head3
head1

പറയൂ സര്‍ക്കാരേ… എന്ന് തരും ഈ പാന്‍ഡെമിക്ക് ബോണസ് ?

ഡബ്ലിന്‍: നഴ്സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാഗ്ദാനം ചെയ്ത പാന്‍ഡെമിക്ക് ബോണസ് വിതരണം ചെയ്തത് നാലില്‍ ഒരാള്‍ക്ക് മാത്രം.

പുതിയ കണക്കുകള്‍ പ്രകാരം, രാജ്യത്താകെയുള്ള ഏകദേശം 100,000 ആരോഗ്യ ജീവനക്കാരില്‍ 26,000 പേര്‍ക്ക് മാത്രമേ പാന്‍ഡെമിക് ബോണസ് പേയ്മെന്റ് ലഭിച്ചിട്ടുള്ളൂ.

2020 മാര്‍ച്ച് 1 നും 2021 ജൂണ്‍ 3 നും ഇടയില്‍ ജോലി ചെയ്ത ആരോഗ്യ ജീവനക്കാര്‍ക്കാണ് 1,000 യൂറോ വരെ പാന്‍ഡെമിക്ക് ബോണസ് നല്‍കുമെന്ന് പ്രധാനമന്ത്രിയും, ഉപ പ്രധാനമന്ത്രിയും ആവര്‍ത്തിച്ചു കൊണ്ടിരുന്നത്.

യോഗ്യരായ ഓരോ ജീവനക്കാര്‍ക്കും നിര്‍ദ്ദിഷ്ട സമയത്ത് അവര്‍ ചെയ്ത ജോലിയുടെ അഥവാ അവരുടെ കരാര്‍ സമയത്തെ അടിസ്ഥാനമാക്കിയാണ് തുക നിശ്ചയിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

അര്‍ഹതയുള്ളവരെ കണ്ടെത്താനായുള്ള നടപടികള്‍ അവരവരുടെ തൊഴിലിടങ്ങളിലാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് എച്ച്എസ്ഇയുടെ വാദം. ഏകദേശം 100,000 പേര്‍ക്കാണ് ബോണസ് പേയ്മെന്റിന് അര്‍ഹതയുള്ളത്.

”എത്രയും വേഗം” ബോണസ് നല്‍കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണലി ഏപ്രിലില്‍ വാഗ്ദാനം ചെയ്തുവെങ്കിലും നടപടി ഒന്നും വേണ്ട വിധം പുരോഗമിക്കുന്നില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ പറയുന്നു.

ജൂണ്‍ മാസത്തിലും ബോണസ് ലഭിച്ചിട്ടില്ലാത്ത ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചുള്ള പുതുക്കിയ കണക്കുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിപ്തു ഹെല്‍ത്ത് ഡിവിഷണല്‍ ഓര്‍ഗനൈസര്‍ കെവിന്‍ ഫിഗ്ഗിസ് പറഞ്ഞു. ”ഹെല്‍ത്ത് കെയര്‍ വര്‍ക്ക് ഫോഴ്സിന്റെ ഭാഗമായിരുന്ന എച്ച്എസ്ഇ ജീവനക്കാരും, സെക്ഷന്‍ 38 ഏജന്‍സികളുടെ പരിധിയില്‍ വരാത്ത ഏജന്‍സി തൊഴിലാളികളും കോണ്‍ട്രാക്ട് തൊഴിലാളികളും, ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് പോലെ ആരോഗ്യ മേഖലയുമായി ബന്ധപെട്ടു കോവിഡ് കാലത്തു പ്രവര്‍ത്തിച്ചവരും ഇനിയും ബോണസ് ലഭിക്കാത്തവരിലുണ്ട്.’

പാന്‍ഡെമിക് സമയത്ത് അവരുടെ സേവനങ്ങളെ ആരോഗ്യ വകുപ്പ് എങ്ങനെ തിരിച്ചറിയും എന്നതിനെക്കുറിച്ച് അവരില്‍ ചിലര്‍ തന്നെ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെന്ന് യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പാന്‍ഡെമിക് ബോണസ് പേയ്മെന്റുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതിയുടെ കണക്കുകള്‍ സര്‍ക്കാര്‍ മറച്ചു വെയ്ക്കുകയാണെന്നും യൂണിയന്‍ ആരോപിച്ചു.

ഗവണ്‍മെന്റ് ആദ്യം ചര്‍ച്ച ചെയ്ത് 18 മാസങ്ങള്‍ക്ക് ശേഷവും അത് അംഗീകരിച്ച് ആറ് മാസത്തിന് ശേഷവും, പതിനായിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്പോഴും ഒരു പാന്‍ഡെമിക് അംഗീകാര പേയ്മെന്റ് ലഭിക്കാന്‍ കാത്തിരിക്കുന്നു എന്നത് തികച്ചും വിചിത്രമാണെന്നും siptu സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

”ഈ കാലതാമസം ഭരണക്കാരുടെ പരാജയമാണ്, ഇത് ഞങ്ങളുടെ മുന്‍നിര ആരോഗ്യ സംരക്ഷണ നായകന്മാരോടും അവരുടെ ത്യാഗങ്ങളോടും തികഞ്ഞ അനാദരവാണ്,” അവര്‍ പറഞ്ഞു. ”ഈ പേയ്മെന്റ് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ ഒരു അംഗീകാരമായിരുന്നു. എന്നാല്‍ ഈ ലളിതമായ പേയ്മെന്റ് പോലും നല്കാന്‍ കഴിയാത്ത സര്‍ക്കാര്‍ മാനേജ്മെന്റ് ഒരു ദുരന്തമായി മാറിയിരിക്കുന്നു. ഈ തൊഴിലാളികളില്‍ ഓരോരുത്തരും വളരെയധികം വ്യക്തിപരമായ ത്യാഗങ്ങള്‍ ചെയ്യുകയും ഞങ്ങളെ സുരക്ഷിതരാക്കാന്‍ അവരുടെ ആരോഗ്യവും ജീവിതവും പണയപ്പെടുത്തുകയും ചെയ്തു. അവര്‍ യഥാര്‍ത്ഥത്തില്‍ ഡ്യൂട്ടിയുടെ പരിമിതികള്‍ക്കപ്പുറമാണ് ജോലി ചെയ്തത്,” യൂണിയന്‍ നേതാക്കള്‍ പറയുന്നു.

തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുന്നത് കൂടുതല്‍ കാലതാമസമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നേരിട്ട് ഇടപെടണമെന്ന ആവശ്യവുമായി തൊഴിലാളി സംഘടനാ നേതാക്കള്‍ പ്രധാനമന്ത്രിയ്ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.