head3
head1

അയര്‍ലണ്ടിലെ വിദേശ നഴ്‌സുമാര്‍ക്കായി വീടുകള്‍ നിര്‍മ്മിക്കാനുള്ള ദൗത്യത്തിന് പിന്തുണ നല്‍കാന്‍ എന്‍ എം ബി ഐ

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഭവന പ്രതിസന്ധി നേരിടുന്ന ആയിരക്കണക്കിന് വിദേശ നഴ്സുമാര്‍ക്ക് താമസ സൗകര്യം കണ്ടെത്തുന്നതിന് അടിയന്തര നടപടികള്‍ ഉണ്ടാക്കണമെന്ന് എന്‍ എം ബി ഐ ഡയറക്ടര്‍ ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അയ്യായിരത്തോളം നഴ്സുമാര്‍ കൂടി അയര്‍ലണ്ടിന് ആവശ്യമായി വരും. ഇവരില്‍ അധികവും എത്തിചേരുക വിദേശ രാജ്യങ്ങളില്‍ നിന്നായിരിക്കും. ഇവര്‍ക്കൊക്കെ താമസ സൗകര്യം ഒരുക്കാനുള്ള പദ്ധതിയാണ് അടിയന്തരമായി ഉണ്ടാവേണ്ടതെന്ന് ബോര്‍ഡ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

അയര്‍ലണ്ടില്‍ താമസ സസൗകര്യമില്ലാതെ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ ഇതിനകം രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇ എസ് ബി, സി ഐ ഇ, എച്ച് എസ് ഇ എന്നിവയുള്‍പ്പെടെ രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനാണ് ഹൗസിംഗ് ഫോര്‍ ഓള്‍ പദ്ധതിയില്‍ പരിഗണിക്കുന്നത്.

അയര്‍ലണ്ടിന്റെ ഭവന പ്രതിസന്ധി വിദേശ നഴ്സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കുന്നത് മൊത്തം സംവിധാനത്തിന് ഗുണകരമാവില്ലെന്ന് എന്‍ എം ബി ഐ ഡയറക്ടര്‍ ബോര്‍ഡ് ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിദേശ നഴ്സുമാര്‍ക്ക് താമസ സൗകര്യമൊരുക്കണമെന്നും എന്‍ എം ബി ഐ ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് ഹൗസിംഗ് ഫോര്‍ ഓള്‍ പദ്ധതിയില്‍പ്പെടുത്തി ഈ പ്രശ്നം പരിഹരിക്കണമെന്നുള്ള ആവശ്യം ഉയരുന്നത്.

വിദേശ നഴ്സുമാര്‍ക്ക് ആശ്വാസമാകും

പുതിയ പദ്ധതി നടപ്പായാല്‍ ഈ സൈറ്റുകളില്‍ നിര്‍മ്മിക്കുന്ന ഓരോ വീടും 100% സാമൂഹികവും അഫോര്‍ഡബിളും ചെലവ് കുറഞ്ഞതുമായ റന്റല്‍ ഭവനങ്ങളായിരിക്കും. കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കഴിയുന്നത് വിദേശ നഴ്സുമാരെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസകരമാകും. കാരണം ശമ്പളത്തിന്റെ നല്ലൊരു ഭാഗവും താമസത്തിനും മറ്റുമായാണ് ഇവര്‍ ചെലവിടുന്നത്.

ഭൂമി ഏറ്റെടുത്ത് വികസിപ്പിക്കുന്നതിനായി എല്‍ ഡി എയ്ക്ക് സര്‍ക്കാര്‍ 3.5 ബില്യണ്‍ യൂറോ ലഭ്യമാക്കിയിട്ടുണ്ട്. 12 സൈറ്റുകള്‍ ലാന്‍ഡ് ഡവലപ്‌മെന്റ് ഏജന്‍സി ഇതിനകം ഏറ്റെടുത്തിട്ടുമുണ്ട്. വരും വര്‍ഷങ്ങളില്‍ ഇവിടങ്ങളില്‍ 6,000 വീടുകള്‍ ഇവിടെ മാത്രം നിര്‍മ്മിക്കുമെന്നാണ് കരുതുന്നത്.

