head3
head1

അയര്‍ലണ്ടില്‍ വീട് വാങ്ങുന്നവരെ സഹായിക്കാനുള്ള സ്‌കീമിന് കടമ്പകളേറെയെന്ന് ആക്ഷേപമുയരുന്നു

ഡബ്ലിന്‍: വീടുവാങ്ങാന്‍ മോര്‍ട്ഗേജ് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലോക്കല്‍ അതോറിറ്റി ഹോം ലോണ്‍ സ്‌കീം വേണ്ടത്ര ഫലപ്രദമല്ലെന്ന് ആക്ഷേപം. അപേക്ഷ സ്വീകരിക്കുന്നതല്ലാതെ വായ്പ നല്‍കല്‍ മാത്രം നടക്കുന്നില്ലെന്ന ഗൗരവകരമായ ആക്ഷേപമാണ് സ്‌കീമിനെതിരെ ഉയരുന്നത്.എങ്ങനെ വായ്പ കൊടുക്കാതിരിക്കാമെന്ന ഗവേഷണമാണ് ഈ സ്‌കീമിന്റെ ഭാഗമായ ഹൗസിംഗ് ഏജന്‍സി നടത്തുന്നതെന്നും വിമര്‍ശനമുണ്ട്.

കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ലഭിച്ച ലോക്കല്‍ അതോറിറ്റി ഹോം ലോണ്‍ അപേക്ഷകളില്‍ 59%വും നിരസിച്ചതായുള്ള ഭവന വകുപ്പ് വെളിപ്പെടുത്തലാണ് സ്‌കീമിന്റെ പോരായ്മകള്‍ വെളിച്ചത്തുകൊണ്ടുവന്നത്.

ഭവനവകുപ്പ് സോഷ്യല്‍ ഡെമോക്രാറ്റ്സ് ഭവന വക്താവ് സിയാന്‍ ഒ കലഹന് ലഭ്യമാക്കിയ കണക്കനുസരിച്ച് ജൂണ്‍ അവസാനം വരെ കിട്ടിയ 870 അപേക്ഷകളില്‍ 515 എണ്ണവും തള്ളിക്കളഞ്ഞെന്നു വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ലഭിച്ച അപേക്ഷകളുടെ ഭൂരിഭാഗവും ‘വേസ്റ്റ് ബോക്സില്‍’ പോയെന്നും രേഖകള്‍ പറയുന്നു.2022ല്‍ സ്‌കീമിന് കീഴില്‍ ലഭിച്ചത് 2,168 അപേക്ഷകളായിരുന്നു. അവയില്‍ 1,247 എണ്ണവും ഏജന്‍സി തള്ളിക്കളഞ്ഞു.

വീടുവാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവര്‍ താമസിക്കുന്ന പ്രദേശത്തെ അനുസരിച്ച് 324,000 വരെ വായ്പ അനുവദിക്കുന്നതാണ് സ്‌കീം.ഹൗസിംഗ് ഏജന്‍സിയാണ് അപേക്ഷകള്‍ മൂല്യനിര്‍ണ്ണയം നടത്തി അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്ത് ലോക്കല്‍ അതോറിറ്റികള്‍ക്ക് നല്‍കേണ്ടത്.എന്നാല്‍ ലഭിക്കുന്ന അപേക്ഷകളിലേറെയും നിരസിക്കുന്നത് സ്‌കീമിന്റെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുന്നതാണ്.

അതേസമയം,സ്‌കീമിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി സര്‍ക്കാര്‍ ശ്രമിക്കുന്നുമുണ്ട്.അതൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ലെന്നതാണ് അനുഭവം.ഈ വര്‍ഷമാദ്യം യോഗ്യതാ മാനദണ്ഡങ്ങള്‍ വിപുലീകരിക്കുകയും 250 മില്യണ്‍ യൂറോ പദ്ധതിക്കായി നീക്കിയും വെച്ചിരുന്നു.

കുതിയ്ക്കുന്ന പ്രോപ്പര്‍ട്ടി വിലയിലെ വര്‍ധനവിനനുസൃതമല്ല വായ്പാ പരിധിയെന്ന് ഷോണ്‍ ഒ കലഗന്‍ ചൂണ്ടിക്കാട്ടുന്നു.അതിനാല്‍ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെടുന്നു.ഡബ്ലിനിലും മറ്റും വീട് വാങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു കുടുംബത്തിന് 3,60,000 യൂറോയ്ക്ക് പോലും ലഭിക്കാത്ത സ്ഥിതിയാണ്.

ക്രഡിറ്റ് വര്‍ത്തിനെസ് അടക്കമുള്ള വിവിധ കാരണങ്ങളാണ് അപേക്ഷകള്‍ നിരസിക്കുന്നതിന് കാരണമാകുന്നതെന്ന് ഭവന വകുപ്പ് വക്താവ് വ്യക്തമാക്കുന്നു.സ്‌കീമില്‍ അപേക്ഷിക്കുന്നതിന് മുമ്പ് രണ്ട് ബാങ്കുകള്‍ മോര്‍ട്ട്ഗേജ് നിരസിച്ചിരിക്കണമെന്ന് സ്‌കീമില്‍ വ്യവസ്ഥയുണ്ട്.എന്നാല്‍ പരമ്പരാഗത ബാങ്കുകള്‍ നിരസിച്ച അപേക്ഷകളുടെ എണ്ണം വ്യക്തമാക്കുന്നതിന് കണക്കുകള്‍ ലഭ്യമല്ലെന്നും വക്താവ് പറഞ്ഞു.

