ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് സുസ്വാഗതമോതി മാള്‍ട്ട… റസിഡന്‍സി പെര്‍മിറ്റ് വ്യവസ്ഥകള്‍ ഉദാരമാക്കി
റസിഡന്‍സി പെര്‍മിറ്റുകളുടെ കാലാവധി നീട്ടുന്നതിനും വിദേശ നഴ്‌സുമാര്‍ക്ക് മേലുള്ള ‘ചുവപ്പുനാടകള്‍’ ഒഴിവാക്കുന്നതിനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.ഇതിന്റെ ഭാഗമായി റസിഡന്റ്സ് പെര്‍മിറ്റ് കാലാവധിയുടെ സാധുത മൂന്ന് വര്‍ഷമായി വര്‍ദ്ധിപ്പിക്കും.
നഴ്‌സുമാര്‍ക്കും അവരുടെ കുടുംബത്തിനും ഇവിടേയ്ക്കെത്തുന്നതിനുള്ള ഉദ്യോഗസ്ഥ അനുമതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് പരമാവധി കുറയ്ക്കും. റസിഡന്‍സി അപേക്ഷകളില്‍ 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ പ്രോസസ്സ് ചെയ്യും. പെര്‍മിറ്റുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വെട്ടിക്കുറച്ചു.
ഇന്ത്യ അടക്കമുള്ള യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളിലെ ജീവനക്കാര്‍ക്ക് ആവശ്യമായ എല്ലാ മെഡിക്കല്‍ പരിശോധനകളും സൗജന്യമായി നല്‍കാനും യോഗത്തില്‍ ധാരണയായി. പൊതുമേഖലയില്‍ അനിശ്ചിതകാലത്തേയ്ക്ക് കരാറില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാക്കി.
ബ്യൂറോക്രസിയുടെ ഇടപെടല്‍ മൂലം ഇവിടെ ജോലി ചെയ്യുന്ന നോൺ ഇ യൂ രാജ്യക്കാരായ നഴ്‌സുമാരില്‍ അഞ്ചിലൊന്ന് പേരും യുകെയിലേയ്ക്ക് പോകുന്നതിന് തയ്യാറെടുത്തിരുന്നു.സർക്കാർ സർവീസിൽ നിന്നും മാത്രം ഏതാണ്ട് 140 നഴ്‌സുമാര്‍ ജോലി രാജിവെച്ചിരുന്നു. ഇന്ത്യന്‍, പാകിസ്ഥാന്‍, ഫിലിപ്പിനോ നഴ്സുമാരാണ് മാള്‍ട്ട വിടാനൊരുങ്ങിയത്.
സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ പെര്‍മനന്റ് സെക്രട്ടറി മാരിയോ കുതജര്‍, നഴ്സുമാരുടെ യൂണിയനായ എംയുഎംഎന്‍ പ്രസിഡന്റ് പോള്‍ പേസ്, ഐഡന്റിറ്റി മാള്‍ട്ട അധികൃതർ എന്നിവരുള്‍പ്പെട്ട യോഗങ്ങളിലാണ് അടിയന്തരമാറ്റങ്ങള്‍ ഉടന്‍ പ്രാബല്യത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചത്.
റസിഡന്‍സി പെര്‍മിറ്റ് മൂന്നു വര്‍ഷത്തേയ്ക്ക്
ഐഡന്റിറ്റി മാള്‍ട്ട ഏജന്‍സി നിലവില്‍ ഒരു വര്‍ഷത്തേയ്ക്ക് നല്‍കിയിരുന്ന റസിഡന്‍സി പെര്‍മിറ്റ് ഇതോടെ മൂന്ന് വര്‍ഷത്തേക്ക് സാധുതയുള്ളതാക്കി. റസിഡന്‍സി പെര്‍മിറ്റ് നഴ്‌സുമാര്‍ക്കും അനിശ്ചിതകാല കരാറില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന മറ്റ് ആരോഗ്യ പൊഫഷണലുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
ഫീസ് കുറച്ചു
യൂറോപ്യന്‍ യൂണിയന് പുറത്തുള്ള നഴ്‌സുമാര്‍ക്കും രാജ്യത്ത് ജോലി ചെയ്യുന്ന ആരോഗ്യ പൊഫഷണലുകള്‍ക്കുമുള്ള അപേക്ഷാ ഫീസ് ഗണ്യമായി കുറയ്ക്കും.ഫീസിനത്തില്‍ 500 യൂറോയുടെ കുറവാണ് വരുത്തിയിട്ടുള്ളത്.
