head1
head3

ഉച്ചകോടിയില്‍ പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച തീരുമാനങ്ങള്‍ ഭൂരിഭാഗം രാജ്യങ്ങളും അംഗീകരിച്ചു

ഗ്ലാസ്‌ഗോ : സി.ഒ.പി26 ഉച്ചകോടിയുടെ വേദിയില്‍ ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും തമ്മില്‍ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചുള്ള തീരുമാനങ്ങള്‍ അംഗീകരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അവസാനിക്കുന്ന രീതിയിലായിരുന്നു ഐക്യരാഷ്ട്ര സഭ കോണ്‍ഫറന്‍സ് ക്രമീകരിച്ചിരിന്നത്. എങ്കിലും ഗ്ലാസ്‌ഗോ പരിസ്ഥിതി പാക്റ്റിലെ ഏതാനും നിര്‍ണായക വിഷയങ്ങളില്‍ രാഷ്ട്രതലവന്മാരുടെ തീരുമാനങ്ങള്‍ ഐക്യത്തില്‍ എത്തിച്ചേരാന്‍ മദ്ധ്യസ്ഥന്മാര്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നു.

ആഗോള കാര്‍ബണ്‍ ട്രേഡിംഗ് വിപണിയുടെ നയങ്ങള്‍, വികസ്വര രാജ്യങ്ങളെ കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സഹായിക്കുന്ന ക്ലൈമറ്റ് ഫൈനാന്‍സ് തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. അവികസിത രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള സഹായത്തിനായി വികസിത രാജ്യങ്ങളുടെ 100 ബില്യണ്‍ ഡോളര്‍ എന്ന പദ്ധതി അംഗീകരിക്കപ്പെട്ടില്ല. ഈ ലക്ഷ്യം നേടാന്‍ സാധിക്കുന്നതനുസരിച്ച് ഉച്ചകോടിയുടെ വിജയം അളക്കാമെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. എങ്കിലും ഈ വിലയിരുത്തലില്‍ പരിഗണിക്കാവുന്ന മറ്റനേകം അളവുകോലുകളുണ്ട്.

ഡബിള്‍ കൗണ്ടിംഗ് പോലെയുള്ള വലിയ പഴുതുകള്‍ പുതിയ രേഖയിലൂടെ പരിഹരിക്കുന്നതായി 2015 പാരിസ് എഗ്രിമെന്റ് രൂപീകരിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ലോറന്‍സ് ടുബിയാന പറഞ്ഞു. എങ്കിലും കമ്പനികളും രാജ്യങ്ങളും വെട്ടിപ്പ് നടത്തുന്നത് തടയാന്‍ ഇത് പര്യാപ്തമല്ല. കൃത്യമായ നിരീക്ഷണ സംവിധാനം ഉണ്ടായിരിക്കണം. ദേശീയ സംഭാവനകളില്‍ 2030 ലക്ഷ്യം ശക്തിപ്പെടുത്താനും രാജ്യങ്ങള്‍ തയ്യാറാകണമെന്ന് നിര്‍ദേശിക്കുന്നു. 2022 അവസാനത്തോടെ പാരിസ് എഗ്രിമെന്റിലെ താപനില ഗോള്‍ നേടാന്‍ ഇത് പ്രധാനമാണ്. ഐക്യരാഷ്ട്ര സഭയുടെ രേഖകളില്‍ റിക്വസ്റ്റ് എന്നത് തീര്‍ച്ചയായും ചെയ്യണമെന്നതിന് തൊട്ടടുത്ത് നില്‍ക്കുന്നു. ഉച്ചകോടിയിലെ പ്രതിജ്ഞകള്‍ 1.5 ഡിഗ്രീ സെല്‍ഷ്യസ് ലക്ഷ്യത്തില്‍ നിന്നും അകലെയാണ്. ഈ സഹസ്രാബ്ദത്തില്‍ 2.7 ഡിഗ്രീ താപനില വര്‍ദ്ധിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്തിന്റെ പല ഭാഗങ്ങളിലും വര്‍ദ്ധിച്ചു വരുന്ന പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ രാജ്യങ്ങള്‍ക്ക് സഹായം നല്‍കാനും കാര്യമായ നടപടികള്‍ രേഖയില്ലില്ല. സമ്പന്ന രാജ്യങ്ങളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അപകടസാധ്യതയിലുള്ള ദരിദ്ര രാജ്യങ്ങള്‍ അവഗണിക്കപ്പെട്ടെന്ന് പവര്‍ ഷിഫ്റ്റ് ആഫ്രിക്ക ഡയറക്ടര്‍ മുഹമ്മദ് അഡോ പറഞ്ഞു.