ലോക്കല്‍ അതോറിറ്റി ഹോം ലോണില്‍ അനുവദിക്കുന്ന തുക അനുചിതമല്ലെന്നതിന് തെളിവുകളൊന്നുമില്ലെന്നും വകുപ്പ് പറയുന്നു.എന്നിരുന്നാലും പദ്ധതിയുടെ റിവ്യു നടത്തുന്നുണ്ടെന്നും വകുപ്പ് വിശദീകരിക്കുന്നു.

എന്താണ് ലോക്കല്‍ അതോറിറ്റി ഹോം സ്‌കീം സ്‌കീം
ആദ്യമായി വീടുകള്‍ വാങ്ങുന്നവരെ ലോക്കല്‍ അതോറിറ്റികള്‍ വഴി സഹായിക്കുന്ന സര്‍ക്കാര്‍ പിന്തുണയുള്ള മോര്‍ട്ട്ഗേജ് നല്‍കുന്നതാണ് ഈ പദ്ധതി. എല്ലാ ലോക്കല്‍ അതോറിറ്റികളില്‍ നിന്നും രാജ്യവ്യാപകമായി ഈ ഹോം ലോണ്‍ ലഭ്യമാകും. പ്രതിമാസം തിരിച്ചടയ്ക്കാവുന്ന വായ്പയാണിത്.വ

ഡബ്ലിന്‍ ,വിക്ലോ,കില്‍ഡെയര്‍ എന്നിവിടങ്ങളില്‍ 360,000 വരെ ആകെ മൂല്യമുള്ള വീടുകള്‍ വാങ്ങാന്‍ ഈ സ്‌കീം ഉപയോഗപ്പെടുത്താം.

കോര്‍ക്ക് ,ഗോള്‍വേ,ലൗത് ,മീത്ത് ,കൗണ്ടികളില്‍ 330,000 വരെയും,ക്ലയര്‍,കില്‍ക്കെനി, ലീമെറിക്ക്,വാട്ടര്‍ഫോര്‍ഡ് ,വെസ്റ്റ് മീത്ത് ,വെക്സ് ഫോര്‍ഡ് കൗണ്ടികളില്‍ 300,000 വരെയും,മറ്റ് കൗണ്ടികളില്‍ 275,000 വരെയും മുഖവിലയുള്ള വീടുകള്‍ വാങ്ങാനായി സ്‌കീമില്‍ കൂടി അപേക്ഷിക്കാം . വസ്തുവിന്റെ വിപണി മൂല്യത്തിന്റെ 90% വരെ വായ്പ ലഭിക്കും. പുതിയതോ പഴയതോ ആയ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതിനും നിര്‍മ്മിക്കുന്നതിനും ഈ സ്‌കീമിലൂടെ മോര്‍ട്ട് ഗേജ് ലഭിക്കും. 3.35%മുതലാണ് പലിശ നിരക്ക്.

ഈ വായ്പാ പദ്ധതി മാര്‍ച്ചില്‍ പുനഃ ക്രമീകരണം നടത്തിയതോടെ കൂടുതല്‍ പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഇന്ത്യക്കാര്‍ അടക്കമുള്ള കുടിയേറ്റക്കാരാണ് ഈ സ്‌കീം കൂടുതലായി പ്രയോജനപ്പെടുത്തുന്നത്. ആക്ഷേപങ്ങള്‍ ഏറെയുണ്ടെങ്കിലും, കൃത്യമായി അപേക്ഷിച്ചാല്‍ ഈ ലോണ്‍ ഉറപ്പാക്കാമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. കുടുംബങ്ങള്‍ക്ക് മാത്രമല്ല, അയര്‍ലണ്ടില്‍ എത്തി ആദ്യ വര്‍ഷങ്ങളില്‍ ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കും ഗുണകരമാണ് ഈ വായ്പാ പദ്ധതി. ലോക്കല്‍ അതോറിറ്റിയില്‍ അപേക്ഷ നല്‍കുന്നതിന് മുമ്പ് ഏതെങ്കിലും രണ്ട് കൊമേഴ്സ്യല്‍ ബാങ്കുകള്‍ ,അപേക്ഷ നിരസിച്ചിരിക്കണം എന്ന വ്യവസ്ഥയും ഈ ലോണ്‍ ലഭിക്കുന്നതിന് ബാധകമാണ്.

സിംഗിള്‍ അപേക്ഷകര്‍ക്ക് 70,000 യൂറോയില്‍ താഴെയും സംയുക്ത അപേക്ഷകര്‍ക്ക് 85,000 യൂറോയിലും കുറഞ്ഞ വാര്‍ഷിക വരുമാനം ഉണ്ടെങ്കില്‍ . 2023 മാര്‍ച്ച് മാസം മുതല്‍ രാജ്യവ്യാപകമായി ഈ സ്‌കീമിലേയ്ക്ക് അപേക്ഷിക്കാം.

FOR MORE INFORMATION https://localauthorityhomeloan.ie/

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക  https://chat.whatsapp.com/FLojnqcbaR1KvFmrgMze6S

Comments are closed.