സഞ്ചാരികളെ മാള്‍ട്ടയ്ക്ക് വിട്ടോ… അവിടെ കിടിലന്‍ ഓഫറുകളുണ്ട്….ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വമ്പന്‍ ആനുകൂല്യങ്ങളുമായി മാള്‍ട്ട സര്‍ക്കാര്‍
മാള്‍ട്ട : ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വമ്പന്‍ ആനുകൂല്യങ്ങളുമായി മാള്‍ട്ട സര്‍ക്കാര്‍.ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനാണ് ഉത്തേജന പായ്ക്കേജുമായി മാള്‍ട്ട രംഗത്തുവന്നിരിക്കുന്നത്. മറ്റ് ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികള്‍ പോകുന്നതൊഴിവാക്കാനും ഇതിലൂടെ കഴിയുമെന്ന് മാള്‍ട്ട പറയുന്നു.ജൂണ്‍ ഒന്നോടെ മാള്‍ട്ട കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ സമ്മറില്‍ മെഡിറ്ററേനിയന്‍ ദ്വീപില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും താമസിച്ചാല്‍ 200 യൂറോ വീതം അവിടുത്തെ സര്‍ക്കാര്‍ തരും.പ്രാദേശിക ഹോട്ടലുകള്‍ വഴി നേരിട്ട് വേനല്‍ക്കാല അവധി ബുക്ക് ചെയ്യുന്ന വിനോദ സഞ്ചാരികള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുകയെന്ന് ടൂറിസം മന്ത്രി ക്ലേട്ടണ്‍ ബാര്‍ട്ടോലോ അറിയിച്ചു.
പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസ സൗകര്യം ബുക്ക് ചെയ്യുന്ന ടൂറിസ്റ്റുകള്‍ക്ക് മാള്‍ട്ടയിലെ ടൂറിസം അതോറിറ്റിയില്‍ നിന്ന് 100 യൂറോ ലഭിക്കുമെന്ന് ബാര്‍ട്ടോലോ പറഞ്ഞു.ഹോട്ടല്‍ ഇതോടൊപ്പം നൂറ് യൂറോയുടെ ഡിസ്‌കൗണ്ടും നല്‍കുമ്പോള്‍ ആകെ ഇരുനൂറു യൂറോയായി ഇത് ഉയരും..
സമാനമായ നിലയില്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ആകെ 150 യൂറോയും ത്രീ സ്റ്റാര്‍ ഹോട്ടല്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 100 യൂറോയും ലഭിക്കും.
മെയിന്‍ലാന്‍ഡിന് 3 കിലോമീറ്റര്‍ വടക്കുള്ള ചെറിയ മാള്‍ട്ടീസ് ദ്വീപായ ഗോസോയില്‍ ഹോട്ടലുകള്‍ ഉപയോഗിച്ച് ബുക്കിംഗ് നടത്തുന്നവര്‍ക്ക് 10 ശതമാനം കൂടുതല്‍ ഗ്രാന്റും ലഭിക്കുന്നു.
മാള്‍ട്ടയിലെ ഹോട്ടലുകളെ മല്‍സര രംഗത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതിനാണ് ഈ വാഗ്ദാനങ്ങളെന്ന് മന്ത്രി വിശദീകരിക്കുന്നു.ഏകദേശം 35,000 സന്ദര്‍ശകര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാള്‍ട്ടയുടെ സമ്പദ്വ്യവസ്ഥയുടെ 27 ശതമാനത്തിലധികം നേരിട്ടും അല്ലാതെയുമുള്ള ടൂറിസ്റ്റ് വ്യവസായത്തില്‍ നിന്നുള്ളതാണെന്ന് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ മേഖലയെ കോവിഡ് -19 പാന്‍ഡെമിക് ബാധിച്ചു. 2019ല്‍ രാജ്യം 2.7 ദശലക്ഷത്തിലധികം വിദേശ സന്ദര്‍ശകരാണ് ഇവിടെയെത്തിയത്.2020 മാര്‍ച്ചില്‍ വൈറസ് ബാധിച്ചതോടെ ടൂറിസത്തിന്റെ 80 ശതമാനത്തിലധികവും ഇടിഞ്ഞു.
മാള്‍ട്ടയും കോവിഡും
യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ വൈറസ് പ്രതിരോധ കുത്തിവയ്പ്പ് നിരക്കുള്ളത് മാള്‍ട്ടയ്ക്കാണ്; 42 ശതമാനം. മുതിര്‍ന്നവര്‍ക്കും ഇവിടെ ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്.
പുതിയ കോവിഡ് -19 കേസുകളിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പോസിറ്റീവ് ടെസ്റ്റുകളുടെ നിരക്ക് 2.6 ശതമാനമായി കുറഞ്ഞു. യാത്ര സുഗമമാക്കുന്നതിന് വാക്സിന്‍ പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്താന്‍ മാള്‍ട്ട സര്‍ക്കാര്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്.യാത്ര പ്രോല്‍സാഹിപ്പിക്കുന്നതിന് ബ്രിട്ടനുമായി ചര്‍ച്ച നടത്തുമെന്നും ടൂറിസം മന്ത്രി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GJThCk6XX6dBBr95X11Mwz


Comments are closed.