head1
head3

അയര്‍ലണ്ടില്‍ ജോലി നേടുന്നവരില്‍ മൂന്നിലൊന്നും ഇന്ത്യക്കാര്‍,കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതില്‍ കുറവില്ല

ഡബ്ലിന്‍ : കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതില്‍ വന്‍ വര്‍ധന. കോവിഡ് കാലത്തുംവര്‍ക്ക് പെര്‍മിറ്റ് നേടിയവരില്‍ മൂന്നിലൊന്നും ഇന്ത്യക്കാരാണ്.

കോവിഡ് -19 ബിസിനസില്‍ സ്വാധീനം ചെലുത്തുമ്പോഴും യൂറോപ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക് (ഇഇഎ) പുറത്തു നിന്നുള്ള തൊഴിലാളികളുടെ ജോലി സാധ്യത കുറയുന്നേയില്ലെന്നാണ് എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് വകുപ്പ് പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്.16,419 വര്‍ക്ക് പെര്‍മിറ്റുകളാണ് കഴിഞ്ഞ വര്‍ഷം നല്‍കിയത്.

2020ല്‍ 3,330 തൊഴിലുടമകള്‍ക്കായാണ് ഈ പെര്‍മിറ്റുകള്‍ നല്‍കിയത്. ഇതൊരു റെക്കോഡാണ്.

2009ല്‍ ഓണ്‍ലൈന്‍ റെക്കോര്‍ഡുകള്‍ ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വര്‍ക്ക് പെര്‍മിറ്റാണിത്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37 പെര്‍മിറ്റുകളുടെ വര്‍ദ്ധനവാണിത്.
പെര്‍മിറ്റിനുള്ള 900ലേറെ അപേക്ഷകള്‍ നിരസിച്ചു. 630ല്‍ അധികം അപേക്ഷകള്‍ പിന്‍വലിച്ചു. സോഷ്യല്‍ മീഡിയ കമ്പനികളും ഇറച്ചി ഫാക്ടറികളും ആശുപത്രികളുമാണ് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്.അവയില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളായ ഐസ്ലാന്റ്, നോര്‍വേ, ലിച്ചെന്‍സ്റ്റൈന്‍ എന്നിവയും ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷത്തെ മൊത്തം പെര്‍മിറ്റുകളുടെ മൂന്നിലൊന്നും ഏകദേശം (5,800 പെര്‍മിറ്റുകള്‍ ) ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് നല്‍കിയത്.1,800 ബ്രസീലുകാരും 1,000 പാകിസ്ഥാനികളും പെര്‍മിറ്റുകള്‍ നേടി.

യുഎസ്, ചൈന, ഫിലിപ്പൈന്‍സ്, സുഡാന്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും പെര്‍മിറ്റുകള്‍ ലഭിച്ചു.മൊത്തം 117 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കഴിഞ്ഞ വര്‍ഷം വര്‍ക്ക് പെര്‍മിറ്റ് നല്‍കിയത്.

ഗൂഗിള്‍, ഫേസ്ബുക്ക്, ആമസോണ്‍ ഡാറ്റാ സര്‍വീസസ്, ആക്സെഞ്ചര്‍ എന്നിവയും രാജ്യത്തെ ഏറ്റവും വലിയ ഇറച്ചി പ്രോസസ്സറുകളിലൊന്നായ ഡോണ്‍ മീറ്റ്സും ആണ് വര്‍ക്ക് പെര്‍മിറ്റുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച കമ്പനികള്‍.

കഴിഞ്ഞ വര്‍ഷം നല്‍കിയ വര്‍ക്ക് പെര്‍മിറ്റുകളില്‍ മൂന്നിലൊന്നും ആരോഗ്യ സംരക്ഷണ തൊഴിലാളികള്‍ക്കാണെന്ന പ്രത്യേകതയുമുണ്ട്. 5,200 ഓളം പേരെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും നിയമിച്ചത്.ഇവരില്‍ തൊണ്ണൂറ്റഞ്ചുശതമാനവും നഴ്സുമാരാണ്..

വര്‍ക്ക് പെര്‍മിറ്റുകളില്‍ രണ്ടാം സ്ഥാനം ഐടി മേഖലയ്ക്കാണ് 4,700 പെര്‍മിറ്റുകളാണ് അനുവദിച്ചത്. കൃഷി, വനം, മത്സ്യബന്ധനം എന്നിവയിലായി 1,800 പെര്‍മിറ്റുകളും നല്‍കി.

