മാര്‍പ്പാപ്പയുടെ പേഴ്സണല്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി സ്ട്രാപ്പെറ്റിയ്ക്ക് സ്ഥാനക്കയറ്റം
തന്റെ ജീവന്‍ രക്ഷിച്ചതായി മാര്‍പ്പാപ്പ വിശേഷിപ്പിച്ച നഴ്സ്
വത്തിക്കാന്‍ : തന്റെ ജീവന്‍ രക്ഷിച്ച നഴ്‌സിനെ ഫ്രാന്‍സിസ് മാര്‍പാപ്പ പേഴ്സണല്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു. നഴ്സ് മാസിമിലിയാനോ സ്ട്രാപ്പെറ്റിയുടെ നിയമനം വത്തിക്കാന്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ മാസം കാനഡയിലേക്കുള്ള യാത്രയില്‍ വത്തിക്കാനിലെ ആരോഗ്യ വകുപ്പിന്റെ നഴ്‌സിംഗ് കോ-ഓര്‍ഡിനേറ്റര്‍ സ്ട്രാപ്പെട്ടി ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുഗമിച്ചിരുന്നു. അതിനു ശേഷം ഇവിടെയെത്തിയ ഉടനെയാണ് ഇദ്ദേഹത്തിന്റെ നിയമനം മാര്‍പാപ്പ പ്രഖ്യാപിച്ചത്.
ബുധനാഴ്ച പൊതു സദസ്സില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വീല്‍ചെയറില്‍ സഹായിക്കാന്‍ സ്ട്രാപ്പെറ്റിയുണ്ടായിരുന്നു. വത്തിക്കാന്‍ ജീവനക്കാരുടെയും കുടുംബങ്ങളുടെയും ആരോഗ്യ പരിപാലന സംവിധാനത്തിന്റെ ഏകോപന ചുമതലയും ഇദ്ദേഹത്തിനാണ്.
2021 ജൂലൈയില്‍ 10 ദിവസത്തെ ആശുപത്രി വാസത്തിനിടയാക്കിയ മാര്‍പാപ്പയുടെ വന്‍കുടലിന്റെ പ്രശ്നം കണ്ടെത്തിയത് ഈ നഴ്സായിരുന്നു. കുടലിന്റെ 13 ഇഞ്ച് ഇതേ തുടര്‍ന്ന് നീക്കം ചെയ്തിരുന്നു. ഈ സംഭവത്തെ അനുസ്മരിച്ച് വളരെ അനുഭവപരിചയമുള്ള നഴ്‌സാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് മാര്‍പ്പാപ്പ സ്പാനിഷ് ബിഷപ്പുമാരുടെ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.
തന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ ഇത് രണ്ടാം തവണയാണ് സ്ട്രാപ്പെറ്റി ഇടപെടുന്നതെന്ന് മാര്‍പാപ്പ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഡോ. റോബര്‍ട്ടോ ബെര്‍ണബെയെ പ്രൈവറ്റ് ഫിസിഷ്യനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരുന്നു. റോമിലെ കത്തോലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹാര്‍ട്ടിലെ ഇന്റേണിസ്റ്റും ജെറിയാട്രിക് സ്പെഷ്യലിസ്റ്റുമാണ് ഡോ. ബെര്‍ണബെയ്.
കഴിഞ്ഞ ഒരു വര്‍ഷമായി മാര്‍പാപ്പ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ മൂലം വലയുകയാണ്. വലത് കാല്‍മുട്ടിലെ പ്രശ്നങ്ങള്‍ കാരണം നടക്കുന്നത് പ്രശ്നമായിരുന്നു. വീല്‍ച്ചെയറിലാണ് അദ്ദേഹം കഴിയുന്നത്. നടക്കാന്‍ വാക്കര്‍ ഉപയോഗിക്കുന്നുണ്ട്. മാസങ്ങള്‍ നീണ്ട കാന്തിക, ലേസര്‍ ചികിത്സകള്‍ക്ക് ശേഷമാണ് ഈ നില കൈവരിച്ചത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.