head3
head1

ഡബ്ലിനിലെ അടുക്കളത്തോട്ട പരിപാലന ശില്‍പശാല സമാപിച്ചു

ഡബ്ലിന്‍ : ഡബ്ലിന്‍ ബ്ലാക്ക്‌റോക്ക് മേഖല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മയായ സോഷ്യല്‍ സ്‌പേസ് അയര്‍ലണ്ട് സംഘടിപ്പിച്ച അടുക്കളത്തോട്ട പരിപാലന ശില്‍പശാല സമാപിച്ചു.

കാവന്‍, കില്‍ഡെയര്‍ എന്നി വിദൂര കൗണ്ടികളില്‍ നിന്നുള്ളവര്‍ പോലും ശില്പശാലയില്‍ പങ്കെടുക്കാന്‍ സ്റ്റില്‍ഓര്‍ഗനിലെത്തിയിരുന്നു.

സ്റ്റില്‍ഓര്‍ഗനിലുള്ള സെന്റ് ബ്രിജിഡ്‌സ് ഹാളില്‍ സംഘടിപ്പിച്ച പച്ചക്കറിത്തോട്ടം പരിപാലന ശില്‍പശാലയ്ക്ക് കാര്‍ഷിക പ്രതിഭയും, മലയാളം സാംസ്‌കാരിക സംഘടനായുടെ മുന്‍ പ്രസിഡണ്ടുമായ പ്രിയേഷ് പെരുമായന്‍ നേതൃത്വം നല്‍കി. അയര്‍ലണ്ടിലെ കാലാവസ്ഥാ സാഹചര്യത്തില്‍ എങ്ങനെ മികച്ചയിനം പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാമെന്നതിനെകുറിച്ചുള്ള വിശദമായ ക്‌ളാസുകളാണ് നടത്തപ്പെട്ടത്.

തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തവരുടെ കാര്‍ഷിക സംബന്ധമായ സംശയങ്ങള്‍ക്ക് പ്രിയേഷ് പെരുമായന്‍ മറുപടി പറഞ്ഞു.

യുദ്ധപശ്ചാത്തലത്തില്‍ അത്യാവശ്യ പച്ചക്കറികളുടെ ലഭ്യത ഉറപ്പാക്കാനും വര്‍ധിച്ചു വരുന്ന പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്ക്കാനും യാര്‍ഡിലും, വീട്ടുവരാന്തകളിലും കൃഷി ചെയ്യാന്‍ സമൂഹത്തെ പ്രേരിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനുമായിരുന്നു സോഷ്യല്‍ സ്‌പേസ് അയര്‍ലന്‍ഡ് ഇത്തരമൊരു വര്‍ക്ക്‌ഷോപ്പ് ഒരുക്കിയത്.

ക്ലാസില്‍ പങ്കെടുത്തവര്‍ക്ക് വിവിധയിനം പച്ചക്കറി വിത്തുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തു

ഡണ്‍ലേരി കൗണ്ടി കൗണ്‍സില്‍ സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ഓഫീസര്‍ ഷിവോണ്‍ നിക് ഗൊയ്തിന്‍ ആശംസാ സന്ദേശം നല്‍കി.

സോഷ്യല്‍ സ്പേസ് അയര്‍ലണ്ട് പ്രസിഡണ്ട് തോമസ് ജോസഫ്, സെക്രട്ടറി സന്തോഷ് ജോസ്, വൈസ് പ്രസിഡണ്ട് നിഷ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.