ഡബ്ലിന്‍ : കോവിഡ് പ്രതിസന്ധിക്കാലത്തും നേട്ടത്തിന്റെ പാതയില്‍ അയര്‍ലണ്ടിലെ ഫാര്‍മസ്യൂട്ടിക്കല്‍ മേഖല. കഴിഞ്ഞ നവംബറിലെ ചരക്ക് കയറ്റുമതി മൂല്യത്തില്‍ 17 ശതമാനം വര്‍ധനയാണ് ഐറിഷ് ഫാര്‍മസ്യൂട്ടിക്കല്‍ മേഖല നടത്തിയതെന്ന കണക്കുകള്‍ സിഎസ്ഒ പുറത്തുവിട്ടു.
കോവിഡ് കാലത്ത് ഫാര്‍മ ഉത്പന്നങ്ങളുടെ ആവശ്യകത വര്‍ധിച്ചതാണ് ഈ കുതിച്ചുചാട്ടത്തിന് കാരണമായത്. നവംബറില്‍ മാത്രം 2.1 ബില്യണ്‍ യൂറോയുടെ ഫാര്‍മ കയറ്റുമതിയാണ് നടന്നത്. ഇതോടെ, ആകെ കയറ്റുമതി മൂല്യം 14.5 ആയി ഉയര്‍ന്നതായും സിഎസ്ഒ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
കയറ്റുമതി കണക്കുകള്‍ അയര്‍ലണ്ടിന്റെ ദ്വിതല സമ്പദ്‌വ്യവസ്ഥയെ ഉയര്‍ത്തിക്കാട്ടുന്നുവെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ അലന്‍ മക്വെയ്ഡ് പറഞ്ഞു. അതേസമയം, ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതി ഇനിയും അഭിവൃദ്ധി പ്രാപിക്കാന്‍ സാധ്യതയുണ്ടെങ്കിലും ആഭ്യന്തര മേഖലയിലെ കയറ്റുമതി ( പ്രത്യേകിച്ചും എസ്എംഇ കയറ്റുമതി) ബ്രെക്‌സിറ്റിന്റെ ഭാഗമായുള്ള മാറ്റങ്ങള്‍ കാരണം കൂടുതല്‍ സമ്മര്‍ദ്ദത്തിലാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിഡിപിയുടെ കാര്യത്തില്‍ അയര്‍ലണ്ടിലെ ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് ടെക്‌നോളജി മേഖലകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെങ്കിലും അവര്‍ വലിയ തൊഴിലുടമകളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്ന കയറ്റുമതിയുടെ മൂല്യം നവംബറില്‍ 74 ശതമാനം വര്‍ദ്ധിച്ച് ആകെ 6.9 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇത്, ആകെ കയറ്റുമതി മൂല്യത്തിന്റെ 48 ശതമാനം വരുമെന്ന് സിഎസ്ഒ പറഞ്ഞു.
ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ കമ്പനികളുടെ അന്താരാഷ്ട്ര കേന്ദ്രമാണ് അയര്‍ലണ്ട്. ഫാര്‍മ ഭീമന്‍മാരായ ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ രാജ്യത്തുള്ളതും ഫാര്‍മ ഉത്പന്നങ്ങളുടെ കയറ്റുമതി ഉയരാന്‍ കാരണമായി.
അതേസമയം, ഇറക്കുമതി ചെയ്ത ഉത്പനങ്ങളുടെ മൂല്യത്തിലും അയര്‍ലണ്ടില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 8.5 ബില്യണ്‍ യൂറോയുടെ ഉത്പന്നങ്ങളാണ് നവംബറില്‍ രാജ്യത്ത് ഇറക്കുമതി ചെയ്തത്. ഇത് 2019നെ അപേക്ഷിച്ച് 10 ശതമാനം കൂടുതലാണെന്ന് സിഎസ്ഒ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കാലയളവില്‍ ആറ് ബില്യണ്‍ യൂറോയോളം വ്യാപാര മിച്ചം ഉണ്ടായതായും സിഎസ്ഒ പറയുന്നു.
നവംബറിലെ ഐറിഷ് കയറ്റുമതിയുടെ 40 ശതമാനവും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കായിരുന്നു. ഇക്കാലയളവില്‍ ബ്രിട്ടനിലേക്കുള്ള കയറ്റുമതി 35 ശതമാനമാണ് ഉയര്‍ന്നത്. അതേസമയം, ബ്രിട്ടനിലേക്കുള്ള കയറ്റുമതിയില്‍ ഒമ്പത് ശതമാനം ഇടിവാണ് ഈ വര്‍ഷത്തെ ആദ്യ 10 മാസങ്ങളില്‍ രേഖപ്പെടുത്തിയതെന്നും സിഎസ്ഒ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.