head3
head1

ഹംഗറിയുടെ നിയമം ലംഘിക്കാന്‍ അയര്‍ലണ്ടിലെ നേതാക്കള്‍ ബുഡാപെസ്റ്റിലേയ്ക്ക്

ഡബ്ലിന്‍ : ഹംഗറി സര്‍ക്കാരിന്റെ വിലക്കിനെ അവഗണിച്ച് എല്‍ജിബിടിക്യു+ സമൂഹത്തോടുള്ള ഐക്യദാര്‍ഢ്യം അറിയിക്കുന്നതിന് അയര്‍ലണ്ടില്‍ നിന്നുള്ള വിവിധ രാഷ്ട്രീയ നേതാക്കള്‍ ഇന്ന് നടക്കുന്ന ബുഡാപെസ്റ്റ് സ്വവര്‍ഗാനുരാഗികളുടെ പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുക്കും.നിയമ ലംഘനത്തിന് ഒരു വര്‍ഷം വരെ തടവ് ശിക്ഷയാണ് ഹംഗറിയുടെ നിയമം പറയുന്നത്.പങ്കെടുക്കുന്നവരെയും സംഘാടകരെയും തിരിച്ചറിയാന്‍ ഫേയ്സ് ആപ്പ് സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുന്നതിനാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ഗ്രീന്‍ പാര്‍ട്ടി ടി ഡി റോഡറിക് ഒ ഗോര്‍മാന്‍, ഫിനഗേല്‍ എംഇപി മരിയ വാല്‍ഷ്, ഫിനഫാള്‍ എംഇപി സിന്തിയ നി മുര്‍ച്ചു തുടങ്ങിയവര്‍ ബുഡാപെസ്റ്റ് പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുക്കും.ഇ യു രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പമാണ് ഇവരും പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

മുനിസിപ്പല്‍ പരിപാടിയായി പരേഡ് നടത്തുമെന്ന് ഇടതുപക്ഷക്കാരനായ സിറ്റി മേയര്‍ പറഞ്ഞു.എന്നാല്‍ പങ്കെടുക്കുന്നവര്‍ക്ക് നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അധികാരികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊതു സമ്മേളനമുണ്ടാകുമോയെന്നും ഇവിടെ നിന്നും പോകുന്ന നേതാക്കള്‍ അതില്‍ സംസാരിക്കുമോയെന്നൊന്നും വ്യക്തമായിട്ടില്ല.പ്രൈഡിനെതിരെയും പ്രകടനങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. അതിനാല്‍ സംഘര്‍ഷത്തിനും സാധ്യതയുണ്ട്.

30 വര്‍ഷമായി ബുഡാപെസ്റ്റില്‍ പ്രൈഡ് പരേഡുകള്‍ നടക്കുന്നുണ്ട്, എന്നാല്‍ ഈ വര്‍ഷം, പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും അദ്ദേഹത്തിന്റെ വലതുപക്ഷ സര്‍ക്കാരും പരിപാടി റദ്ദാക്കാന്‍ നിയമം കൊണ്ടുവന്നു.പങ്കെടുക്കുന്നവര്‍ക്കും സംഘാടകര്‍ക്കും പിഴയും തടവുമാണ് നിയമം ‘ഓഫര്‍’ ചെയ്യുന്നത്.

പരേഡില്‍ പങ്കെടുക്കുന്ന ആളുകളെ തിരിച്ചറിയാന്‍ സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കാന്‍ പോലീസിന് അധികാരം നല്‍കിയിട്ടുണ്ട്.നിയമലംഘിച്ച് പങ്കെടുക്കുന്നവര്‍ക്ക് 500 യൂറോ വരെ പിഴയുംസംഘാടകര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷയും ലഭിക്കും.

ഹംഗേറിയന്‍ അംബാസഡറെ വിളിച്ചുവരുത്തി എല്‍ജിബിടിക്യു+ സമൂഹത്തിന്റെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളെ ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക’ അറിയിക്കണമെന്ന് റോഡറിക് ഒ ഗോര്‍മാന്‍ ടി ഡി വിദേശകാര്യ മന്ത്രി സൈമണ്‍ ഹാരിസിനോട് ആവശ്യപ്പെട്ടു.യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം എംഇപി മരിയ വാല്‍ഷും സിന്തിയ നി മുര്‍ച്ചുവും മാര്‍ച്ചില്‍ പങ്കെടുക്കുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹംഗറിയില്‍ എല്‍ജിബിടിക്യു+ സമൂഹവും സ്ത്രീകളും മനുഷ്യാവകാശലംഘനം നേരിടുകയാണെന്ന് വാല്‍ഷ് വിവരിച്ചു.യൂറോപ്യന്‍ യൂണിയനുള്ളിലെ പൗരസ്വാതന്ത്ര്യത്തിന് നേരെയുള്ള നഗ്നമായ ആക്രമണമാണ് പരേഡ് നിരോധനമെന്ന് സിന്തിയ നി മുര്‍ച്ചു പറഞ്ഞു.ഇത് റഷ്യയല്ല, വൈവിധ്യത്തിലും സമത്വത്തിലും വിശ്വസിക്കുന്ന യൂറോപ്യന്‍ യൂണിയനാണെന്നും ഇവര്‍ ഹംഗറിയെ ഓര്‍മ്മിപ്പിച്ചു.

