ഡബ്ലിനിലെ മലയാളി ദമ്പതികളിൽ നിന്നും ഹാക്കർമാർ തട്ടിയെടുത്ത അയ്യായിരത്തോളം യൂറോ ദിവസങ്ങൾക്കുള്ളിൽ വീണ്ടെടുത്ത് നൽകി ബാങ്കും,ഗാർഡായും
ഡബ്ലിന്‍: മലയാളികളായ ദമ്പതികളില്‍ നിന്നും ഹാക്കേഴ്സ് തട്ടിയെടുത്ത പണം ബാങ്ക് അധികൃതരുടെയും,ഗാര്‍ഡയുടെയും സമയോചിതമായ ഇടപെടല്‍ മൂലം തിരികെ ലഭിച്ചു.
ബ്ലാഞ്ചസ് ടൗണിലെ എറണാകുളം സ്വദേശികളായ ദമ്പതികള്‍ക്കാണ് ബാങ്ക് അക്കൗണ്ട് വഴി നഷ്ടപ്പെട്ട അയ്യായിരത്തോളം യൂറോ രണ്ട് ദിവസത്തിന്ശേഷം തിരികെ ലഭിച്ചത്.
മൈക്രോസോഫ്റ്റില്‍ നിന്നെന്ന പേരിലാണ് തട്ടിപ്പുകാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെട്ടത്. മൈക്രോസോഫ്റ്റിന്റെ സെക്ക്യൂരിറ്റി ചെക്കിംഗില്‍ അപകടകരമായ ഹാക്കിംഗ് ശ്രമം ഉണ്ടായിട്ടുണ്ടെന്നും,ശ്രദ്ധ വേണമെന്നും ഉചിതമായ ആന്റി വൈറസ് ഉപയോഗിക്കണമെന്നുമുള്ള സ്നേഹപൂര്‍വമായ ഉപദേശത്തോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
വേണമെങ്കില്‍ വൈറസ് ബാധിച്ച ഫയലുകള്‍ കാണിച്ചു തരാമെന്നും സമയമെടുത്ത് പ്രശ്നം പരിഹരിച്ചാല്‍ മതിയെന്നുമായിരുന്നു ഉപദേശം.
നിരവധി റിസേര്‍ച്ച് പ്രോജക്ടുകളുടെ ഡ്രാഫ്റ്റ് റിപ്പോര്‍ട്ടുകളടക്കം പ്രധാനപ്പെട്ട പല രേഖകളും സൂക്ഷിച്ചിരുന്ന ഡെസ്‌ക് ടോപ്പാണ് അപകടത്തിലാണെന്നാണ് തട്ടിപ്പുകാര്‍ ഉടമയെ അറിയിച്ചത്.
വിലയേറിയ വിവരങ്ങള്‍ കംപ്യൂട്ടറില്‍ സൂക്ഷിച്ചിരുന്നതിനാലും,തട്ടിപ്പുകാര്‍ യാതൊരു വിധ സംശയവും ഇല്ലാത്ത വിധം സംസാരിച്ചതിനാലും എന്തെങ്കിലും കാര്യമായ കുഴപ്പം ഉണ്ടോ എന്ന് പരിശോധിച്ചേക്കാം എന്ന് ഉടമയും സമ്മതിച്ചു.മാത്രമല്ല ,തട്ടിപ്പുകാര്‍ വിളിക്കാന്‍ ഉപയോഗിച്ചിരുന്നത് ഐറിഷ് ലാന്‍ഡ് നമ്പറില്‍ നിന്നും ആയത് കൊണ്ട് ഇവര്‍ക്ക് കാര്യമായ സംശയവും തോന്നിയില്ല.(എന്നാല്‍ ഈ ലാന്‍ഡ് നമ്പര്‍ മറ്റൊരു വിദേശ നമ്പറിലേക്ക് റീ ഡയറക്ട് ചെയ്തിരുന്നതായി പിന്നീടുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.)
അതോടെ , ലാപ്ടോപ്പിലുള്ള ‘ടീം വ്യൂവര്‍’ കണക്ട് ചെയ്യാനായി തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു.( ഇദ്ദേഹത്തിന്റെ ലാപ്ടോപ്പില്‍ ടീം വ്യൂവര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെന്ന വിവരം തട്ടിപ്പുകാര്‍ക്ക് ലഭിച്ചിരുന്നു എന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്.)
ടീം വ്യൂവറിന്റെ സഹായത്തോടെ അപകടാവസ്ഥയില്‍ ആണെന്ന് തോന്നിപ്പിക്കുന്ന ഏതാനം ഫയലുകള്‍ ദമ്പതികളെ കാണിക്കുകയും ചെയ്തു.
