head1
head3

അഡാപ്‌റ്റേഷന്‍, ആപ്റ്റിറ്റിയൂഡ് പരീക്ഷാ രീതികളില്‍ സമഗ്രമാറ്റം വേണം : മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട്

ഡബ്ലിന്‍: നിലവില്‍ മൈഗ്രന്റ് സൗഹൃദമല്ലാത്ത രീതിയില്‍ നടത്തിവരുന്ന അഡാപ്‌റ്റേഷന്‍, ആപ്റ്റിട്യൂട് പരീക്ഷാരീതികളെപ്പറ്റി ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ ഇവ രണ്ടും മൈഗ്രന്റ് സൗഹൃദരീതിയില്‍ സമഗ്രമായി പരിഷ്‌കരിക്കണമെന്ന ആവശ്യം മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് ഭാരവാഹികള്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ടുമായി (NMBI) ഓണ്‍ലൈന്‍ യോഗത്തില്‍ ഉന്നയിച്ചു. NMBIയെ പ്രതിനിധീകരിച്ചു സി ഇ ഓ ഷീല മാക്ക്ളെലാന്‍ഡ്, റെജിസ്‌ട്രേഷന്‍ വകുപ്പ് മേധാവി റേ ഹീലി, എഡ്യൂക്കേഷന്‍ വകുപ്പ് മേധാവി കരോലിന്‍ ഡോണോഹൂ എന്നിവരും മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ടിനെ പ്രതിനിധീകരിച്ചു. വര്‍ഗ്ഗീസ് ജോയ്, വിനു കൈപ്പിള്ളി, ആഗ്‌നസ് ഫെബിന, സോമി തോമസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

അഡാപ്‌റ്റേഷന്‍ പ്രോഗ്രാം നടത്തിപ്പുമായി ബന്ധപ്പെട്ട ഗുരുതരമായ പരാതികള്‍ മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് ഭാരവാഹികള്‍ യോഗത്തില്‍ ഉന്നയിച്ചു. സാംസ്‌കാരികമായി വലിയ വ്യത്യാസങ്ങളുള്ള അയര്‍ലണ്ടില്‍ എത്തുന്ന മൈഗ്രന്റ് നഴ്‌സുമാരുടെ പരിചയക്കുറവും സമ്മര്‍ദ്ദവും കണക്കിലെടുക്കാതെയുള്ള സമീപനമാണ് സൂപ്പര്‍വൈസര്‍മാര്‍ സ്വീകരിക്കുന്നതെന്നും ഇത് നഴ്‌സുമാര്‍ അഡാപ്‌റ്റേഷനില്‍ പരാജയപ്പെടുന്നതിലേക്കും തുടര്‍ന്നുള്ള അവരുടെ പ്രകടനം മോശമാകുന്നതിലേക്കും നയിക്കുന്നു എന്ന കാര്യം NMBI സി ഇ ഓയെ ധരിപ്പിച്ചു.

കൂടാതെ അഡാപ്‌റ്റേഷന്‍ നടത്തിപ്പുകാരുടെ മോശമായ പെരുമാറ്റവും സമീപനവുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന പരാതികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. അഡാപ്‌റ്റേഷന്‍ പ്രോഗ്രാമിന്റെ പോരായ്മകള്‍ പരിഹരിക്കാന്‍ NMBI ഇത് നടത്തുന്ന എല്ലാ ആശുപത്രികളിലും കൃത്യമായ പരിശോധനകളും ഓഡിറ്റും നടത്തണമെന്നും എല്ലാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അഡാപ്‌റ്റേഷന്‍ നടക്കുന്ന സമയത്തും അതിന്റെ അവസാനത്തിലും ഫീഡ്ബാക്ക്/അഭിപ്രായ സര്‍വ്വേ സ്വീകരിക്കണമെന്നും മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അഡാപ്‌റ്റേഷന്‍ നടക്കുന്നതിടയില്‍ ഏതെങ്കിലും കാര്യത്തില്‍ പരാതിയുണ്ടായാല്‍ അക്കാര്യം ഉടനെ തന്നെ അതാത് ആശുപത്രിയിലെ അഡാപ്‌റ്റേഷന്‍ പ്രോഗ്രാം ഡയറക്ടറെ നഴ്‌സുമാര്‍ അറിയിക്കുകയാണെകില്‍ അതിനു പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നും അല്ലെങ്കില്‍ NMBI ഇടപെടാന്‍ സന്നദ്ധമാണെന്നും സി ഇ ഓഷീല മാക്ക്ളെലാന്‍ഡ് യോഗത്തെ അറിയിച്ചു.