മൂന്നുവര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റിന് 250 യൂറോയും റസിഡന്‍സി കാര്‍ഡിന് 82.50 യൂറോയും നല്‍കണം.ഇതിനായി പ്രതിവര്‍ഷം 27.50 യൂറോ ചെലവാകും.മൊത്തത്തില്‍ മൂന്ന് വര്‍ഷത്തെ കാലയളവില്‍, അവര്‍ നിലവിലുള്ള 832.50 യൂറോയ്ക്ക് പകരം 332.50 യൂറോ നല്‍കിയാല്‍ മതിയാകും.
അപേക്ഷകളില്‍ 15 ദിവസത്തിനുള്ളില്‍ തീരുമാനം
ഐഡന്റിറ്റി മാള്‍ട്ട ഏജന്‍സി 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ അപ്ലിക്കേഷനുകള്‍ പ്രോസസ്സ് ചെയ്യും. അപേക്ഷ അംഗീകരിച്ചാല്‍ ഉടന്‍ കാര്‍ഡും ലഭിക്കും. ഇക്കാര്യം അറിയിച്ച് വ്യക്തിപരമായി അപേക്ഷകന് തപാല്‍ വഴി കത്ത് ലഭിക്കും.
കുടുംബാംഗങ്ങളോടും ഉദാര സമീപനം
ഒരുമിച്ച് ഫയല്‍ ചെയ്താല്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും കുട്ടികള്‍ക്കും മൂന്ന് വര്‍ഷത്തേയ്ക്ക് റസിഡന്‍സി പെര്‍മിറ്റ് ലഭിക്കും.ദീര്‍ഘകാല താമസ പെര്‍മിറ്റുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് സാധുതയുള്ള പെര്‍മിറ്റും കിട്ടും.
സ്വകാര്യമേഖലയ്ക്കും ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന ആവശ്യമുയർത്തി സംഘടനകൾ
അതേസമയം, ഈ ഉദാരവ്യവസ്ഥകള്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നൂറുകണക്കിന് മലയാളികൾ അടക്കമുള്ള വിദേശ നഴ്‌സുമാരും,മറ്റു ജോലിക്കാരും മാൾട്ടയിലെ സ്വകാര്യ മേഖലയിലും സേവനം ചെയ്യുന്നുണ്ട്.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കണമെന്ന് ചേംബര്‍ ഓഫ് കൊമേഴ്സ് അടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
‘പൊതുമേഖലയിൽ ഉള്ളവർ മാത്രം ചർച്ചയിൽ പങ്കെടുത്തു എന്നതിനാൽ അവർക്ക് മാത്രമായി ആനുകൂല്യങ്ങൾ പരിമിതിപ്പെടുത്തിയത് അനീതിയാണ്. സര്‍ക്കാര്‍ ഈ തീരുമാനം പുനപ്പരിശോധിക്കണമെന്നും .വര്‍ക്ക് പെര്‍മിറ്റ് കാലാവധി,മെഡിക്കൽ ചെലവുകൾ , എന്നിവ സംബന്ധിച്ച എല്ലാ പുതിയ നിബന്ധനകളും വ്യവസ്ഥകളും പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ എന്നതു പരിഗണിക്കാതെ എല്ലാവര്‍ക്കും വാഗ്ദാനം ചെയ്യണമെന്ന് ചേംബര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മാള്‍ട്ടയില്‍ വിദേശികള്‍ക്കായുള്ള റെസിഡന്‍സ് പെര്‍മിറ്റ് മാറ്റങ്ങള്‍ക്ക് പിന്നില്‍ മലയാളി സാന്നിധ്യവും
മാള്‍ട്ടയില്‍ ജോലി ചെയ്യാനെത്തുന്ന നൂറുകണക്കിന് വിദേശികള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള പെര്‍മിറ്റാണ് ലഭിച്ചിരുന്നത്.
എല്ലാ വര്‍ഷവും ആവശ്യമായ മെഡിക്കല്‍ ടെസ്റ്റും ഐ ഡി കാര്‍ഡ് റിന്യൂവലും നടത്തുന്നതിലുപരി ഇതിനായുള്ള കൂടിയ ഫീസും പ്രവാസികള്‍ക്ക് വേണ്ടിവന്നു. കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ക്ക് അത് അനുവദിച്ചു കിട്ടാനുള്ള കാലതാമസവും വിദേശത്ത് നിന്നും ജോലി ചെയ്യാനെത്തുന്നവര്‍ക്ക് ഒട്ടേറെ ക്ലേശമുണ്ടാക്കിയിരുന്നു.
