head3
head1

അയര്‍ലണ്ടില്‍ ലേണേഴ്സ് പെര്‍മിറ്റ് പുതുക്കാതെ ‘ഡ്രൈവര്‍മാരായി’ തുടരേണ്ട…

ലേണേഴ്സ് പെര്‍മിറ്റില്‍ നാലു വര്‍ഷം പിന്നിട്ടവര്‍ പെര്‍മിറ്റ് പുതുക്കണം... ടെസ്റ്റെടുക്കണം

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഡ്രൈവിംഗ് പഠിക്കുന്നവര്‍ ലേണേഴ്സ് പെര്‍മിറ്റ് പുതുക്കാതെ ‘ഡ്രൈവര്‍മാരായി’ തുടരുന്നതിന് സര്‍ക്കാര്‍ തടയിടുന്നു.പുതിയ വ്യവസ്ഥയനുസരിച്ച് നാല് വര്‍ഷത്തില്‍ കൂടുതല്‍ ലേണര്‍ പെര്‍മിറ്റിന് സാധുതയുണ്ടാവില്ല. പെര്‍മിറ്റ് പുതുക്കുന്നതിന് ഡ്രൈവിംഗ് ടെസ്റ്റ് എടുക്കണം.ടെസ്റ്റിനെത്താതെ ലേണേഴ്സ് പെര്‍മിറ്റുമായി അനിശ്ചിതകാലം വാഹനമോടിക്കാന്‍ അനുവദിച്ചിരുന്ന സൗകര്യമാണ് ഇതോടെ ഇല്ലാതാകുന്നത്.

ഏഴ് വര്‍ഷത്തിന് ശേഷം ഡ്രൈവിംഗ് പഠിക്കുന്നത് തുടരണമെങ്കില്‍ പഠിതാവ് വീണ്ടും തിയറി ടെസ്റ്റെഴുതണം.ലേണര്‍ പെര്‍മിറ്റും നേടണം. 12 ഇന ഡ്രൈവിംഗ് പരിശീലന പാഠങ്ങളും പഠിക്കണം. തുടര്‍ന്ന് പ്രാക്ടിക്കല്‍ ടെസ്റ്റുമുണ്ടാകും.

അടുത്ത വര്‍ഷം നവംബറിന് ശേഷമേ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരൂവെന്ന് റോഡ് സുരക്ഷാ സഹമന്ത്രി സീന്‍ കാനി ഡെയ്ലില്‍ വ്യക്തമാക്കി.സൗത്ത് ടിപ്പററി ടി ഡി മീഹോള്‍ മര്‍ഫിയാണ് ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്.2014ല്‍ നിയമം മാറ്റുമെന്ന് പറഞ്ഞിരുന്നു.എന്നാല്‍ 11 വര്‍ഷമായിട്ടും അതില്‍ മാറ്റമുണ്ടായില്ലെന്ന് ടി ഡി ചൂണ്ടിക്കാട്ടി. 63,000 ലേണര്‍മാര്‍ 20 തവണയില്‍ കൂടുതല്‍ അവരുടെ പെര്‍മിറ്റുകള്‍ പുതുക്കിയിട്ടുണ്ടെന്ന് ഫിന ഗേല്‍ ടി ഡി വിശദീകരിച്ചു.

ലേണര്‍ പെര്‍മിറ്റുള്ളവര്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് ഡ്രൈവിംഗ് ടെസ്റ്റിനെത്തണമെന്ന് റോഡ് സുരക്ഷാ സഹമന്ത്രി സീന്‍ കാനി അഭ്യര്‍ത്ഥിച്ചു.കഴിഞ്ഞ വര്‍ഷം ഡ്രൈവിംഗ് ടെസ്റ്റ് സെന്ററുകളില്‍ 12000 നോ-ഷോ ടെസ്റ്റുകളുണ്ടായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.ലേണര്‍ പെര്‍മിറ്റ് ഡ്രൈവിംഗ് ലൈസന്‍സാണെന്ന് കരുതുന്ന സാഹചര്യമാണ്.ലൈസന്‍സുള്ള ഡ്രൈവറോടൊപ്പം പൊതു റോഡുകളില്‍ വാഹനമോടിക്കാന്‍ ഉടമയെ അനുവദിക്കുന്നുണ്ടെങ്കിലും ഇത് ഡ്രൈവിംഗ് ലൈസന്‍സല്ലെന്ന് മനസ്സിലാക്കണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു..

ഈ വര്‍ഷം ഇതുവരെ ഐറിഷ് റോഡുകളില്‍ 140ലധികം മരണമുണ്ടായെന്ന് മന്ത്രി അറിയിച്ചു.ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുന്നതിലെ കാലതാമസവും അതുണ്ടാക്കുന്ന സമ്മര്‍ദ്ദങ്ങളും മുന്നില്‍ക്കണ്ടാണ് പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് 2026 നവംബര്‍ വരെ മാറ്റിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എത്ര ലേണര്‍മാര്‍ ടെസ്റ്റുകളില്‍ ഹാജരാകുന്നില്ലെന്നതിന്റെ പ്രതിമാസ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ആര്‍ എസ് എയോട് നിര്‍ദ്ദേശിക്കുമെന്ന് കാനി കൂട്ടിച്ചേര്‍ത്തു.

ലേണര്‍മാരെ പൂര്‍ണ്ണ യോഗ്യതയുള്ള ഡ്രൈവര്‍മാരാക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി ദാരാ ഒ ബ്രയന്‍ പറഞ്ഞു.റോഡ് സുരക്ഷയും നീതിയും മെച്ചപ്പെടുത്തുന്നതിനാണ് പുതിയ നീക്കമെന്നും ആളുകളെ ശിക്ഷിക്കാനല്ലെന്നും റോഡ് സുരക്ഷാ അതോറിറ്റിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബ്രെന്‍ഡന്‍ വാല്‍ഷ് പറഞ്ഞു.റോഡ് സുരക്ഷാ ഗ്രൂപ്പായ പാര്‍ക് പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്തു. ഈ നിയമം പ്രാബല്യത്തിലെത്തുന്നതുവരെ വിശ്രമിക്കില്ലെന്നും പാര്‍ക് സ്ഥാപക സൂസന്‍ ഗ്രേ വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.