ഡബ്ലിന്‍ : കോവിഡ് മഹാമാരി നിയന്ത്രണ വിധേയമായാലും വിമാനയാത്ര പഴയപടിയാകില്ലെന്ന മുന്നറിയിപ്പുമായി ഐറിഷ് വ്യവസായ പ്രമുഖനായ വില്ലി വാള്‍ഷ്.
ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്റെ (ഐഎജി) ചീഫ് എക്‌സിക്യൂട്ടീവ്, എര്‍ ലിംഗസ്, ബ്രിട്ടീഷ് എയര്‍വേയ്‌സ്, സ്‌പെയിനിന്റെ ഐബീരിയ, വൂളിംഗ് എന്നിവയുടെ ഉടമയുമായിരുന്ന വാള്‍ഷ് അടുത്തിടെയാണ് വിരമിച്ചത്.
വിമാനയാത്ര കോവിഡിന് മുന്നേയുള്ള രീതിയിലാകുമെന്ന് കരുതുന്നില്ല. കാരണം ഈ മേഖലയില്‍ വളരെയധികം അറ്റകുറ്റപ്പണികള്‍ നടക്കേണ്ടതുണ്ട് – വാള്‍ഷ് പറഞ്ഞു.
യൂറോപ്യന്‍ യൂണിയന്‍ അംഗമായ സര്‍ക്കാരുകളില്‍ നിന്ന് കോടിക്കണക്കിന് യൂറോ സഹായം ലഭിച്ച വിമാനക്കമ്പനികളുടെ സ്ഥിതിയും ഇത് തന്നെയായിരിക്കുമെന്ന് അദ്ദേഹം പറയുന്നു.
വിമാനക്കമ്പനികള്‍ക്ക് ലഭിച്ച സഹായങ്ങളില്‍ ഭൂരിഭാഗവും ഒന്നുകില്‍ സര്‍ക്കാരുകളില്‍ നിന്ന് നേരിട്ടുള്ള വായ്പയോ വാണിജ്യ കടത്തിനുള്ള ഗ്യാരണ്ടിയോ ആണ്. ഈ വായ്പകള്‍ തിരിച്ചടയ്‌ക്കേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇതിനാല്‍ കോവിഡ് പ്രതിസന്ധി കടന്നുപോയതിനുശേഷം വിമാന കമ്പനികള്‍ അവരുടെ ബാലന്‍സ് ഷീറ്റുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഏജന്‍സികളുടെ സംഘടനയായ യൂറോകണ്‍ട്രോള്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ സെമിനാറിന്റെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വാള്‍ഷ്.
വിമാനത്തില്‍ ഉള്‍ക്കൊള്ളാവുന്നവരുടെ പകുതി ശേഷിയുമായി കഴിഞ്ഞ രണ്ട് മാസം വിമാനങ്ങള്‍ പറത്തിയത് കോവിഡ് പ്രതിസന്ധിയില്‍ ഈ മേഖല അനുഭവിച്ച ഏറ്റവും മോശം അവസ്ഥയാണെന്നാണ് വാൾഷിന്റെ അഭിപ്രായം.
കുറച്ച് കാലത്തേക്ക് വിമാനക്കമ്പനികള്‍ക്ക് പഴയ രീതിയിലേക്ക് മടങ്ങിപ്പോകാന്‍ ആകില്ല.
എന്നാൽ, ചില വിമാനക്കമ്പനികള്‍ക്ക് ഈ സാഹചര്യം മുതലെടുക്കാന്‍ കഴിയുമെന്നും വാള്‍ഷ് വ്യക്തമാക്കുന്നു.
2001 ല്‍ ന്യൂയോര്‍ക്കിൽ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് വ്യവസായം സ്തംഭിച്ചപ്പോള്‍ റയാന്‍എയര്‍ മേധാവി മൈക്കല്‍ ഓ ലിയറി വിമാനത്തിന്റെ ആവശ്യകതയിലുണ്ടായ തകര്‍ച്ച ഉപയോഗപ്പെടുത്തിയ സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു പക്ഷേ ചുരുക്കം ചില വിമാനക്കമ്പനികള്‍ കോവിഡ് പ്രതിസന്ധി മുതലെടുത്ത് നേട്ടമുണ്ടാക്കിയിരിക്കാമെന്ന് വാൾഷ് പറയുന്നു.
നേരത്തെ ദുര്‍ബലമായിരുന്ന എയര്‍ലൈനുകള്‍ കോവിഡ് പ്രതിസന്ധി കാരണം പൂര്‍ണമായും തകർന്നേക്കും.
വിമാന യാത്ര നടത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത് എയര്‍ലൈന്‍ മേഖലയെ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതില്‍ നിന്ന് തടസപ്പെടുത്തിയെന്നും അദ്ദേഹം വാദിക്കുന്നു,.
ആളുകള്‍ വിമാന യാത്ര നടത്താന്‍ വിമുഖത കാണിക്കുന്നില്ല. ഏറ്റവും സുരക്ഷിതമായ യാത്രമാർഗമാണ് വിമാനയാത്ര.
ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴും തിരികെ മടങ്ങുമ്പോഴും ക്വാറന്റൈന്‍ വേണ്ടി വരുമോ എന്നതാണ് യാത്രക്കാരെ അസ്വസ്ഥമാക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും തീവ്രമായ നിയന്ത്രണങ്ങള്‍ അയര്‍ലണ്ടിലേതാണ്.
വിവിധ സ്ഥലങ്ങളിലേക്കുള്ള വിമാനയാത്രയ്ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുകയും, ഒഴിവാക്കുകയും, വീണ്ടും ഏര്‍പ്പെടുത്തുകയും ചെയ്തത് യുകെയിലെ വിമാന സര്‍വീസുകളെ താറുമാറാക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.