മറ്റു പല യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും പൊതുവെ എളുപ്പമായ ഫാമിലി റീ യൂണിയന്‍ സമ്പ്രദായം മാള്‍ട്ടയിലെ പ്രവാസികള്‍ക്ക് പക്ഷേ അത്ര എളുപ്പമായിരുന്നില്ല.പ്രത്യേകിച്ചും കുട്ടികളെ മാള്‍ട്ടയിലേയ്ക്ക് ഒപ്പം കൊണ്ടുവരാനാവാത്ത പ്രയാസം അനുഭവിച്ച നൂറുകണക്കിന് മാതാപിതാക്കളാണ് ഇവിടെ ഉണ്ടായിരുന്നത്.
പ്രത്യേകിച്ചും കുട്ടികളെ മാള്‍ട്ടയിലേയ്ക്ക് കൊണ്ടുവരാനും,കൂടെ നിർത്താനും പ്രയാസം അനുഭവിച്ച നൂറുകണക്കിന് മാതാപിതാക്കളാണ് ഇവിടെ ഉണ്ടായിരുന്നത്.കുട്ടികൾക്ക് ഐ ഡി കാർഡിനുള്ള അപേക്ഷ കൊടുത്ത് അനുവദിച്ചു കിട്ടാൻ ഒരു വർഷത്തിലേറെ കാത്തിരിക്കേണ്ടി വന്നവർ ഏറെയാണ്.
തൊടുപുഴ ചുങ്കം സ്വദേശിയായ ജോസ് ആലപ്പാട്ട് ,പാലാ കടനാട് സ്വദേശി അജയ് ടോം എന്നി മലയാളികള്‍ അടക്കമുള്ളവര്‍ ഐതിഹാസികമായ മാറ്റത്തിന് സഹായം തേടി ആദ്യം സമീപിച്ചത് മാള്‍ട്ടയിലെ മാധ്യമങ്ങളെയാണ് .മാള്‍ട്ടയിലെ ഏറ്റവും പ്രധാനമായ ടൈംസ് ഓഫ് മാള്‍ട്ട എന്ന ന്യൂസ് പേപ്പറില്‍ പ്രവാസി ജീവനക്കാരുടെ ദുരിതങ്ങള്‍ അവരുടെ വാക്കുകളിലൂടെ പുറത്തുവന്നത് അധികാരികളുടെ കണ്ണ് തുറപ്പിച്ചു.
മാള്‍ട്ടയിലെ പ്രധാനമന്ത്രിയ്ക്കും, ഉപപ്രധാനമന്ത്രിയ്ക്കുമടക്കം നല്‍കിയ നിവേദനങ്ങളിലൂടെ മാള്‍ട്ടയില്‍ വിദേശികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കാര്യകാരണ സഹിതം അറിയിക്കുകയും കൂടി ചെയ്തതോടെ നടപടികള്‍ ഊര്‍ജ്ജിതമായി. മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിനെകൊണ്ട് തങ്ങള്‍ക്ക് അനുകൂലമായ നടപടികള്‍ സ്വീകരിപ്പിക്കാനായതിന്റെ സന്തോഷത്തിലാണ് മാള്‍ട്ടയിലെ മലയാളികള്‍.
‘ നിവേദനത്തോടൊപ്പം സമര്‍പ്പിച്ച, മകന്റെ ഐ ഡി കാര്‍ഡിനായി അയച്ച അപേക്ഷയുടെ കാലവിളംബം കണ്ട മാള്‍ട്ടയുടെ ഉപപ്രധാനമന്ത്രി പോലും ഞെട്ടിപ്പോയി…ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് ഉടന്‍ പരിഹാരമുണ്ടാക്കാനായുള്ള ശ്രമം ആരംഭിച്ചത് അവിടം മുതലാണ്.’ അജയ് ടോമി ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.
ദുരിതങ്ങള്‍ എണ്ണി പറഞ്ഞുള്ള മലയാളികളുടെ പരാതിയുടെ കോപ്പി ലഭിച്ച കമ്മീഷണര്‍ ഓഫ് ചില്‍ഡ്രന്റെ ചോദ്യങ്ങള്‍ക്ക് ‘ഐഡന്റിറ്റി മാള്‍ട്ടയ്ക്ക്’ ഉത്തരമില്ലായിരുന്നു. പക്ഷെ അനുകൂല നടപടികള്‍ ഉണ്ടായത് വെറും രണ്ട് മാസത്തിനുള്ളിലാണ് ! മലയാളി സമൂഹമാണ് ഇത്തരമൊരു ആവശ്യവുമായി മുന്നിട്ടിറങ്ങിയതെങ്കിലും മാള്‍ട്ടയിലുള്ള എല്ലാ വിദേശിയര്‍ക്കുമാണ് ഇതിന്റെ ഗുണം ലഭിക്കുക എന്നതില്‍ ഒത്തിരി സന്തോഷമുണ്ട്.’ അജയ് ടോമി പറഞ്ഞു.
