head3
head1

അയര്‍ലണ്ടിന്റെ കുടിയേറ്റ നയം പുനപ്പരിശോധിക്കുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് ഉപപ്രധാനമന്ത്രി

ഡബ്ലിന്‍ :കുടിയേറ്റ നയം പുനപ്പരിശോധിക്കുന്നത് സര്‍ക്കാര്‍ ഗൗരവകരമായി പരിഗണിക്കുമെന്ന് ഉപപ്രധാനമന്ത്രി ഫിനഫാള്‍ നേതാവുമായ സൈമണ്‍ ഹാരിസ്. അഭയാര്‍ത്ഥികളുടെ കടന്നുവരവിനെ സര്‍വ്വാത്മനാ സ്വീകരിക്കുന്ന നിലവിലുള്ള നയത്തില്‍ നിന്നും ശ്രദ്ധേയ വ്യതിയാനമാണ് ഹാരിസിന്റെ പ്രസ്താവന.

കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യത്തെയും നാടുകടത്തുന്നതിനെയും ശക്തമായി എതിര്‍ത്തിരുന്നതാണ് ഹാരിസും അദ്ദേഹത്തിന്റെ ഫിനഗേല്‍ പാര്‍ട്ടിയും.എന്നിരുന്നാലും, അനധികൃത കുടിയേറ്റത്തിന് തടയിടാന്‍ ഈ നീക്കം ഗുണകരമായേക്കുമെന്നാണ് കരുതുന്നത്.പ്രതിപക്ഷ പാര്‍ട്ടികളില്‍ ചിലര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യവുമാണിത്.

ഇതേ വിഷയം സര്‍ക്കാര്‍ ഭാഗത്തുനിന്നും നിര്‍ദ്ദേശമായി വന്നതോടെ പ്രതിപക്ഷവും വെട്ടിലായി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഈ അഭിപ്രായ പ്രകടനം ഭിന്നതയ്ക്ക് കാരണമായി.ചിലര്‍ ഇതിനെ സ്വാഗതം ചെയ്തപ്പോള്‍ സഹായം തേടുന്നവരെ കുറ്റപ്പെടുത്താനുള്ള വൃത്തികെട്ട നീക്കമാണിതെന്ന് ആരോപിച്ചു.

അയര്‍ലണ്ടിലെ അഭയാര്‍ത്ഥി സംവിധാനം നന്നായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഹാരിസ് പറഞ്ഞു. ഇതു സംബന്ധിച്ച നയം പുനപ്പരിശോധിക്കണം.സര്‍ക്കാര്‍ വളരെ ഗൗരവകരമായി ഇതിനെ കാണണം-ഇതായിരുന്നു ഹാരിസിന്റെ യു ടേണ്‍.മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഹാരിസില്‍ നിന്നും ഈ പ്രതികരണം വന്നത്.ഇന്നലെ രാവിലെ ഗവണ്‍മെന്റ് ബില്‍ഡിംഗില്‍ മന്ത്രിസഭാ യോഗത്തിനത്തിയപ്പോഴാണ് കഴിഞ്ഞ ആഴ്ച സിറ്റിവെസ്റ്റില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിലവിലെ കുടിയേറ്റ നയത്തെക്കുറിച്ച് ഹാരിസിനോട് ചോദ്യമുയര്‍ന്നത്.

ഹാരിസ് പറഞ്ഞത്

അക്രമം അസ്വീകാര്യമാണെന്നും അത് ഒരു വിധത്തിലുള്ള കൊള്ളയടിയാണെന്നും ഫിനഗേല്‍ നേതാവ് പറഞ്ഞു.കുടിയേറ്റത്തില്‍ നിന്ന് അയര്‍ലണ്ടിന് നേട്ടമുണ്ടായിട്ടുണ്ട്. അതിനാല്‍ അത് തുടരേണ്ടതുണ്ട്. അതേസമയം,കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണ്, അത് വളരെ ഗൗരവമായി കാണേണ്ടതുമുണ്ടെന്ന് ഹാരിസ് വ്യക്തമാക്കി.

ഇവിടെ കഴിയാന്‍ അവകാശമില്ലെന്ന് തെളിഞ്ഞവര്‍ പോലും വളരെക്കാലം അഭയാര്‍ത്ഥിയെന്ന പേരില്‍ ഇവിടെ കഴിയുന്ന സ്ഥിതിയുണ്ട്.ഇത് മാറണം.ഈ രാജ്യത്തെ ആളുകളെ സര്‍ക്കാരിന് നോക്കേണ്ടതുണ്ട്. ഒരേ സമയം 20000 ആളുകളെ താമസിപ്പിക്കേണ്ടി വരികയെന്നത് വളരെ ദോഷമുണ്ടാക്കുന്നതാണ്.ഈ പെരുക്കം നിയന്ത്രിക്കേണ്ടതുണ്ട് -ഹാരിസ് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ഭിന്ന സ്വരം

ഹാരിസിന്റെ യു ടേണിനെ അന്റു നേതാവ് പീദര്‍ തോയ്ബിന്‍ കളിയാക്കി..ഈ വിഷയം കൈകാര്യം ചെയ്ത രീതിയിലാണ് കുഴപ്പമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് ജസ്റ്റിസ് വക്താവ് ഗാരി ഗാനോണ്‍ പറഞ്ഞു.

അഭയാര്‍ത്ഥി സംവിധാനത്തിന് ആവശ്യമായ വിഭവങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഈ വീഴ്ചയ്ക്ക് അഭയം തേടിയെത്തിയവരെ കുറ്റപ്പെടുത്തുന്നതാണ് ഹാരിസിന്റെ പ്രസ്താവന.അന്താരാഷ്ട്ര സംരക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നില്ലെന്ന് വര്‍ഷങ്ങളായി സിന്‍ ഫെയ്ന്‍ പറഞ്ഞുകൊണ്ടിരുന്നതിനെ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണെന്ന് സിന്‍ ഫെയ്നിന്റെ ജസ്റ്റിസ് വക്താവ് മാറ്റ് കാര്‍ത്തി പറഞ്ഞു.

തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാര്‍ വളരെയധികം സമയമെടുക്കുന്നു. നാടുകടത്തലുകളൊന്നും ഫലപ്രദമായി നടക്കുന്നില്ല.ഇതിനെല്ലാം മേല്‍നോട്ടം വഹിച്ച സര്‍ക്കാരിന്റെ നേതാവ് ഇപ്പോള്‍ വലിയ നിരൂപകനായി സംസാരിക്കുകയാണെന്നും കാര്‍ത്തി പരിഹസിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a</a

Leave A Reply

Your email address will not be published.