ആപ്റ്റിട്യൂട് പരീക്ഷയുമായി ബന്ധപ്പെട്ട സമാനമായ പരാതികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പരീക്ഷ തുടങ്ങുന്നതിനു മുന്‍പും പരീക്ഷയുടെ ഇടക്കും പരീക്ഷാ നടത്തിപ്പുകാരുടെ മോശമായ പെരുമാറ്റം സംബന്ധിച്ച പരാതികള്‍ മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് ഭാരവാഹികള്‍ യോഗത്തില്‍ ഉന്നയിച്ചു. ഇക്കാര്യത്തിലും NMBI കൃത്യമായ പരിശോധനകളും ഓഡിറ്റും നടത്തണമെന്നും എല്ലാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഫീഡ്ബാക്ക്/അഭിപ്രായ സര്‍വ്വേ സ്വീകരിക്കണമെന്നും മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

നിലവില്‍ എല്ലാ സ്റ്റേഷനുകളില്‍ നിന്നും തത്സമയം റിപ്പോര്‍ട്ടുകള്‍ NMBI സ്വീകരിക്കുകയും ഏതെങ്കിലും സ്റ്റേഷനുകളില്‍ അസാധാരണമായ രീതിയില്‍ ഉയര്‍ന്ന നിരക്കില്‍ ഉദ്യോഗാര്‍ത്ഥികള്‍ പരാജയപ്പെട്ടാല്‍ അപ്പോള്‍ തന്നെ അത് പരിശോധിച്ച് വരുന്നുണ്ട് എന്ന് റെജിസ്‌ട്രേഷന്‍ വകുപ്പ് മേധാവി റേ ഹീലി യോഗത്തെ അറിയിച്ചു. ആപ്റ്റിട്യൂട് പരീക്ഷക്ക് മുന്‍പ് നല്‍കി വന്നിരുന്ന എക്‌സാം വിസ പുനഃസ്ഥാപിക്കണമെന്നും നിലവില്‍ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലണ്ട് മാത്രം പരീക്ഷ നടത്തുന്ന സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായി മറ്റു സെന്ററുകളിലും ആപ്റ്റിട്യൂട് പരീക്ഷ നടത്തണമെന്നും ഉള്ള ആവശ്യങ്ങള്‍ മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് ഭാരവാഹികള്‍ യോഗത്തില്‍ ഉന്നയിച്ചു. എക്‌സാം വിസയുടെ കാര്യം പരിശോധിക്കാമെന്നും മറ്റു സ്ഥാപനങ്ങളോട് പരീക്ഷ നടത്താന്‍ NMBI ആവശ്യപ്പെട്ടിരുന്നു എന്നും റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലണ്ട് മാത്രമാണ് അതിനു സന്നദ്ധമായതു എന്ന കാര്യവും സി ഇ ഓഷീല മാക്ക്ളെലാന്‍ഡ് യോഗത്തില്‍ വിശദീകരിച്ചു.

അഡാപ്‌റ്റേഷന്‍ പ്രോഗ്രാമില്‍ പരാജയപ്പെട്ട നഴ്‌സുമാര്‍ക്ക് ആപ്പീല്‍ നല്കുന്നതുമായുള്ള പാകപ്പിഴകള്‍ മൈഗ്രന്റ് നഴ്‌സസ് അയര്‍ലണ്ട് ഭാരവാഹികള്‍ യോഗത്തില്‍ ഉന്നയിച്ചു. പലപ്പോഴും അവസാന റിപ്പോര്‍ട്ടും മറ്റു രേഖകളും അതാത് ആശുപത്രികള്‍ കൃത്യസമയത്തു NMBIയിലേക്ക് അയച്ചുകൊടുക്കാതെ വച്ച് താമസിപ്പിക്കുന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് യഥാസമയം അപ്പീല്‍ കൊടുക്കാന്‍ കഴിയാതെ വരുന്ന സാഹചര്യം യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് NMBI യോഗത്തില്‍ ഉറപ്പുനല്‍കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.