മൈക്രോസോഫ്റ്റില്‍ നിന്നും പ്രൊട്ടക്ഷനായുള്ള ഒരു സോഫ്റ്റ് വെയർ ആവശ്യമെങ്കില്‍ ലാപ്ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്യാമെന്നും അതിന് ഒന്‍പത് യൂറോയെ വില വരുകയുള്ളു എന്നും വിശ്വസിപ്പിച്ചതോടെ വീട്ടുകാര്‍ അതിന് തയ്യാറായി.എന്നാല്‍ അന്നേ ദിവസം ജോലി സമയം കഴിഞ്ഞുവെന്നും, ലാപ്ടോപ്പ് ഓഫ് ചെയ്തു വെച്ചില്ലെങ്കില്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അറിയിച്ചതോടെ ദമ്പതികള്‍ ലാപ്ടോപ്പ് ഓഫ് ചെയ്യുകയും ചെയ്തു.
പിറ്റേന്ന് (വെള്ളിയാഴ്ച)രാവിലെ തന്നെ വൈറസ് ഇല്ലാതാക്കാനായുള്ള ‘സ്‌കാനിംഗ്’ ആരംഭിച്ചു. അതിന് മുമ്പേ തന്നെ, നിര്‍ദേശങ്ങള്‍ നല്‍കാനായി ‘ ക്വിക്ക് സപ്പോര്‍ട്ട് എന്ന സോഫ്റ്റ് വെയര്‍ , മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടിരുന്നു..മൊബൈലില്‍ കൂടി നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് കമ്പ്യൂട്ടറില്‍ ആവശ്യമായ മാറ്റങ്ങള്‍ നടത്താന്‍ , തട്ടിപ്പുകാര്‍,ഉടമയുടെയും സഹായം തേടിയിരുന്നു. ഏതാനം മണിക്കൂറുകളെടുത്ത തുടര്‍ച്ചയായ സ്‌കാനിംഗുകള്‍ക്ക് ശേഷം അപകടകരമായ അവസ്ഥകള്‍ തരണം ചെയ്തെന്നും,പുതിയ സോഫ്റ്റ് വെയർ ഇന്‍സ്റ്റാള്‍ ചെയ്തതയും അവര്‍ അറിയിച്ചു.
ഫീസായ 9 യൂറോ റെവല്യൂറ്റിലൂടെ കൈമാറാന്‍ ശ്രമിച്ചപ്പോള്‍ ,അത് പരാജയപ്പെട്ടുവെന്നും,കാര്‍ഡ് ഉപയോഗിച്ച് പേയ്മെന്റ് നടത്താമെന്നുംതട്ടിപ്പുകാര്‍ പറഞ്ഞു.കാര്‍ഡ് ഉപയോഗിച്ചുള്ള ട്രാന്‍സാങ്ക്ഷന്‍ പരിചയമില്ലെന്ന് ദമ്പതികള്‍ പറഞ്ഞതോടെ മൊബൈലില്‍ ‘ ക്വിക്ക് സപ്പോര്‍ട്ട് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത് കൊണ്ട് തങ്ങള്‍ സഹായിക്കാം എന്ന് തട്ടിപ്പുകാര്‍ പറഞ്ഞു.
ഒന്‍പത് യൂറോയുടെ ബില്‍ കംപ്യുട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞതോടെ ,അത് അപ്രൂവ്ചെയ്യാന്‍ മൊബൈലിലൂടെ പ്രത്യക്ഷപ്പെടുന്ന കോഡ് നമ്പര്‍ ടൈപ്പ് ചെയ്യാനും ഫോണിലൂടെ തന്നെ ആവശ്യം വന്നതോടെ , അവര്‍ നിര്‍ദേശിച്ച പ്രകാരം പ്രത്യക്ഷപ്പെട്ട 498525 എന്ന ‘കോഡ് നമ്പര്‍’ ടൈപ്പ് ചെയ്തു. ഉടന്‍ തന്നെ 9 യൂറോ ബില്‍ അപ്രത്യക്ഷമാവുകയും, 9 യൂറോ ക്രഡിറ്റ് ചെയ്യപ്പെട്ടതായി അറിയിക്കുകയൂം ചെയ്തു.
എന്നാല്‍ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ് വെയർ സുരക്ഷിതമാക്കുന്നതിനായി അടുത്ത ഏതാനം മണിക്കൂറുകളില്‍ കൂടി മൊബൈലും,കമ്പ്യുട്ടറും ഓഫ് ചെയ്തു വെയ്ക്കണമെന് ദമ്പതികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഇത് പ്രകാരം ദമ്പതികള്‍ അവരുടെ മൊബൈലും,കമ്പ്യുട്ടറും ഓഫ് ചെയ്ത് വെയ്ക്കുകയും ചെയ്തു.