രാജ്യത്തെ ഏറ്റവും വലിയ ആശുപത്രികളായ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ലിമെറിക്ക്, ബ്യൂമോണ്ട് ഹോസ്പിറ്റല്‍, ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ഹോസ്പിറ്റല്‍, ദ്രോഗഡ എന്നിവയും നൂറുകണക്കിന് സ്റ്റാഫുകളെ നിയമിച്ചു.

2020 ഏപ്രിലിലെ, ആദ്യ ലോക്ക്ഡൗണില്‍ 1,765 പെര്‍മിറ്റുകളാണ് അനുവദിച്ചത്. വര്‍ക്ക് പെര്‍മിറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനവാണിത്.മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ഐടി സ്പെഷ്യലിസ്റ്റുകള്‍ക്കുമായിരുന്നു ഈ സമയത്ത് വലിയ ഡിമാന്‍ഡ്.

തൊഴില്‍ കാര്യ- സാമൂഹിക സംരക്ഷണ വകുപ്പുകള്‍ വഴി കുറഞ്ഞത് നാല് ആഴ്ചയെങ്കിലും ഒഴിവുകള്‍ പരസ്യപ്പെടുത്തിയ ശേഷമേ വര്‍ക്ക് പെര്‍മിറ്റുകള്‍ വഴി പുറത്തുനിന്നും ആളെ എടുക്കാന്‍ കഴിയൂവെന്നാണ് വ്യവസ്ഥ.

30,000 യൂറോ പ്രതിവര്‍ഷ ശമ്പളം ഉള്ളവര്‍ക്കേ പൊതുവില്‍ തൊഴില്‍ അനുമതി നല്‍കാറുള്ളു.പൈലറ്റ് അഗ്രികള്‍ച്ചറല്‍ സ്‌കീമുകളിലെ ഹോര്‍ട്ടികള്‍ച്ചര്‍- ഇറച്ചി സംസ്‌കരണ തൊഴിലാളികള്‍ക്കും ഡയറി ഫാം അസിസ്റ്റന്റുമാര്‍ക്കും മിനിമം 20,000 യൂറോ ശമ്പളത്തില്‍ പെര്‍മിറ്റ് നല്‍കുന്നുണ്ട്.

ഹോട്ടല്‍ മാനേജര്‍മാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ഫിറ്റ്നസ് ഇന്‍സ്ട്രക്ടര്‍മാര്‍, റിസപ്ഷനിസ്റ്റുകള്‍, ബാങ്ക് ക്ലാര്‍ക്കുകള്‍ എന്നിവരുള്‍പ്പെടെയുള്ള നിരവധി ജോലികള്‍ ഇക്കാരണത്താല്‍ വര്‍ക്ക് പെര്‍മിറ്റിന് അയോഗ്യരാണ്. രണ്ട് വര്‍ഷത്തേക്കാണ് പെര്‍മിറ്റുകള്‍ നല്‍കുന്നത്. കൂടാതെ മൂന്ന് വര്‍ഷത്തേക്ക് പുതുക്കാനും കഴിയും.

അയര്‍ലണ്ടില്‍ ജോലി :വ്യാജ ഓഫറുകള്‍ പെരുകുന്നു

ഇന്ത്യയിലെ ഡല്‍ഹി,ആന്ധ്രാ,തമിഴ്നാട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ചില കമ്പനികള്‍ വ്യാജ ഓഫര്‍ ലെറ്ററുകള്‍ ഉപയോഗിച്ച് ജോലിഓഫര്‍ നല്‍കി അപേക്ഷകരില്‍ നിന്നും പണം തട്ടുന്നതായി അയര്‍ലണ്ടിലെ ജസ്റ്റീസ് വകുപ്പിന് പരാതി ലഭിച്ചിട്ടുണ്ട്.

പ്രധാനമായും ഹോട്ടല്‍ മേഖലയില്‍ ജോലി നല്‍കാമെന്ന വാഗ്ദാനമാണ് ഇവര്‍ നല്‍കുന്നത്.ജോലി തേടുന്നവര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ഓഫറുകള്‍ വ്യാജമാണോ, യാഥാര്‍ത്ഥമാണോ എന്ന് കണ്ടെത്തണമെന്നാണ് ജസ്റ്റിസ് വകുപ്പിന്റെ നിലപാട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/DI6e4vSsv329e4CXtWXO8H

 



Comments are closed.