head3
head1

കൂലോക്കില്‍ 853 വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി നിരസിച്ച് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍

ഡബ്ലിന്‍ : കൂലോക്കിലെ ഓസ്‌കാര്‍ ട്രെയ്നര്‍ റോഡ് സൈറ്റില്‍ 853 പുതിയ വീടുകള്‍ നിര്‍മ്മിക്കാനുള്ള വിവാദ പദ്ധതി ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍മാര്‍ നിരസിച്ചു.

പോര്‍ട്ട് ടണലിന്റെയും ഓസ്‌കാര്‍ ട്രെയ്നര്‍ റോഡിന്റെയും ജംഗ്ഷനിലുള്ള 17 ഹെക്ടര്‍ സ്ഥലത്ത് ആരംഭിക്കാനൊരുങ്ങുന്ന പദ്ധതിക്കെതിരേ 48 കൗണ്‍സിലര്‍മാരാണ് വോട്ട് ചെയ്തത്. വെറും 14 പേര്‍ മാത്രമാണ് പദ്ധതിയെ അനുകൂലിച്ചത്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൈറ്റിലെ പകുതി വീടുകളും സ്വകാര്യ ഡെവലപ്പറായ ഗ്ലെന്‍വീഗിലേക്ക് പോകുമെന്നാണ് ഭൂരിഭാഗം കൗണ്‍സിലര്‍മാരുടെയും പ്രധാന ആശങ്ക.

അതേസമയം, സിന്‍ ഫെയ്ന്‍, ലേബര്‍ പാര്‍ട്ടി, സോഷ്യല്‍ ഡെമോക്രാറ്റസ്, ഗ്രീന്‍ പാര്‍ട്ടി, സ്വതന്ത്ര കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സൈറ്റ് വികസിപ്പിക്കാന്‍ പ്രാദേശിക അതോറിറ്റിയോട് ആവശ്യപ്പെട്ടു. പ്രദേശത്ത് പൂര്‍ണമായും സാമൂഹിക ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് കൗണ്‍സിലര്‍മാരുടെ അഭിപ്രായം.

ആവശ്യക്കാര്‍ക്ക് ചെലവ് കുറഞ്ഞ ഭവനങ്ങള്‍ നല്‍കാത്തതിനാല്‍ കൗണ്‍സിലിന്റെ പദ്ധതികള്‍ അടിസ്ഥാനപരമായി പിഴവുള്ളതാണെന്ന് സിന്‍ ഫെയ്ന്‍ കൗണ്‍സിലര്‍ ഡെയ്തൂലന്‍ വോട്ടെടുപ്പിന് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, സൈറ്റിന്റെ വികസനം നിയന്ത്രിക്കാന്‍ കൗണ്‍സിലിന് കഴിയില്ലെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ബ്രണ്ടന്‍ കെന്നി മുന്നറിയിപ്പ് നല്‍കി. ഈ പ്രമേയം നിരസിക്കുന്നത് 250 ലധികം സോഷ്യല്‍ ഹൗസിങ് നഷ്ടപ്പെടാന്‍ കാരണമാകുമെന്നും അദ്ദേഹം പറയുന്നു.

ബദല്‍ പദ്ധതികള്‍ പരിഗണിക്കാമെന്ന് അദ്ദേഹം കൗണ്‍സിലിനെ അറിയിച്ചെങ്കിലും ഭൂരിഭാഗം കൗണ്‍സിലര്‍മാരും പദ്ധതി നിരസിക്കുകയായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.