head1
head3

പ്രതിസന്ധികളില്‍ പതറാതെ വളര്‍ച്ചയുടെ പടവുകളിലേയ്ക്ക് നടന്നുകയറിയെന്ന് വിലയിരുത്തല്‍

ഡബ്ലിന്‍ : സാമ്പത്തിക വളര്‍ച്ചയും അച്ചടക്കവും പ്രവര്‍ത്തനമികവും ധന പുരോഗതിയും മുന്‍ നിര്‍ത്തി അയര്‍ലണ്ടിന് നമ്പര്‍ വണ്‍ പദവി നല്‍കി റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്. ശക്തമായ സാമ്പത്തിക വളര്‍ച്ച,മികച്ച അടിസ്ഥാനകാര്യങ്ങള്‍, ആറ് വര്‍ഷത്തെ മിച്ചം, കുറയുന്ന പൊതു കടം എന്നിവയൊക്കെ മുന്‍നിര്‍ത്തിയാണ് മൂഡീസ് അയര്‍ലണ്ടിനെ പരമാധികാര ക്രെഡിറ്റ് റേറ്റിംഗിലേയ്ക്ക് ഉയര്‍ത്തിയത്.

കോവിഡ് പകര്‍ച്ച വ്യാധിയും റഷ്യയുടെ ഉക്രൈന്‍ ആക്രമണവുമൊക്കെ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും സാമ്പത്തിക പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ അയര്‍ലണ്ടിന് കഴിഞ്ഞെന്ന് മൂഡീസ് വിലയിരുത്തുന്നു.

അയര്‍ലണ്ടിന്റെ തുറന്ന സമീപനം എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഉയര്‍ന്ന വളര്‍ച്ച നേടാന്‍ രാജ്യത്തെ പ്രാപ്തമാക്കിയെന്നും മൂഡീസ് പറയുന്നു.അതിലൂടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ജിഡിപി ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ അയര്‍ലണ്ടിന് സാധിച്ചു. റേറ്റിംഗില്‍ എ2വില്‍ നിന്ന് എ 1ലേയ്ക്കാണ് മൂഡീസ് രാജ്യത്തിന് പ്രമോഷന്‍ നല്‍കിയിരിക്കുന്നത്.2010ന് ശേഷം അയര്‍ലണ്ടിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിംഗും 2017ന് ശേഷമുള്ള ആദ്യത്തെ അപ്ഗ്രേഡുമാണിത്.

പ്രതിസന്ധികള്‍ക്കിടയിലും വളര്‍ച്ചയുടെ പടവുകളില്‍

ഇന്ധനത്തിന്റെയും എനര്‍ജിയുടെയും അനുബന്ധ ഇന്‍പുട്ടുകളുടെയും വിലക്കയറ്റം വ്യാപാര മേഖലകളിലാകെ വിവിധങ്ങളായ ആഘാതങ്ങളുണ്ടാക്കി.അതിനിടയിലും പാറപോലെ ഉറച്ചു നില്‍ക്കാനും സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും അയര്‍ലണ്ടിന് കഴിഞ്ഞു.അന്താരാഷ്ട്ര ഉടമ്പടിയുടെ ഭാഗമായി അടുത്തിടെ നടത്തിയ കോര്‍പ്പറേറ്റ് ടാക്സ് പരിഷ്‌കരണവും അതി വിദഗ്ധമായി കൈകാര്യം ചെയ്തു.

പൊതു കടം കുറയ്ക്കാനായി

സാമ്പത്തിക വളര്‍ച്ചയിലെ ശക്തമായ ട്രാക്ക് റെക്കോഡും വര്‍ധിച്ച മത്സരക്ഷമതയും അയര്‍ലണ്ടിന്റെ പ്ലസ് പോയിന്റുകളാണ്. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയിലൂടെ പൊതു കട ബാധ്യതകള്‍ കുറയ്ക്കാനും അയര്‍ലണ്ടിന് കഴിഞ്ഞു.വരും വര്‍ഷങ്ങളിലും കടം കുറയ്ക്കുന്നതിന് അയര്‍ലണ്ടിന് സാധിക്കുമെന്ന് മൂഡീസ് അനുമാനിക്കുന്നു.

ആഭ്യന്തര സമ്പദ്വ്യവസ്ഥയില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെട്ടിരുന്നു. എന്നിട്ടും കട ബാധ്യത വര്‍ധിച്ചില്ല. അടിസ്ഥാന ധന പ്രതിരോധശേഷിയും ഉയര്‍ന്ന നികുതി വരുമാനവും നല്‍കിയ കരുത്താണ് ഇവിടെ രാജ്യത്തിന് തുണയായത്.

യാത്ര കൂടുതല്‍ മുന്നോട്ടാകും

കോവിഡ് സഹായ പദ്ധതികള്‍ പിന്‍വലിച്ചതും നികുതി വരുമാനം വര്‍ദ്ധിപ്പിക്കുകയുമൊക്കെ ചെയ്തതിലൂടെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സാമ്പത്തിക പുരോഗതിയുണ്ടാകുമെന്നും മൂഡീസ് പറയുന്നു.മൂഡീസ് അയര്‍ലണ്ടിന്റെ ഹ്രസ്വകാല റേറ്റിംഗിലും അയര്‍ലണ്ട് പി1 എന്ന ഉയര്‍ന്ന പോയിന്റ് നിലനിര്‍ത്തി.

അയര്‍ലണ്ടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ലഭിച്ച ശക്തമായ അംഗീകാരമാണിതെന്ന് നാഷണല്‍ ട്രഷറി മാനേജ്‌മെന്റ് ഏജന്‍സി ഫണ്ടിംഗ് ആന്‍ഡ് ഡെറ്റ് മാനേജ്‌മെന്റ് ഡയറക്ടര്‍ ഫ്രാങ്ക് ഒ’കോണര്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.