വരദ്കര്‍ക്കും വലിയ സങ്കടം

ബുഡാപെസ്റ്റില്‍ പ്രൈഡ് റാലി നിരോധിച്ചതില്‍ സങ്കടവും നിരാശയും പങ്കുവെച്ച് മുന്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍.സമത്വമെന്ന ആശയത്തിലേയ്ക്ക് നീങ്ങുന്ന യൂറോപ്യന്‍ യൂണിയന് ഹംഗറി രാഷ്ട്രീയ കെണിയൊരുക്കുകയാണെന്ന ശക്തമായ ആക്ഷേപവും വരദ്കര്‍ ഉന്നയിച്ചു.വാരാന്ത്യത്തില്‍ ബുഡാപെസ്റ്റില്‍ നടത്താനിരുന്ന പ്രൈഡ് പരേഡാണ് ഹംഗറി നിരോധിച്ചത്.എല്‍ ജി ബി ടി ക്യു+അവകാശങ്ങളെക്കുറിച്ച് സെന്‍ട്രല്‍ യൂറോപ്യന്‍ സര്‍വകലാശാലയില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബുഡാപെസ്റ്റിലെത്തിയപ്പോഴാണ് വരദ്കര്‍ ഹംഗരി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.

എല്‍ജിബിടിക്യു+ പരിപാടികളും മറ്റും സംഘടിപ്പിക്കുന്നതിനെ പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ് ഹംഗറി. ഇത്തരം പരിപാടികള്‍ നടത്തുന്നവര്‍ക്കെതിരെ പിഴയും ജയിലും നല്‍കുകയാണ്.ഇതെല്ലാം ഇ യു നിയമത്തിനെതിരാണെന്നും പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഹംഗറിയുടെ പ്രധാനമന്ത്രി തീവ്ര വലതുപക്ഷ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും വരദ്കര്‍ ആരോപിച്ചു.ഈ നീക്കത്തെ ഹംഗറിയിലെയും ഇ യുവിലെയും എല്‍ജിബിടിക്യു+ ആക്ടിവിസ്റ്റുകളും രാഷ്ട്രീയക്കാരും അപലപിച്ചിട്ടുണ്ട്. സമത്വത്തിനായുള്ള നീക്കത്തില്‍ നിന്നുള്ള പിന്നോക്കം പോക്കാണെന്നും ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവര്‍ പറയുന്നു.

എല്‍ജിബിടിക്യു+ വിരുദ്ധ നിയമനിര്‍മ്മാണത്താല്‍ ”വേദനിക്കുന്ന ”ഹംഗറിയിലെ ആളുകളോട് യൂറോപ്പ് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന് ഫിന ഗേലിന്റെ മുന്‍ നേതാവ് ആവശ്യപ്പെട്ടു.”നമ്മളെല്ലാവരും യൂറോപ്യന്‍ പൗരന്മാരാണ്. നമുക്കെല്ലാം ഒരേ പാസ്‌പോര്‍ട്ടാണ്.യൂറോപ്യന്‍ അവകാശങ്ങളില്‍ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശവും നിങ്ങളായിരിക്കാനുള്ള അവകാശവും എല്ലാ പൗരന്മാര്‍ക്കും നിയമത്തിന് മുന്നില്‍ തുല്യതയും ഉള്‍പ്പെടുന്നു,” വരദ്കര്‍ പറഞ്ഞു.യൂറോപ്യന്‍ യൂണിയന്റെ ഒരു ഭാഗത്ത് ഇത് തകര്‍ക്കാനും തിരിച്ചെടുക്കാനും കഴിയുമെങ്കില്‍, അത് മറ്റ് ഭാഗങ്ങളിലും സാധ്യമാകുമെന്ന നിലവരും.ഇത് ഗുണം ചെയ്യില്ല-വരദ്കര്‍ പറഞ്ഞു.

”മുമ്പ് നിരവധി തവണ വിക്ടര്‍ ഓര്‍ബനെ കണ്ടിട്ടുണ്ട്. ഓര്‍ബന്റെ പാര്‍ട്ടിയായ ഫിഡെസ്, യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടിയായ ഫിനഗേലുള്‍പ്പെട്ട രാഷ്ട്രീയ ഗ്രൂപ്പിലായിരുന്നു. എന്നാല്‍ അതിന്റെ നയങ്ങള്‍ കൂടുതല്‍ കൂടുതല്‍ വലതുവശത്തേക്ക് നീങ്ങിയതിനാല്‍ ഗ്രൂപ്പില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടു.ബ്രെക്സിറ്റിനെക്കുറിച്ച് ഓര്‍ബനുമായി ധാരണയിലെത്തിയിരുന്നു. പക്ഷേ പിന്നീട് ഉക്രൈയ്ന്‍ പോലുള്ളവയില്‍ വിയോജിച്ചു.ഇക്കാര്യത്തില്‍ അദ്ദേഹം കൂടുതല്‍ റഷ്യന്‍ അനുകൂലിയാണ്”.