ഏതാനം മണിക്കൂറുകള്‍ക്ക് ശേഷം മൊബൈല്‍ ഓണ്‍ ചെയ്തു ബാങ്ക് ബാലന്‍സ് ചെക്ക് ചെയ്തപ്പോഴാണ് തങ്ങളുടെ അക്കൗണ്ടില്‍ നിന്നും 4985.25 യൂറോ ട്രാന്‍സ്ഫാര്‍ ചെയ്തു പോയതായി ദമ്പതികള്‍ക്ക് മനസിലായത്. ഉടന്‍ തന്നെ എ ഐ ബിയുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ചു കാര്‍ഡ് ബ്ലോക്ക് ചെയ്തെങ്കിലും, ബാങ്ക് അവധി ആയതിനാല്‍ കൂടുതല്‍ നടപടികള്‍ക്ക് തിങ്കളാഴ്ച ബാങ്കില്‍ ചെല്ലാനും അധികൃതര്‍ ഉപദേശം നല്‍കി.
ദമ്പതികള്‍ തിങ്കളാഴ്ച രാവിലെ തന്നെ ബാങ്കില്‍ പോയി സംഭവങ്ങള്‍ എഴുതി നല്‍കുകയും,സാഹചര്യം വിശദീകരിക്കുകയും ചെയ്തതോടെ ഗാര്‍ഡായില്‍ കൂടി പരാതി നല്‍കാനായി അവര്‍ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച വൈകുന്നേരം തന്നെ ദമ്പതികളുടെ അക്കൗണ്ടിലേക്ക് ആയിരം യൂറോ ബാങ്കില്‍ നിന്നും അടിയന്തരസഹായമെന്ന നിലയില്‍ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി. പിറ്റേന്ന് ബാക്കി 3985.25 സെന്റും ബാങ്കില്‍ നിന്നും അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തെത്തി.
എന്നാല്‍ ദമ്പതികള്‍ അത്ഭുതപ്പെട്ടത് പിറ്റേന്ന് വീണ്ടുമൊരു 4985.25 യൂറോ കൂടി അക്കൗണ്ടില്‍ എത്തിയത് കണ്ടപ്പോഴാണ് !
ഉടന്‍ തന്നെ ബാങ്കില്‍ വിളിച്ചു കാര്യം പറഞ്ഞു. ഗാര്‍ഡയുടെ കൂടി അന്വേഷണത്തിന്റെ ഫലമായി കള്ള ഇടപാടുകാരുടെ പോര്‍ച്ചുഗലിലുള്ള അക്കൗണ്ട് കണ്ടെത്തി അവരുടെ അക്കൗണ്ടില്‍ നിന്നും തട്ടിച്ചെടുത്ത പണം ,മണിക്കൂറുകള്‍ക്കുള്ളില്‍ തിരികെ എത്തിക്കാന്‍ അധികൃതര്‍ക്കായി.
ആദ്യം തങ്ങള്‍ അഡ്വാന്‍സായി അയച്ച പണം തിരികെ എടുത്തുകൊള്ളാമെന്നും, അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.ഗാര്‍ഡയുടെ കണ്ടെത്തല്‍ പ്രകാരം കപില്‍സിംഗ് എന്ന ഇന്ത്യാക്കാരന്റെ പോര്‍ച്ചുഗലിലുള്ള അക്കൗണ്ടിലേക്കാണ് പണം ട്രാന്‍സ്ഫാര്‍ ചെയ്യപ്പെട്ടതത്രെ.
ബാങ്കിന്റെ പ്രതീകരണം
അയര്‍ലണ്ടില്‍ ബാങ്കുകളുടെ പേരില്‍ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിക്കുന്ന സംഭവങ്ങളേറുന്നുണ്ടെന്ന് എ ഐ ബി അധികൃതര്‍ പ്രതീകരിച്ചു.
കഴിഞ്ഞ വര്‍ഷം ബാങ്കിന്റെ ഉപഭോക്താക്കളില്‍ അഞ്ചിലൊരാള്‍ക്കു നേരെ തട്ടിപ്പിന് ശ്രമമുണ്ടായെന്ന് എഐബി സ്ഥിരീകരിച്ചു.മെസേജ്,ഫോണ്‍ വിളി, ഇമെയില്‍ എന്നിവ വഴിയാണ് ഇവയെല്ലാം നടന്നതെന്നും ബാങ്ക് വ്യക്തമാക്കി.ഇത്തരം തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് എ.ഐ.ബി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ വര്‍ഷം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുപയോഗിച്ച് ഐറിഷ് ഉപഭോക്താക്കളില്‍ നിന്നും തട്ടിയത് ഏകദേശം 22 മില്യണ്‍ യൂറോയാണ്. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രവര്‍ത്തനം വര്‍ദ്ധിച്ചു. ഇത് മുതലെടുക്കാനും ശ്രമമുണ്ടായി.