ഡബ്ലിനിലെ ഡണ്‍ഡ്രമില്‍ മുന്‍ സെന്‍ട്രല്‍ മെന്റല്‍ ഹോസ്പിറ്റലിന്റെ സൈറ്റില്‍ 1,200 പുതിയ വീടുകളാണ് നിര്‍മ്മിക്കുക. കോര്‍ക്ക് സിറ്റി ഡോക്ക്‌ലാന്റ്‌സിലെ വലിയ സൈറ്റ്, ലിമെറിക്കിലെ കോള്‍ബെര്‍ട്ട് സ്റ്റേഷന്‍, ഡബ്ലിനിലെ ഷാംഗഞ്ച് സൈറ്റ് എന്നിവയും ഭവന നിര്‍മ്മാണത്തിനായി ഏറ്റെടുത്ത സൈറ്റുകളാണ്. ഇവയില്‍ ചിലതിന്റെ പണികള്‍ ആരംഭിച്ചെങ്കിലും മറ്റു നിരവധി സ്ഥലങ്ങള്‍ ഇപ്പോഴും ഉപയോഗിക്കാതെ കിടപ്പുണ്ട്.

രണ്ട് വര്‍ഷത്തിനുള്ളില്‍ എത്തുക 5000 നഴ്സുമാര്‍

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അയ്യായിരത്തോളം നഴ്‌സുമാരെ കൂടി അയര്‍ലണ്ടിന് ആവശ്യമായി വരുമെന്ന് എന്‍ എം ബി ഐ ചൂണ്ടിക്കാട്ടിയിരുന്നു. ഇവരില്‍ അധികവും വിദേശ രാജ്യങ്ങളില്‍ നിന്നായിരിക്കും എത്തുക. ഇവര്‍ക്കൊക്കെയും നിലവില്‍ ഇവിടെ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കും താമസ സൗകര്യം ഒരുക്കേണ്ടതുണ്ട്.

ഉയര്‍ന്ന വാടകയും മോര്‍ട്ട് ഗേജുമാണ് നഗരമേഖലകളില്‍ താമസിക്കേണ്ടി വരുന്ന നഴ്‌സുമാരുടെ ജീവിത ചെലവുകള്‍ വര്‍ദ്ധിക്കാന്‍ പ്രധാന കാരണമാകുന്നതെന്ന് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഷാല്‍ബിന്‍ ജോസഫ് കല്ലറയ്ക്കല്‍ വ്യക്തമാക്കി.

അവര്‍ക്കായി പ്രത്യേക അഫോഡബിള്‍ വീടുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഉപയോഗിക്കാതെ കിടക്കുന്ന എച്ച് എസ് ഇയുടെ ലാന്‍ഡ്, നഴ്‌സുമാരുടെ ഭവന പദ്ധതിക്കായി മാറ്റി വെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കോവിഡ് കാലത്ത് നിസ്തുല സേവനം ചെയ്‌തെന്നത് മാത്രമല്ല, രാജ്യത്തെ ആരോഗ്യ മേഖലയുടെ ജീവനാഡിയായി വിദേശത്ത് നിന്നും ജോലിക്കെത്തുന്നവര്‍ മാറിയെന്ന വസ്തുത മനസിലാക്കി അവര്‍ക്കുള്ള അത്യാവശ്യ സേവനം എങ്കിലും ഒരുക്കി നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്ത മാസങ്ങളില്‍ ഇതിനായുള്ള പ്രത്യേക കാമ്പയിന്‍ നടപ്പാക്കി സര്‍ക്കാരില്‍ സമ്മര്‍ദ്ദം സൃഷ്ഠിക്കാന്‍ അയര്‍ലണ്ടിലെ നഴ്സുമാരുടെ കൂട്ടായ ശ്രമം ഉണ്ടാവണമെന്നും ഷാല്‍ബിന്‍ പറഞ്ഞു.

ഭവന പ്രതിസന്ധി പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായി ഹൗസിംഗ് ഫോര്‍ ഓള്‍ പദ്ധതി പ്രകാരം അടുത്ത ഒമ്പത് വര്‍ഷത്തിനുള്ളില്‍ 300,000-ലധികം വീടുകളാണ് നിര്‍മ്മിക്കുന്നത്. 20 ബില്യണ്‍ യൂറോയുടെ പദ്ധതി 2030 -ഓടെയാണ് പൂര്‍ത്തിയാക്കുക.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.