head1
head3

പാരാലിംപിക്‌സിന് ഇന്ന് തുടക്കം, മാരിയപ്പന്‍ തങ്കവേലു ഇന്ത്യന്‍ പതാകയേന്തും

പാരാലിംപിക്‌സ് പ്രതീക്ഷകളുമായി 54 അംഗ ഇന്ത്യന്‍ ടീം ടോക്കിയോയില്‍. റിയോ പാരാലിംപ്ക്‌സില്‍ ഹൈജംബില്‍ സ്വര്‍ണ്ണജേതാവായ മാരിയപ്പന്‍ തങ്കവേലുവാണ് ഇന്നത്തെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുന്നത്. സെപ്റ്റംബര്‍ അഞ്ച് വരെയാണ് മത്സരങ്ങള്‍. മലയാളിയായ സിദ്ധാര്‍ത്ഥ് ബാബു ഷൂട്ടിങ്ങില്‍ മത്സരിക്കുന്നുണ്ട്.

ഇതുവരെ നടന്ന 11 പാരാലിംപിക്‌സുകളില്‍ നിന്നായി 12 മെഡലുകള്‍ ഇന്ത്യ നേടിയിട്ടുണ്ട്. നാല് സ്വര്‍ണം, നാല് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. 15 മെഡലുകള്‍ ഇന്ത്യന്‍ സംഘം കരസ്ഥമാക്കുമെന്ന് കണക്കാക്കുന്നു. ഒമ്പത് ഇനങ്ങളിലാണ് ഇന്ത്യക്കാര്‍ മത്സരിക്കുന്നത്. 2016ല്‍ രണ്ട് സ്വര്‍ണ്ണവും ഒന്ന് വീതം വെളളിയും വെങ്കലവും മെഡലുകളുമായി 43-ാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ ടീം. ജാവലിന്‍ ത്രോയില്‍ ലോക റിക്കോര്‍ഡ് ജേതാവും ലോക ചാംപ്യനും ഒന്നാം റാങ്കുകാരനുമായ സന്ദീപ് ചൗധരിയാണ് അത്ലറ്റിക്‌സിലെ പ്രധാന ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ. ആദ്യമായാണ് ബാഡ്മിന്റണ്‍ പാരാലിംപിക്‌സില്‍ മത്സര ഇനമാകുന്നത്. ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള പ്രമോദ് ഭാഗട്ട് ഇന്ത്യക്കായി ബാഡ്മിന്റനില്‍ മത്സരിക്കുന്നുണ്ട്.

തായ്ക്വോണ്ടോ, ടേബിള്‍ ടെന്നീസ്, സ്വിമ്മിംഗ് വിഭാഗങ്ങളില്‍ ഇന്ത്യന്‍ ടീം മത്സരത്തിനിറങ്ങും. ആഗസ്റ്റ് 25ന് ടേബിള്‍ ടെന്നീസ് കളത്തിലിറങ്ങുന്ന സോനാ പാട്ടീലും ഭവീനാ പാട്ടീലും ടോക്കിയോയിലെ ഇന്ത്യന്‍ പാരാലിംപിക് പോരാട്ടം ആരംഭിക്കും.

വര്‍ധിച്ചു വരുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന സുരക്ഷാ ക്രമീകരണത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇറാന് ശേഷം പതിനാറാമതായാണ് ഇന്ത്യന്‍ ടീം ഉദ്ഘാടന ചടങ്ങില്‍ പ്രവേശിക്കുക. അഞ്ച് മത്സരാര്‍ത്ഥികള്‍ക്കും ആറ് ഒഫീഷ്യല്‍സിനും മാത്രമാണ് ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് പ്രവേശനാനുമതി. 339 ഇവന്റുകളിലായി 205 രാജ്യങ്ങളില്‍ നിന്നുള്ള 11,000 അത്ലറ്റുകളാണ് ഒളിപിക്‌സില്‍ മത്സരിച്ചത്. 540 ഇനങ്ങളില്‍ 163 രാജ്യങ്ങളില്‍ നിന്നും 4,500 പേര്‍ പാരാലിംപ്ക്‌സില്‍ മത്സരിക്കും. ഡിസെബിലിറ്റികള്‍ അനുസരിച്ചുള്ള കൂടുതല്‍ മത്സരവിഭാഗങ്ങള്‍ പാരാലിംപ്ക്‌സിലുണ്ട്. രണ്ടംഗ അഫ്ഗാന്‍ ടീം ടോക്കിയോ പാരാലിംപ്ക്‌സില്‍ നിന്നും പിന്മാറി.

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/K0HUGpDraol5nj03tElHBl

Comments are closed.