55 വയസ്സിനു മുകളിലുള്ള ആളുകളാണ് തട്ടിപ്പിനിരയാകുന്നവരിലേറെയും. ഈ പ്രായപരിധിയില്‍പ്പെട്ട 85% ആളുകളും കഴിഞ്ഞ 12 മാസത്തിനിടെ ഏതെങ്കിലും തരത്തിലുള്ള കബളിപ്പിക്കൽ ശ്രമത്തിന് ഇരയായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.എന്നിരുന്നാലും, എല്ലാ പ്രായത്തിലുമുള്ള ഉപഭോക്താക്കളും അപകടത്തിലാണ്. 18-34 വയസ്സ് പ്രായമുള്ള 80% പേർക്കു ‘നേരെയും’ തട്ടിപ്പിന് ശ്രമമുണ്ടായി
അയര്‍ലണ്ടിലെ മൂന്നിലൊന്ന് ആളുകള്‍ക്കും ഒരു ബാങ്കില്‍ നിന്നോ ധനകാര്യ സ്ഥാപനത്തില്‍ നിന്നോ വ്യാജ സന്ദേശം ലഭിക്കുന്നതായി അമരാക് നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി.30% പേര്‍ക്ക് ടെക്നോളജി കമ്പനിയില്‍ നിന്നുള്ളതാണെന്ന പേരിലാണ് വ്യാജ സന്ദേശം ലഭിച്ചത്. 22% പേര്‍ക്ക് റവന്യൂ കമ്മീഷണര്‍മാരുടെ പേരിലും തട്ടിപ്പ് കോളുകളെത്തി.
വ്യാജ സന്ദേശങ്ങളോട് 98% ആളുകളും പ്രതികരിക്കുന്നില്ലെന്ന് ഗവേഷണം പറയുന്നു. എന്നിരുന്നാലും ജനസംഖ്യയുടെ എണ്ണവുമായി കണക്കാക്കുമ്പോള്‍ 2% അത് വളരെ വലിയ കണക്കാണിത്. 63% സന്ദേശം അവഗണിക്കുന്നു. 16% അത് അവരുടെ ബാങ്കില്‍ റിപ്പോര്‍ട്ടു ചെയ്തു. 11% ഇത് യഥാര്‍ത്ഥമാണോ അല്ലയോ എന്ന് പരിശോധിച്ചു.
തട്ടിപ്പിനെതിരെ സദാ സമയവും കരുതിയിരിക്കണമെന്ന് എ ഐ ബി
ഏകദേശം 2% പേര്‍ യഥാര്‍ഥമാണെന്ന് കരുതി വ്യാജ സന്ദേശങ്ങളോട് പ്രതികരിച്ചതായി എഐബിയുടെ ഡിജിറ്റല്‍ തലവന്‍ സീന്‍ ജെവന്‍സ് പറഞ്ഞു.തട്ടിപ്പുകാര്‍ കൂടുതല്‍ സങ്കീര്‍ണമായ രീതികളാണ് പയറ്റുന്നത്.
ആളുകളുടെ പണം മോഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം തട്ടിപ്പുകാരുടെ വര്‍ദ്ധനവ് വളരെ വലുതാണ്.തട്ടിപ്പിന് ഇരയാകില്ലെന്ന് ഉറപ്പുവരുത്താന്‍ ആളുകള്‍ക്ക് ലളിതമായ ചില കാര്യങ്ങള്‍ ഓര്‍മ്മിച്ചാല്‍ മതി.ബാങ്കില്‍ നിന്ന് വരുന്നതായി തോന്നുന്ന ഏതെങ്കിലും ലിങ്കുകളില്‍ ക്ലിക്കുചെയ്യാതിരിക്കുക, യഥാര്‍ത്ഥമല്ലെന്ന് അവര്‍ കരുതുന്ന ഏത് കോളുകളും ജാഗ്രതയോടെ കൈകാര്യം ചെയ്യുക.
ബാങ്കിംഗ് വിശദാംശങ്ങള്‍ ആരുമായും ഒരിക്കലും പങ്കിടരുതെന്ന് എഐബി ഉപഭോക്താക്കളെ ഓര്‍മ്മിപ്പിച്ചു. ‘ഉപയോക്താക്കള്‍ ഒരിക്കലും അവരുടെ പാസ്വേഡുകളോ ലോഗിന്‍ വിശദാംശങ്ങളോ ഒറ്റത്തവണ പാസ് കോഡുകളോ ആരുമായും, ബാങ്കുമായി പോലും പങ്കിടരുത്. എങ്ങനെ സ്വയം പരിരക്ഷിക്കാമെന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി https://aib.ie/text-alerts സന്ദര്‍ശിക്കാവുന്നതാണ്.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.