head1
head3

അയര്‍ലണ്ടിന്റെ പുതിയ പെന്‍ഷന്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഇന്ത്യയുടെ ടാറ്റാ കമ്പനിക്ക്

ഡബ്ലിന്‍ : അയര്‍ലണ്ടിന്റെ പുതിയ പെന്‍ഷന്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതല ഇന്ത്യയുടെ ടാറ്റാ കമ്പനിക്ക്. രാജ്യത്തിന്റെ പുതിയ പെന്‍ഷന്‍ സംവിധാനമായ ഓട്ടോ-എന്റോള്‍മെന്റ് സിസ്റ്റം സജ്ജമാക്കുന്നതിനുള്ള 150 മില്യണ്‍ യൂറോയുടെ കരാറാണ് ടി സി എസ് സ്വന്തമാക്കുന്നത്.

അയര്‍ലണ്ടിലെ തൊഴിലാളികളുടെ റിട്ടയര്‍മെന്റ് സമ്പാദ്യവും സാമ്പത്തിക സുരക്ഷിതത്വവും വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് പുതിയ പെന്‍ഷന്‍ സ്‌കീം. ഇത് പ്രവര്‍ത്തനസജ്ജമാക്കാനുമുള്ള സര്‍ക്കാര്‍ പങ്കാളിയായി ടി സി എസിനെ തിരഞ്ഞെടുത്തെന്നാണ് ഐറിഷ്, ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇതു സംബന്ധിച്ച 10 വര്‍ഷത്തെ കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്.

ഒരു ദശാബ്ദത്തിന് മുമ്പ് യു കെ സര്‍ക്കാരിന്റെ ഓട്ടോ-എന്റോള്‍മെന്റ് സിസ്റ്റം സ്ഥാപിച്ചതിന്റെ പെരുമയിലാണ് ഐറിഷ് സര്‍ക്കാരിന്റെ കരാറും ടി സി എസിന് ലഭിക്കുന്നതെന്നാണ് കരുതുന്നത്.

കുറഞ്ഞത് 20,000 യൂറോ വരുമാനമുള്ള 23നും 60നും ഇടയില്‍ പ്രായമുള്ള തൊഴിലാളികള്‍ക്കായാണ് ഓട്ടോ എന്റോള്‍മെന്റ് പെന്‍ഷന്‍ സ്‌കീം നടപ്പാക്കുന്നത്.അംഗമാകുന്ന ഓരോ തൊഴിലാളിയും മൂന്നു യൂറോ വീതം നല്‍കണം.അവരുടെ തൊഴിലുടമയും തത്തുല്യമായ തുക നിക്ഷേപിക്കും. സര്‍ക്കാര്‍ വിഹിതമായി ഒരു യൂറോയും നല്‍കും.സ്‌കീമില്‍ നിന്നും ഒഴിവാകാനുള്ള സൗകര്യവുമുണ്ടാകും.

ആദ്യ വര്‍ഷത്തില്‍ ഓട്ടോ-എന്റോള്‍മെന്റ് സ്‌കീമിനുള്ള സര്‍ക്കാര്‍ ചെലവ് 138 മില്യണ്‍ യൂറോയായാണ് കണക്കാക്കുന്നത്. പത്തു വര്‍ഷമാകുമ്പോഴേക്കും ഇത് 760 മില്യണ്‍ യൂറോയായി വര്‍ദ്ധിക്കുമെന്നും സാമൂഹികക്ഷേമ വകുപ്പ് കണക്കാക്കുന്നു.

2001ലാണ് ടി സി എസ് ആദ്യമായി ഡബ്ലിനില്‍ ഓഫീസ് സ്ഥാപിച്ചത്. ഇപ്പോള്‍ അയര്‍ലണ്ടില്‍ 100ലധികം കണ്‍സള്‍ട്ടന്റ്സുകളുണ്ട്.ഇന്‍ഷുറന്‍സ് സ്ഥാപനമായ പ്രുഡന്‍ഷ്യല്‍ ഫിനാന്‍ഷ്യല്‍ ഇങ്ക് (പി എഫ് ഐ)യില്‍ നിന്ന് 2020ല്‍ പ്രമേരിക്ക സിസ്റ്റംസ് അയര്‍ലണ്ടിനെ ടി സി എസ് ഏറ്റെടുത്തുകൊണ്ട് കമ്പനിയുടെ സാന്നിധ്യം ശക്തമാക്കി.

2020ല്‍ ലെറ്റര്‍കെന്നിയില്‍ ആഗോള ഡെലിവറി സെന്ററും തുറന്നു.ലെറ്റര്‍കെന്നി സെന്ററില്‍ 35 രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

ഈ ഓട്ടോ-എന്റോള്‍മെന്റ് സ്‌കീം പ്രോജക്റ്റ് കൂടാതെ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് , അയര്‍ലണ്ടിലെ നിരവധി പ്രോജക്ടുകളില്‍ സജീവമായി ഏര്‍പ്പെട്ടിട്ടുണ്ട്.

അയര്‍ലണ്ടില്‍ അലൈഡ് ഐറിഷ് ബാങ്ക്സ് പി എല്‍ സിയുടെയും ഗ്രേറ്റ്വെസ്റ്റ് ലൈഫ്കോയുടെയും സംയുക്ത സംരംഭമായ എ ഐ ബി ലൈഫില്‍ ടി സി എസിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.

എ ഐ ബിയുടെ 3.2മില്യണ്‍ ഉപഭോക്താക്കള്‍ക്കും അവരുടെ ബ്രാഞ്ചുകള്‍, ഫോണ്‍, എ ഐ ബി മൊബൈല്‍ ബാങ്കിംഗ് ആപ്പ് എന്നിവയിലൂടെ സാമ്പത്തിക ഉപദേശങ്ങളും സംയോജിത ലൈഫ് പ്രൊട്ടക്ഷന്‍, പെന്‍ഷന്‍, നിക്ഷേപ ഉല്‍പ്പന്നങ്ങളും ആക്സസ് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഈ പ്ലാറ്റ്ഫോം.

ഇതിന് പുറമേ ക്വീന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റ്, അള്‍സ്റ്റര്‍ യൂണിവേഴ്സിറ്റി, ലെറ്റര്‍കെന്നി ഐ ടി, സ്ലൈഗോ ഐ ടി, എന്‍ യു ഐ ഗോള്‍വേ തുടങ്ങിയ ലോക്കല്‍ സ്ഥാപനങ്ങളുമായി ടി സി എസിന് പങ്കാളിത്തമുണ്ട്.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a</

Comments are closed.