‍ഷ്യല്‍ ഫിനാന്‍ഷ്യല്‍ ബിസിനസിന് ഡിജിറ്റല്‍, ടെക്നോളജി സേവനങ്ങള്‍ നല്‍കുന്നത് തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അയര്‍ലണ്ട്, യു.കെ., യൂറോപ്പ്, യു.എസ്. എന്നിവിടങ്ങളിലേയ്ക്ക് കൂടുതല്‍ വ്യാപിപ്പിക്കുമെന്നും ഇന്ത്യന്‍ കമ്പനിയായ ടി.സി.എസ്. പറഞ്ഞു. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ അയര്‍ലന്‍ഡിന് പ്രത്യേക സ്ഥാനമുണ്ടെന്ന് ടിസിഎസിലെ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ് പ്രസിഡന്റ് കെ കൃതിവാസന്‍ പറഞ്ഞു.ഈ ഇടപാട് പ്രുഡന്‍ഷ്യല്‍ ഫിനാന്‍ഷ്യലുമായുള്ള ബന്ധത്തെ കൂടുതല്‍ ആഴത്തിലുള്ളതാക്കുന്നു. കൂടാതെ ആഗോളതലത്തില്‍ ഉപഭോക്താക്കളുടെ വളര്‍ച്ചയും ആവശ്യങ്ങളും നിറവേറ്റാനുള്ള പ്രത്യേക വൈദഗ്ധ്യത്തെ ഗണ്യമായി ശക്തിപ്പെടുത്തും.

പ്രമേരിക്ക അയര്‍ലണ്ടിലെഎന്റിറ്റിയെ പ്രുഡന്‍ഷ്യല്‍ നിലനിര്‍ത്തുമെന്ന് പ്രൂഡന്‍ഷ്യല്‍ ഫിനാന്‍ഷ്യല്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സ്റ്റേസി ഗുഡ്മാന്‍ പറഞ്ഞു. ലെറ്റര്‍കെന്നിയില്‍ നിന്ന് തുടര്‍ന്നും പ്രവര്‍ത്തിക്കും. പ്രുഡന്‍ഷ്യല്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റിന്റെ കീഴില്‍ പ്രാദേശിക ബിസിനസ്സ് സേവനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഗുഡ്മാന്‍ പറഞ്ഞു.

ഐഡിഎ അയര്‍ലണ്ട്സിഇഒ മാര്‍ട്ടിന്‍ ഷാനഹാനും ഈ ഇടപാടിനെ സ്വാഗതം ചെയ്തു. 20 വര്‍ഷം മുമ്പ് ലെറ്റര്‍കെന്നിയില്‍ പ്രമേരിക്ക പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അതില്‍ എട്ട് ജീവനക്കാരാണുണ്ടായിരുന്നതെന്ന് അദ്ദേഹം ഓര്‍മ്മിച്ചു.

നൂറുകണക്കിന് ഇന്ത്യാക്കാര്‍ ലെറ്റര്‍കെന്നിയിലെപ്രുഡന്‍ഷ്യലില്‍ ജോലി ചെയ്യുന്നുണ്ട്.

സോഫ്ട് വെയര്‍ സേവനങ്ങളിലെ ടിസിഎസിന്റെ വിപണി മൂല്യം ഏകദേശം 130 ബില്ല്യണായാണ് കണക്കാക്കുന്നത്. ഈ മേഖലയിലെ ഏഷ്യയിലെ ഏറ്റവും വലിയ കയറ്റുമതിക്കാരും ഇവര്‍ തന്നെ. സോഫ്‌റ്റ്വെയര്‍ സേവനങ്ങളിലൂടെ പ്രതിവര്‍ഷം ഏകദേശം 22 ബില്യണ്‍ യൂറോ വരുമാനമുള്ള സ്ഥാപനമാണിത്. ആഗോളതലത്തില്‍ 450,000ല്‍ അധികം ആളുകള്‍ ജോലി ചെയ്യുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.