ചിലരെല്ലാം വിചാരിച്ചത് ശമ്പളം കൂടുതല്‍ കിട്ടുമെന്നതിനാലാണ് മാള്‍ട്ടയിലെ വിദേശ നഴ്സുമാര്‍ യൂ കെ അടക്കമുള്ള രാജ്യങ്ങളിലേക്ക് പോകുന്നതെന്നായിരുന്നു. എന്നാല്‍ നഴ്സുമാരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ അറിഞ്ഞപ്പോള്‍ പരിഹാരത്തിന് സര്‍ക്കാര്‍ കാലതാമസം എടുത്തില്ലെന്നത് അഭിനന്ദനീയമാണ്.അദ്ദേഹം പറഞ്ഞു.
‘ഐ ഡി കാര്‍ഡ് സമയത്തിന് ലഭിക്കാതെ നാട്ടിലേയ്ക്ക് ഉറ്റവരുടെ മരണാവശ്യത്തിന് പോലും പോകാന്‍ കഴിയാത്തവര്‍ ഏറെയാണ്. അക്ഷരാര്‍ത്ഥത്തില്‍ ദുരിതത്തിന്റെ ദിവസങ്ങളാണ് ഇപ്പോള്‍ അവസാനിക്കുന്നത്.’ സ്വന്തമായി വീട് വാങ്ങി മാള്‍ട്ടയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ജോസ് ആലപ്പാട്ട് പറയുന്നു.
‘എങ്കിലും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരെ കൂടെ പുതിയ ഭേദഗതിയുടെ പരിധിയില്‍ സര്‍ക്കാര്‍ കൊണ്ടുവന്നാലേ നമ്മുടെ മുന്നേറ്റത്തിന്റെ ഫലം പൂര്‍ത്തിയാവുകയുള്ളു. അദ്ദേഹം പറഞ്ഞു’.
മാള്‍ട്ടയില്‍ സാധ്യതകള്‍
കഴിഞ്ഞ വര്‍ഷങ്ങളില്‍ നൂറുകണക്കിന് മലയാളികളാണ് മാള്‍ട്ടയില്‍ നഴ്സിംഗ് അവസരം തേടി എത്തിയത്.. യൂറോപ്പിലേക്ക് എളുപ്പം കുടിയേറാനായുള്ള ഒരു മാര്‍ഗം എന്ന നിലയിലാണ് അധികം പേരും മാള്‍ട്ടയില്‍ എത്തുന്നത്.ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍ക്ക് മാള്‍ട്ടയില്‍ നഴ്സിംഗ് രജിസ്ട്രേഷന്‍ നേരിട്ട് നല്‍കാറില്ല. കെയര്‍ അസിസ്റ്റന്റ് ആയി മാള്‍ട്ടയില്‍ എത്തി, അഡാപ്‌റ്റേഷന് ശേഷം നഴ്സിങ് രജിസ്ട്രേഷന്‍ നേടുന്ന രീതിയാണ് സാധാരണയായി മലയാളികള്‍ സ്വീകരിക്കുന്നത്. ഒരു വര്‍ഷത്തെ കാലാവധിയ്ക്കുള്ളില്‍ തന്നെ ഇപ്രകാരം രജിസ്ട്രേഷന്‍ നേടാന്‍ സാധിച്ചേക്കും.
ഐ ഇ എല്‍ ടി എസിനും,ഓ ഇ ടിയ്ക്കും മറ്റു രാജ്യങ്ങളെക്കാള്‍ കുറവ് സ്‌കോര്‍ മതിയെന്ന മെച്ചം ഇവിടെ ഉണ്ടെങ്കിലും,മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളെക്കാളും അടിസ്ഥാന ശമ്പളം കുറവാണെന്ന ന്യൂനതയും ഇവിടെയുണ്ട്.
എങ്കിലും ഇവിടെയെത്തി രജിസ്ട്രേഷന്‍ നേടിയശേഷം ജര്‍മ്മന്‍ ഭാഷ പഠിച്ചു ജര്‍മിനിയിലേക്കോ,നിശ്ചിതകാലം കഴിഞ്ഞ് യൂ കെയിലേയ്‌ക്കോ കുടിയേറാമെന്ന സാധ്യതയാണ് ഇന്ത്യന്‍ നഴ്സുമാരെ മാള്‍ട്ടയിലേയ്ക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.