കോണ്‍ഫറന്‍സില്‍ അംഗീകരിച്ച രേഖകള്‍ ഒരു വിട്ടുവീഴ്ചയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗ്യുട്ടറസ് പറഞ്ഞു. പ്രധാന നടപടികള്‍ സ്വീകരിച്ചു. എങ്കിലും ആഴത്തിലുള്ള ചില അഭിപ്രായവ്യത്യാസങ്ങളെ മറികടക്കാന്‍ മാത്രം ശക്തമായ പൊതു രാഷ്ട്രീയ നിലപാട് രൂപംക്കൊണ്ടില്ല. നമ്മുടെ ലോലമായ ഗ്രഹം ഒരു നൂലില്‍ തൂങ്ങി കിടക്കുന്ന അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പൊള്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ നെറ്റ് സീറോയില്‍ എത്താനുള്ള സാധ്യത പൂജ്യമാകും. സി.ഒ.പി 27 ഇപ്പൊള്‍ തന്നെ ആരംഭിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കല്‍ക്കരി, ഫോസില്‍ ഇന്ധനങ്ങള്‍ തുടങ്ങിയവയുടെ സബ്‌സിഡി കുറയ്ക്കുന്ന കാര്യത്തില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടില്‍ പരിസ്ഥിതി മന്ത്രി ഇമോന്‍ റയാന്‍ നിരാശ പങ്കുവെച്ചു. ഘട്ടം ഘട്ടമായി ഇത്തരം സബ്‌സിഡികള്‍ പിന്‍വലിക്കുന്ന കാര്യം കരട് രേഖയില്‍ പറഞ്ഞിരുന്നു. എങ്കിലും പുതിയ രേഖയില്‍ നിയന്ത്രണമില്ലാത്ത കല്‍ക്കരി ഉപയോഗവും ഫലപ്രദമല്ലാത്ത സബ്‌സിഡിയും കുറയ്ക്കണമെന്ന് നിര്‍ദേശിക്കുന്നു. ഇത്രയും വേഗം മാറ്റം വന്നത് ഇന്ത്യയുടെയും ചൈനയുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിന് ഗ്ലാസ്‌ഗോ പുതിയ ഊര്‍ജ്ജവും വേഗതയും പകരുന്നു. ഓരോ രാജ്യവും നിര്‍ദേശങ്ങള്‍ നടപ്പാക്കി പ്രകൃതിയെ സംരക്ഷിക്കണം. ഒക്ടോബര്‍ 31ന് ആരംഭിച്ച ഉച്ചകോടി നിശ്ചയിച്ചിരുന്ന സമയത്തില്‍ കൂടുതലെടുത്താണ് സമാപിച്ചത്. നിര്‍ഗമനങ്ങള്‍ കുറയ്ക്കാന്‍ എല്ലാ രാജ്യങ്ങളിലും നിന്നുമുള്ള പ്രതിനിധികള്‍ ചര്‍ച്ച നടത്തി. ഒരു നിര്‍ദേശം അംഗീകരിക്കപ്പെടാന്‍ പങ്കെടുക്കുന്ന രാജ്യങ്ങളെല്ലാം സമ്മതം അറിയിക്കണം. ആഗോള താപനിലയിലെ വര്‍ദ്ധനവ് 2 ഡിഗ്രിയില്‍ താഴെ, സാധിക്കുമെങ്കില്‍ 1.5 ഡിഗ്രിയില്‍ താഴെ എത്തിക്കാന്‍ ശ്രമിക്കുമെന്ന പാരിസ് എഗ്രിമെന്റ് ലക്ഷ്യങ്ങള്‍ നേടാന്‍ ഉദ്യമിക്കുന്നതാണ് സി.ഒ.പി 26 പ്രതിജ്ഞകള്‍.

നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ പരിസ്ഥിതി വിഷയങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ഗ്ലാസ്‌ഗോയില്‍ പ്രതിഷേധിച്ചിരുന്നു. ഉച്ചകോടിയെ പരാജയമെന്ന് വിശേഷിപ്പിച്ച് ഗ്രേറ്റ ട്യൂണ്‍ബര്‍ഗ് രംഗത്തെത്തിയിരുന്നു. യഥാര്‍ത്ഥ കഠിന്വാധാനം ഈ ഹാളുകള്‍ക്ക് പുറത്താണെന്നും പോരാട്ടം അവസാനിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു. പുരോഗമനങ്ങള്‍ ഉണ്ടായെങ്കിലും പരിസ്ഥിതി ദുരന്തത്തെ തടയാനുതകുന്ന തീരുമാനങ്ങള്‍ ഉണ്ടായില്ല. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാത്ത നേതാക്കളെ ചരിത്രപരമായി ലജ്ജയോടെ ജനങ്ങള്‍ കാണും.

നഷ്ടപരിഹാര സംവിധാനത്തിനായുള്ള വ്യവസ്ഥകള്‍ ഗ്ലാസ്‌ഗോയില്‍ ഉണ്ടായില്ലെന്ന് ട്രകെയര്‍ പോളിസി ആന്‍ഡ് അഡ്വകസി ഹെഡ് സിയോഭാന്‍ കരന്‍ പറഞ്ഞു. ചെറുകിട കര്‍ഷകര്‍, ദരിദ്ര ജനങ്ങള്‍ തുടങ്ങിയവര്‍ക്ക് പുറം തിരിഞ്ഞ് നില്‍ക്കുകയാണ് സമ്പന്ന രാജ്യങ്ങള്‍. പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം പുനര്‍നിര്‍മാണം നടത്താന്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭിക്കുന്നില്ല. ഇത് വലിയ അനീതിയാണ്. പരിസ്ഥിതി വിഷയങ്ങളില്‍ നടപടി സ്വീകരിക്കാത്തതിന്റെ ദുരന്തങ്ങള്‍ ജനങ്ങള്‍ അനുഭവിക്കുന്നു. ജനങ്ങളെ സംരക്ഷിക്കുന്ന ഫലം കൊണ്ടുവരാന്‍ സി.ഒ.പി26ന് സാധിച്ചില്ലെന്ന് ആംനസ്റ്റി സെക്രട്ടറി ജനറല്‍ ആഗ്‌നസ് കാലമര്‍ഡ് പറഞ്ഞു. മനുഷ്യരുടെ അവകാശങ്ങള്‍ അവഗണിക്കുന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചതെന്ന് കാലമര്‍ഡ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.