head3
head1

ചൈല്‍ഡ് കെയര്‍ ചെലവുകള്‍ മാസം തോറും 800 യൂറോയായി വര്‍ധിച്ചെന്ന് സര്‍ക്കാര്‍ സാക്ഷ്യം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ശിശുസംരക്ഷണ ചെലവുകള്‍ റോക്കറ്റുപോലെ കുതിയ്ക്കുന്നു. സാധാരണക്കാരുടെ നടുവൊടിയുന്ന നിലയിലാണ് ചൈല്‍ഡ് കെയര്‍ ചെലവുകളുടെ പോക്ക്. ചൈല്‍ഡ് കെയര്‍ ചെലവുകള്‍ മാസം തോറും 800 യൂറോ വരെയായി വര്‍ധിച്ചെന്ന് സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ സെക്ടര്‍ പ്രൊഫൈല്‍ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കുട്ടികളെ പരിപാലിക്കുന്നത് വലിയ ബാധ്യതയാകുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗ്രാമപ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

ചൈല്‍ഡ് കെയര്‍ ഫീസ് ആഴ്ചയില്‍ ശരാശരി 186.84 യൂറോയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പാര്‍ട്ട് ടൈം ചൈല്‍ഡ് കെയറിന് 110.92 യൂറോയും സെഷണലിനായി 74.20 യൂറോയുമാണ്. 2019/20 നെ അപേക്ഷിച്ച് എല്ലാത്തരം കെയറുകള്‍ക്കും വര്‍ധനവുണ്ടായിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളില്‍ ഫീസുകളില്‍ വന്‍ വര്‍ധനവാണുണ്ടായത്. ഫുള്‍ ഡേ കെയറിന് 10 ശതമാനവും പാര്‍ട്ട് ടൈമിന് 24 ശതമാനവും സെഷനല്‍ കെയറിന് 16 ശതമാനവും ഫീസ് ഇവിടെ കൂടുതലാണിതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. നഗര-ഗ്രാമ പ്രദേശങ്ങള്‍ തമ്മിലും ഫീസില്‍ വലിയ വ്യത്യാസവുമുണ്ട്. നഗരങ്ങളില്‍ ഗ്രാമങ്ങളേക്കാള്‍ ചെലവു കൂടുതലാണ്. ഫുള്‍ ഡേ കെയറിന് 10%, പാര്‍ട്ട് ടൈമിന് 9%, സെഷനല്‍ കെയറിന് 6% എന്നിങ്ങനെയാണ് ഫീസുകളിലെ വ്യത്യാസം.

ഉയരുന്ന ചെലവുകള്‍; സര്‍ക്കാര്‍ ഇടപെടലുണ്ടായേക്കും

ശിശു സംരക്ഷണ മേഖലയിലെ ഉയരുന്ന ചെലവുകള്‍ കുറയ്ക്കുന്നതില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഒക്ടോബറിലെ ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.

ശിശുസംരക്ഷണ രംഗത്തെ വര്‍ധിച്ച ചെലവുകള്‍ നിയന്ത്രിക്കുന്നതിനും മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും 221 മില്യണ്‍ യൂറോയുടെ കോര്‍ ഫണ്ടിംഗ് സ്ട്രീം നടപ്പാക്കുമെന്ന് കുട്ടികളുടെ മന്ത്രി റോഡറിക് ഒ ഗോര്‍മാന്‍ പറഞ്ഞു. ചൈല്‍ഡ് കെയര്‍ തൊഴിലാളികള്‍ക്ക് മികച്ച സേവനവേതന വ്യവസ്ഥകളും ഫണ്ടിംഗ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ഉയര്‍ന്ന ചൈല്‍ഡ് കെയര്‍ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിന് വിവിധ സബ്സിഡികള്‍ കൊണ്ടുവരുമെന്ന് നേരത്തേ ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ സൂചിപ്പിച്ചിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.