head1
head3

അയര്‍ലണ്ടില്‍ ലീവിംഗ് വേജ് നടപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച് ലിയോ വരദ്കര്‍

ഡബ്ലിന്‍ : നിലവിലുള്ള സര്‍ക്കാരിന്റെ ഭരണകാലത്ത് ലീവിംഗ് വേജ് നടപ്പാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച് പ്രധാനമന്ത്രി  ലിയോ വരദ്കര്‍ .ലീവിംഗ് വേജ് നടപ്പാക്കാന്‍ 10 വര്‍ഷമെടുക്കുമെന്ന് കരുതുന്നില്ല.വളരെ വേഗത്തില്‍ ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്. എന്നിരുന്നാലും ഘട്ടംഘട്ടമായേ ഇത് നടപ്പാക്കാന്‍ സാധിക്കൂ. 2025ന് മുമ്പ് ലീവിംഗ് വേജ് തീര്‍ച്ചയായും നടപ്പാക്കുമെന്നും വരദ്കര്‍ പറഞ്ഞു.സര്‍ക്കാരിന് സ്വന്തം നിലയില്‍ അത് ചെയ്യാം.അതല്ലെങ്കില്‍ തൊഴിലുടമയുടെ സഹകരണത്തോടെ നടപ്പാക്കുന്നതും പരിശോധിക്കാം. ഇതിനെല്ലാമുള്ള സാധ്യതകളുണ്ട്.

ലീവിംഗ് വേജ് എന്നത് ഒറ്റരാത്രികൊണ്ട് ചെയ്യാന്‍ കഴിയുന്ന ഒന്നല്ല. തൊഴിലാളികളുടെ അവകാശം, ജോലി ചെയ്യാനുള്ള അവകാശം, ജോലിയ്ക്കുള്ള അവകാശം ഇവയെല്ലാം കണക്കിലെടുക്കേണ്ടതുണ്ട്. ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുന്ന ഒന്നും ചെയ്യില്ലെന്നും വരദ്കര്‍ വ്യക്തമാക്കി.

ഫിനഗേല്‍ സര്‍ക്കാരുകളുടെ കഴിഞ്ഞ 10 വര്‍ഷത്തെ നേട്ടങ്ങളും വരദ്കര്‍ എടുത്തുപറഞ്ഞു. മിനിമം വേതനത്തില്‍ 25% വര്‍ധനയുണ്ടായി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏഴ് വര്‍ധനയും നല്‍കി. ഇക്കാര്യത്തില്‍ നല്ല റെക്കോര്‍ഡ് നേടിയിട്ടുണ്ട്. എതിരാളികള്‍ ഒരിക്കലും ആ ക്രെഡിറ്റ് നല്‍കില്ല. എന്നാല്‍ വസ്തുതകള്‍ അന്വേഷിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകും.

സര്‍ക്കാരിന്റേത് പ്രഖ്യാപിത നയം...

നിയമപരമായ സിക്ക് പേ, ലീവിംഗ് വേജിലേക്കുള്ള നീക്കമാണ്. സ്വാഭാവിക പെന്‍ഷന്‍, സംസ്ഥാന പെന്‍ഷന്‍ എന്നിവയെല്ലാം സര്‍ക്കാരിന്റെ മൂന്ന് പ്രധാന സര്‍ക്കാര്‍ നയങ്ങളാണ്.തൊഴിലാളിയും തൊഴിലുടമയും രാജ്യവും സംഭാവന ചെയ്യുന്ന പെന്‍ഷന്‍ ഫണ്ടുകള്‍ 2023ല്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന്  പ്രധാനമന്ത്രി പറഞ്ഞു. ഇത് വളരെക്കാലമായി ആസൂത്രണം ചെയ്യുന്നതാണ്.എന്നാല്‍ സാമ്പത്തിക പ്രതിസന്ധി കാരണം നിര്‍ത്തിവച്ചിരുന്നതാണ്. പാന്‍ഡെമിക് കാരണം കുറച്ചുകൂടി വൈകിപ്പിച്ചു. എന്നിരുന്നാലും ഈ ഗവണ്‍മെന്റിന്റെ കാലാവധി അവസാനിക്കുന്നതിനുമുമ്പ് അത് പ്രാവര്‍ത്തികമാക്കുമെന്ന് വരദ്കര്‍ പറഞ്ഞു.

നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കുകള്‍, ഗാര്‍ഡ , പെന്‍ഷനുകളുള്ള പൊതുമേഖലാ ജോലിക്കാര്‍ ഇവരൊക്കെ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന ശമ്പളത്തില്‍ ആയിരിക്കാം.എന്നാല്‍ ക്ലീനര്‍മാര്‍,ഫുഡ് സര്‍വ്വീസില്‍ പ്രവര്‍ത്തിക്കുന്നവര്‍, സൂപ്പര്‍മാര്‍ക്കറ്റുകളിലും റീട്ടെയിലിലും ജോലി ചെയ്യുന്നവര്‍,ഡ്രൈവര്‍മാര്‍ ഇവരുടെയൊക്കെ ജീവിതം ദുരിത പൂര്‍ണ്ണമാണ്. പാന്‍ഡെമിക്കിന്റെ ഈ കാലത്ത് ഇവര്‍ക്ക് മികച്ച നിബന്ധനകളും വ്യവസ്ഥകളും ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വരദ്കര്‍ പറഞ്ഞു.

ഒരു തൊഴിലാളിയുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വരുമാനമാണ് ലീവിംഗ് വേജ് .നിലവിലെ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടിലെ ലീവിംഗ് വേജ് മണിക്കൂറില്‍ 13,10 യൂറോയാണ്.

നിലവിലെ മിനിമം വേതനം മണിക്കൂറില്‍ 11,30 യൂറോ എന്നതില്‍ നിന്നും  ലീവിംഗ് വേജിലേയ്ക്ക് മാറ്റി   നിര്‍ണ്ണയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഏപ്രിലിലാണ് പേ കമ്മീഷന്‍ ആരംഭിച്ചത്.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/KBu5vc5Thlt9628ZfJGzmg</a

Comments are closed.