head3
head1

അയര്‍ലണ്ടില്‍ കുഴല്‍പ്പണമൊഴുകുന്നു… ആറു മാസത്തിനുള്ളില്‍ നടന്നത് 12 മില്യണ്‍ യൂറോയുടെ ഇടപാടുകള്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കുഴല്‍പ്പണമൊഴുകുന്നു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മാത്രം 3,000 അക്കൗണ്ടുകളിലൂടെ 12 മില്യണ്‍ യൂറോയുടെ കുഴല്‍പ്പണം ഒഴുകിയെത്തിയെന്നാണ് ബാങ്കിംഗ് & പേയ്‌മെന്റ് ഫെഡറേഷന്‍ അയര്‍ലണ്ടിന്റെ (ബി പി എഫ് ഐ) ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

18നും 24നും ഇടയില്‍ പ്രായമുള്ളവരുടേതാണ് കണ്ടെത്തിയ ഈ അക്കൗണ്ടുകളില്‍ ഭൂരിഭാഗവുമെന്നതും ഞെട്ടിക്കുന്നതാണ്.ഒരു അക്കൗണ്ടിലൂടെ ഏറ്റവും കുറഞ്ഞത് 4,000 യൂറോയുടെ ഇടപാടുകളെങ്കിലും നടന്നിട്ടുണ്ടെന്നും കണക്കാക്കപ്പെടുന്നു. ജീവിതച്ചെലവുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമാകാനിടയുള്ള വിന്റര്‍ മാസങ്ങളില്‍ ഇത്തരം ക്രിമിനല്‍ ഇടപാടുകള്‍ പെരുകാനിടയുണ്ടെന്നാണ് സംഘടന നല്‍കുന്ന മുന്നറിയിപ്പ്.

അനധികൃതമായി സമ്പാദിക്കുന്ന പണം മറ്റുള്ളവരുടെ പേരിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യുന്നതാണ് കുഴല്‍പ്പണ ഇടപാട്.കുട്ടികളേയും ചെറുപ്പക്കാരെയും സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നവരെയുമാണ് കുഴല്‍പ്പണക്കാര്‍ ഉന്നമിടുന്നത്. പണം ലഭിക്കുമെന്നതിനാല്‍ ഇക്കൂട്ടരെ എളുപ്പത്തില്‍ വലയില്‍ വീഴ്ത്താനുമാകും.കഴിഞ്ഞ വര്‍ഷത്തേതുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇരട്ടിയിലേറെ മ്യൂള്‍ അക്കൗണ്ടുകളാണ് തുറന്നിട്ടുള്ളതെന്ന് ബി പി എഫ് ഐ പറയുന്നു.അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ഇരയായിയാണ് ഇവയില്‍ ഭൂരിപക്ഷം ഇടപാടുകളും നടന്നിട്ടുള്ളത്.

ബാങ്കുകളുമായി ചേര്‍ന്ന് ബി പി എഫ് ഐ നേതൃത്വം നല്‍കിയ ‘ഫ്രാഡ്‌സ്മാര്‍ട്ട്’ പദ്ധതിയിലൂടെ 15 വയസ്സുള്ളവരുടെ ചില അക്കൗണ്ടുകളും കണ്ടെത്തിയിരുന്നു.പണം വാഗ്ദാനം ചെയ്താണ് കുട്ടികളെയും യുവാക്കളെയും ഇടപാടുകാര്‍ കുടുക്കുന്നത്.വിദ്യാര്‍ഥികള്‍, തൊഴില്‍ രഹിതര്‍, സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ എന്നിവരുള്‍പ്പെടെ സാമ്പത്തികമായി ദുര്‍ബലരായ ഗ്രൂപ്പുകളാണ് ഇവര്‍ ടാര്‍ഗെറ്റു ചെയ്യുന്നതെന്ന് ബിപിഎഫ്ഐയുടെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ തലവന്‍ നിയാം ഡാവന്‍പോര്‍ട്ട് പറഞ്ഞു.വിന്റര്‍ മാസങ്ങളില്‍ ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാകുന്നതോടെ മണി-മ്യൂള്‍ ക്രിമിനലുകള്‍ കൂടുതല്‍ സജീവമാകുമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കി.

  ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.