വ്യക്തി സ്വാതന്ത്ര്യത്തിലും എല്‍ ജി ബി ടി ആളുകളുടെ വിഷയങ്ങളിലും സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വ്യത്യസ്ത നിലപാടാണ് ഓര്‍ബനുള്ളത്.ഇതിനെയൊക്കെ ശക്തമായി വിമര്‍ശിച്ച രാഷ്ട്രങ്ങളില്‍ അയര്‍ലണ്ടുമുണ്ടായിരുന്നുവെന്നും മുന്‍ പ്രധാനമന്ത്രി പറഞ്ഞു.

അയര്‍ലണ്ടില്‍ ”തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളുടെ” ഉയര്‍ച്ച നിയന്ത്രിച്ചില്ലെങ്കില്‍ ട്രാന്‍സ്ഫോബിയ വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്ന് ആക്ടിവിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ ഹംഗറിയുടെ അതേ പാതയിലേക്ക് വഴുതിവീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു

ഡബ്ലിനില്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ പരേഡ് ഇന്ന്

ഡബ്ലിന്‍ : ഡബ്ലിനിലും സ്വവര്‍ഗ്ഗാനുരാഗികളുടെ ആഘോഷ പരേഡ് ഇന്ന് ഉച്ചയ്ക്ക് 12:30ന് നടക്കും.ആയിരക്കണക്കിന് ആളുകള്‍ പരേഡില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.ഏതാണ്ട് രണ്ട് മണിക്കൂര്‍ നേരം പരേഡ് നീളും.

ഒ കോണല്‍ സ്ട്രീറ്റില്‍ നിന്ന് ആരംഭിക്കുന്ന പരേഡ് മെറിയോണ്‍ സ്ട്രീറ്റ് ലോവര്‍ എന്നിവിടങ്ങളിലൂടെ 1.4 കിലോമീറ്റര്‍ ദൂരം കടന്നുപോകും.രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. അയര്‍ലണ്ടിലെ പ്രധാന ഘോഷയാത്രകളിലൊന്നാണ് സ്വവര്‍ഗാനുരാഗികളുടെ ഈ മാര്‍ച്ച്

പരേഡിന് ശേഷം, മെറിയോണ്‍ സ്‌ക്വയറിലെ ‘പ്രൈഡ് വില്ലേജില്‍’ , ലൈവ് സംഗീതം, ഇന്‍സ്റ്റലേഷനുകള്‍, കമ്മ്യൂണിറ്റി ടെന്റുകള്‍ എന്നിവയൊരുക്കി ആഘോഷിക്കാനും സ്വവര്‍ഗാനുരാഗികള്‍ പരിപാടിയൊരുക്കിയിട്ടുണ്ടെങ്കിലും .സൈറ്റിനുള്ളില്‍ മദ്യം അനുവദനീയമല്ലെന്നും സംഘാടകര്‍ അറിയിച്ചു.

ലിയോ വരദ്കറിന്റെ സൃഷ്ടിയായ, അയര്‍ലണ്ടിന്റെ ചരിത്രത്തെയും സ്വഭാവത്തെയും മാറ്റിമറിച്ച വിവാഹ സമത്വ റഫറണ്ടം, ചില്‍ഡ്രന്‍ റൈറ്റ് റഫറണ്ടം എന്നിവയ്ക്ക് 10 വര്‍ഷം തികയുകയാണ്.ഈ നാഴികക്കല്ലിന്റെ വാര്‍ഷികമാണ് പ്രധാനമായും പരേഡ് ആഘോഷിക്കുന്നത്.ഒപ്പം സ്വവര്‍ഗാനുരാഗികളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയും അവ നിലനിര്‍ത്തുന്നതിനും വേണ്ടി പോരാടാനും ഡബ്ലിന്‍ പ്രൈഡ് ഓര്‍മ്മിപ്പിക്കുന്നു.ആഗോള എല്‍ജി ബിടിക്യു+ സമൂഹത്തോടുള്ള ഐക്യദാര്‍ഢ്യത്തോടെ മാര്‍ച്ച് ചെയ്യാന്‍ സംഘാടകര്‍ ആഹ്വാനം ചെയ്യുന്നു.ലഭിച്ച സ്വാതന്ത്ര്യം തിരികെ എടുക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പും പരേഡ് മുന്നോട്ടുവെയ്ക്കുന്നു.

‘പ്രൈഡ് എന്ന് വിളിക്കുന്നതിന് വളരെ മുമ്പ് ലിബറേഷന്‍ ഡേ എന്നായിരുന്നു ഈ ദിനത്തിന്റെ പേര്. സെക്ഷ്വല്‍ ലിബറേഷന്‍ മൂവ്‌മെന്റ് 1974ലാണ് ആദ്യത്തെ ഡബ്ലിന്‍ പ്രൈഡ് മാര്‍ച്ച് സംഘടിപ്പിച്ചത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.