head3
head1

അയര്‍ലണ്ടിലൂടെ യു കെ യിലെത്താന്‍ പ്രത്യേക വിസ വേണ്ട… പകരം ഇ ടി എ

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഇന്ത്യന്‍ പൗരന്മാരടക്കമുള്ള നോണ്‍ ഐറിഷ് ‘റസിഡന്‍സിന് ‘ അതിര്‍ത്തി കടക്കുന്നതിന് പ്രത്യേക വിസ ആവശ്യമാണെന്ന വ്യവസ്ഥ ഒഴിവാക്കുവാനുള്ള തീരുമാനം യു കെ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. പ്രത്യേക വിസ വേണമെന്ന വ്യവസ്ഥയെ നേരത്തേ മുതല്‍ ഐറിഷ് സര്‍ക്കാര്‍ എതിര്‍ത്തിരുന്നതാണ്. ഐറിഷും ബ്രിട്ടീഷുമല്ലാതെ അതിര്‍ത്തിയില്‍ താമസിക്കുന്ന മറ്റു രാജ്യക്കാരായ പൗരന്മാരുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നതാണിതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

അയര്‍ലണ്ടില്‍ സ്ഥിരമായി താമസിക്കുന്ന നോണ്‍ ഐറിഷ് പൗരന്മാര്‍ക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്ക് പോകുന്നതിനും പ്രത്യേക വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ടായിരുന്നു. പകരം ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇ ടി എ)ഇതിനും പരിഹാരമാവും

ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇ ടി എ) ഉണ്ടെങ്കില്‍ അയര്‍ലണ്ടില്‍ നിയമപരമായി താമസിക്കുന്നവര്‍ക്ക് കോമണ്‍ ട്രാവല്‍ ഏരിയയില്‍ നിന്ന് യു കെയിലേക്ക് യാത്ര ചെയ്യാം.യു എസില്‍ നിലവിലുള്ള വിസ ഒഴിവാക്കല്‍ സംവിധാനത്തിന് സമാനമായാണ് യു കെയും ഈ പദ്ധതി നടപ്പാക്കുന്നത്. യു കെയിലേക്കുള്ള ഹ്രസ്വകാല നോണ്‍-വിസ യാത്രികര്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷനായി അപേക്ഷിക്കുകയും ബയോമെട്രിക് ഡാറ്റ നല്‍കുേണ്ടതുമുണ്ട്. അതേ സംവിധാനമാകും ഇവിടെ നടപ്പാക്കുക.

ഇ ടി എയുടെ നിരക്ക് തുടങ്ങിയ വിശദാംശങ്ങള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും വര്‍ഷാവസാനം മുതല്‍ ഘട്ടം ഘട്ടമായി ഈ സംവിധാനം അവതരിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന.

കോമണ്‍ ട്രാവല്‍ ഏരിയയില്‍പ്പെടുന്നതിനാല്‍ ഐറിഷ് പൗരന്മാര്‍ക്ക് നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്ക് യാത്ര ചെയ്യുന്നതിന് ഇ ടി എ ആവശ്യമില്ല. എന്നാല്‍ നോണ്‍ ഐറിഷ് ,യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കും മറ്റ് രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് ഉടമകള്‍ക്കും ഇ ടി എയ്ക്ക് അപേക്ഷിക്കേണ്ടി വരുമെന്ന് ഇന്നലെ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

അയര്‍ലണ്ടില്‍ നിയമപരമായി താമസിക്കുന്നവരും ഇ ടി എയ്ക്ക് അപേക്ഷിക്കേണ്ടി വരുമെന്ന് യു കെ സര്‍ക്കാര്‍ വ്യക്തമാക്കി.അയര്‍ലണ്ട് വഴി യു കെയില്‍ എത്തുന്നവര്‍ക്കും രാജ്യത്തെ എമിഗ്രേഷന്‍ നിയമങ്ങള്‍ ബാധകമായിരിക്കും. സന്ദര്‍ശകര്‍ക്ക് ഇ ടി എ ഉണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക   https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</a</

Comments are closed.