എല്‍ജിബിടി കമ്മ്യൂണിറ്റിയിലുള്ളവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന വിമര്‍ശനത്തെ തള്ളി പോളിഷ് നേതാക്കള്‍.
‘വിവേചനം, സഹിഷ്ണുത, പരസ്പര സ്വീകാര്യത’ എന്നിവയ്ക്കായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി അമ്പതോളം അംബാസഡര്‍മാരും അന്താരാഷ്ട്ര പ്രതിനിധികളും നല്‍കിയ തുറന്ന കത്തിലെ അഭിപ്രായങ്ങളെയാണ് പോളണ്ട് എതിര്‍ത്തത്.
പോളണ്ടിലെ എല്‍ജിബിടി സമൂഹം വലതുപക്ഷ സര്‍ക്കാരില്‍ നിന്നും നിരവധി പ്രാദേശിക സമൂഹങ്ങളില്‍ നിന്നും കത്തോലിക്കാസഭയില്‍ നിന്നും തിരിച്ചടി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അംബാസഡര്‍മാര്‍ അപ്പീലുമായി രംഗത്തെത്തിയത്.
എല്‍ജിബിടിഐ വ്യക്തികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മനുഷ്യാവകാശങ്ങള്‍ ഒരുപോലെയാണ്, അവരും അത് ആസ്വദിക്കട്ടെയെന്ന് കത്തില്‍ പറഞ്ഞിരുന്നു.
എല്ലാവ്യക്തികള്‍ക്കും തുല്യ അവകാശമാണ് എന്ന അഭിപ്രായത്തോട് യോജിക്കുന്നു. എന്നാല്‍, രാജ്യത്തെ എല്‍ജിബിടി കമ്മ്യൂണിറ്റിയിലുള്ളവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന അംബാസിഡര്‍മാരുടെ അഭിപ്രായത്തോട് പൂര്‍ണമായും വിയോജിക്കുന്നതായി പോളിഷ് പ്രധാനമന്ത്രി മ്റ്റിയൂസ് മൊറാവെക്കി പറഞ്ഞു.
‘ അംബാസഡര്‍മാരേ, സഹിഷ്ണുത പോളിഷ് ഡിഎന്‍എയുടേതാണെന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ. ആരും ഞങ്ങളെ സഹിഷ്ണുത പഠിപ്പിക്കേണ്ടതില്ല, കാരണം നൂറ്റാണ്ടുകളായി അത്തരം സഹിഷ്ണുത പഠിച്ച ഒരു രാജ്യമാണ് ഞങ്ങള്‍, അത്തരം സഹിഷ്ണുതയുടെ ചരിത്രത്തിന് ഞങ്ങള്‍ നിരവധി സാക്ഷ്യങ്ങള്‍ നല്‍കിയിട്ടുണ്ട് ‘ – പ്രധാനമന്ത്രി പറഞ്ഞു.
പോളണ്ടിലെ ചില നേതാക്കളും, പ്രസിഡന്റും ഭരണകക്ഷിയിലെ എംപിമാരും ഉള്‍പ്പെടെ നിരവധി പേരും എല്‍ജിബിടി കമ്മ്യൂണിറ്റിയുടെ അവകാശ പോരാട്ടത്തെ പരമ്പരാഗത കുടുംബങ്ങള്‍ക്ക് ഭീഷണിയാണെന്നാണ് ഉയര്‍ത്തിക്കാട്ടിയത്.
അതേസമയം, എല്‍ജിബിടി അവകാശങ്ങളെ കമ്മ്യൂണിസത്തേക്കാള്‍ അപകടകരമായ ഒരു ‘പ്രത്യയശാസ്ത്രം’ എന്ന് വിളിച്ചതിന് ശേഷവും കഴിഞ്ഞ വേനല്‍ക്കാലത്ത് നടന്ന തിരഞ്ഞെടുപ്പില്‍ രണ്ടാംതവണയും ആന്ദ്രെജ് ദുഡയെ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു.
മനുഷ്യാവകാശം ഒരു പ്രത്യയശാസ്ത്രമല്ല, അത് സാര്‍വത്രികമാണെന്നാണ് യുഎസ് അംബാസഡര്‍ ജോര്‍ജറ്റ് മോസ്ബാച്ചര്‍ ട്വീറ്റ് ചെയ്തത്.
യൂറോപ്യന്‍ പാര്‍ലമെന്റ് അംഗവും ഭരണകക്ഷിയുടെ ഡെപ്യൂട്ടി ഹെഡുമായ ജോവാകിം ബ്രൂഡ്‌സിന്‍സ്‌കി ‘ഞങ്ങള്‍ പോളണ്ടിലും അംഗീകരിക്കുന്നു’ എന്നാണ് മോസ്ബാച്ചറിന് മറുപടി നല്‍കിയത്.
കൊല ചെയ്യപ്പെട്ട ക്രിസ്ത്യാനികള്‍, ജയിലില്‍ അടയ്ക്കപ്പെട്ട പ്രോ ലൈഫ് പ്രവര്‍ത്തകര്‍, ജോലിയില്‍ നിന്ന് പിരിച്ചുവിട്ടവര്‍, ബൈബിള്‍ ഉദ്ധരിച്ചതിന് പീഡിപ്പിക്കപ്പെട്ടവര്‍, ആളുകള്‍ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ദയാവധത്തിന് വിധേയരായവര്‍ എന്നിവര്‍ക്കു വേണ്ടിയുള്ള അടുത്ത കത്തിനായി ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.