head1
head3

അയര്‍ലണ്ടില്‍ ഒരു മാസത്തിനിടെ പന്ത്രണ്ട് പേരെ സര്‍ക്കാര്‍ നാടുകടത്തിയെന്ന് ജസ്റ്റിസ് വകുപ്പ്

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഒരു മാസത്തിനിടെ പന്ത്രണ്ട് പേരെ സര്‍ക്കാര്‍ നാടുകടത്തിയെന്ന് ജസ്റ്റിസ് വകുപ്പ്.ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയാണ് (ജി എന്‍ ഐ ബി) ഇതിന് നേതൃത്വം നല്‍കിയത്.കഴിഞ്ഞ വര്‍ഷം ഈ ഒരു മാസത്തിനിടെ പുറത്താക്കിയത് എട്ട് പേരെയാണ്.നിര്‍ബന്ധിത നാടുകടത്തലുകളുടെ എണ്ണം 50 ശതമാനം വര്‍ദ്ധിച്ചെന്ന് വകുപ്പ് വ്യക്തമാക്കുന്നു.കഴിഞ്ഞ വര്‍ഷം അയര്‍ലണ്ട് നാടുകടത്തിയത് 134 പേരെയായിരുന്നു. 2023ല്‍ 53 പേരെയും പുറത്താക്കിയിരുന്നു. ഇതുമായി ഒത്തുനോക്കുമ്പോള്‍ 153 ശതമാനം കൂടുതലാണിത്.

സ്വന്തം നിലയില്‍ മടങ്ങുന്നവര്‍

സ്വന്തം നിലയില്‍ മടങ്ങിപ്പോകുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.2025 ഫെബ്രുവരി ഏഴുവരെ 158 പേര്‍ ഈ ഓപ്ഷന്‍ സ്വീകരിച്ചു.കഴിഞ്ഞ വര്‍ഷം 44 പേരായിരുന്നു ഈ വഴി സ്വീകരിച്ചത്.2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 259 ശതമാനമാണ് വര്‍ദ്ധിച്ചത്.

അയര്‍ലണ്ടില്‍ നിയമപരമായ തുടരാന്‍ കഴിയാത്തവര്‍ക്കും അന്താരാഷ്ട്ര സംരക്ഷണം നിഷേധിക്കപ്പെട്ടവര്‍ക്കും മടങ്ങിയെത്തുന്നവര്‍ക്കുമുള്ള ഒരു ഓപ്ഷനാണ് സ്വന്തം നിലയില്‍ മടങ്ങുകയെന്നതെന്ന് ജസ്റ്റിസ് വകുപ്പ് വക്താവ് പറഞ്ഞു.ഈ ഓപ്ഷന്‍ സ്വീകരിക്കുന്നവരുടെ പേരില്‍ നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിക്കില്ല.വാണിജ്യ വിമാനങ്ങളെ കൂടാതെ നാടുകടത്തുന്നവര്‍ക്കായുള്ള ചാര്‍ട്ടര്‍ സര്‍വ്വീസുകള്‍ ഈ വര്‍ഷം തുടങ്ങുമെന്ന് ജസ്റ്റിസ് വകുപ്പ് പറഞ്ഞു.

363 നാടുകടത്തല്‍ ഉത്തരവുകള്‍

2025 ഫെബ്രുവരി 7 വരെ 363 നാടുകടത്തല്‍ ഉത്തരവുകള്‍ ഒപ്പുവച്ചുവെന്ന് ജസ്റ്റിസ് വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.2024ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 107 ശതമാനം വര്‍ദ്ധനവാണിത്.എമിഗ്രേഷന്‍ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതിനാണ് മുന്‍ഗണനയെന്ന് മന്ത്രി ജിം ഒ’കല്ലഗന്‍ പറഞ്ഞു.

അയര്‍ലണ്ടിലെ 13 %  അഭയാര്‍ത്ഥി അപേക്ഷകരും പാകിസ്ഥാനികള്‍

2025 ജനുവരിയില്‍ അന്താരാഷ്ട്ര സംരക്ഷണത്തിനായി 1087 അപേക്ഷകള്‍ ലഭിച്ചുവെന്ന് കണക്കുകള്‍ പറയുന്നു.കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് 38 ശതമാനം കുറവാണിത്.ജനുവരിയിലെ അപേക്ഷകളില്‍ മൂന്നിലൊന്നില്‍ കൂടുതല്‍ ആഫ്രിക്കയില്‍ നിന്നുള്ളതാണ്. അതില്‍ 17% നൈജീരിയയില്‍ നിന്നും 14% സൊമാലിയയില്‍ നിന്നുമാണ്.അപേക്ഷകളില്‍ 13 ശതമാനം പാകിസ്ഥാനികളും എട്ട് ശതമാനം അഫ്ഗാനിസ്ഥാനികളുമാണ്. ബംഗ്ലാദേശില്‍ നിന്നുള്ളതാണ് അഞ്ച് ശതമാനം അപേക്ഷകര്‍.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.