head3
head1

അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റ നയ പുനപരിശോധന : പ്രതിപക്ഷത്തെ വിമര്‍ശിച്ച് സര്‍ക്കാര്‍ പക്ഷം

ഡബ്ലിന്‍ : കുടിയേറ്റവുമായി ബന്ധപ്പെട്ട നയം പുനപ്പരിശോധിക്കുമെന്ന പ്രഖ്യാപനത്തെ വിമര്‍ശിച്ച പ്രതിപക്ഷ പാര്‍ട്ടികളെ കടന്നാക്രമിച്ച ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. അവര്‍ക്ക് പ്രശ്നം പരിഹരിക്കണമെന്നില്ല. എപ്പോള്‍ കുടിയേറ്റത്തെക്കുറിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ തുടങ്ങിയാലും അനാവശ്യ വിമര്‍ശനമുയര്‍ത്തി അത് അവസാനിപ്പിക്കാനാണ് ഇടതുകക്ഷികള്‍ ശ്രമിക്കുകയെന്ന് ഹാരിസ് ആരോപിച്ചു. അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനൊപ്പം ,സാധാരണകുടിയേറ്റത്തിലെ വര്‍ദ്ധനവും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രി പറഞ്ഞു. ,

സിറ്റിവെസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുടിയേറ്റ നയം പുനപ്പരിശോധിക്കുമെന്നായിരുന്നു ഹാരിസിന്റെ പ്രസ്താവന.സര്‍ക്കാര്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നത് വളരെ ഗൗരവമായി പരിഗണിക്കുകയാണെന്നും ഹാരിസ് പറഞ്ഞിരുന്നു.കുടിയേറ്റത്തിന്റെ ഗുണം അംഗീകരിച്ചുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും ഹാരിസ് വ്യക്തമാക്കിയിരുന്നു.

അതേ സമയം,കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അഭയാര്‍ത്ഥി അപേക്ഷകളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നാണ് ജസ്റ്റീസ് വകുപ്പിന്റെ സെപ്റ്റംബറിലെ റിപ്പോര്‍ട്ട് പറയുന്നത്.ഇതു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ വിമര്‍ശനം.

നായകള്‍ അശ്രദ്ധമായി ഓരിയിടുന്നതുപോലെയാണിതെന്ന് ലേബര്‍ പാര്‍ട്ടിയുടെ ആയോധാന്‍ ഒ റിയര്‍ഡൈന്‍ എം ഇ പി ആരോപിച്ചു. അതേസമയം, നൈഗല്‍ ഫാരേജ് പാതയിലേക്ക് പോകാനാണ് ഹാരിസ് ശ്രമിക്കുന്നതെന്നായിരുന്നു സോഷ്യല്‍ ഡെമോക്രാറ്റ്സ് ടിഡിയും ജസ്റ്റിസ് വക്താവുമായ ഗാരി ഗാനോണിന്റെ ആക്ഷേപം.ഇതിനെതിരെയാണ് ഹാരിസ് വീണ്ടും രംഗത്തുവന്നത്.

കുടിയേറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കുന്നത് നിരുത്തരവാദപരമാണെന്ന് ഹാരിസ് പറഞ്ഞു.രാജ്യത്തെ ജനങ്ങള്‍ക്കും സാമൂഹിക ഐക്യത്തിനും ഇത് വലിയ ദ്രോഹമാണ്.കുടിയേറ്റമെന്നത് നമ്മുടെ രാജ്യത്തിന്റെയും യൂറോപ്യന്‍ യൂണിയന്റെയും നിയമാനുസൃതമായ പരിഗണനാ വിഷയവും നയവുമാണ്.

അയര്‍ലണ്ടില്‍ 80% അഭയാര്‍ത്ഥി അപേക്ഷകളും നിരസിക്കുന്നുവെന്ന വസ്തുതയാണ് കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണെന്ന് വിശ്വസിക്കാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. അഭയാര്‍ത്ഥി അപേക്ഷകള്‍ മാത്രമല്ല പൊതുവായ കുടിയേറ്റ കണക്കുകളും വളരെ ഉയര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വേണമെങ്കില്‍ ഇതും കേട്ട് മിണ്ടാതിരിക്കാമായിരുന്നു.എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ എന്ന നിലയില്‍ വിഷയങ്ങളില്‍ ഇടപെടുകയാണ് ചെയ്യേണ്ടത്. അതാണ് താന്‍ ചെയ്തതെന്നും ഹാരിസ് വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.