കണ്ണുമടച്ച് ഈസ്റ്റര്‍ എഗ്ഗുകള്‍ കഴിക്കേണ്ട… ഭക്ഷ്യവിഷബാധയ്ക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍
ഡബ്ലിന്‍ : ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ യൂറോപ്പിലുടനീളം ഈസ്റ്റര്‍ എഗ്ഗുകള്‍ കഴിക്കുന്നതില്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. സാല്‍മൊണല്ല ഭീഷണിയെ തുടര്‍ന്ന് വാരാന്ത്യത്തില്‍ കിന്റര്‍ബ്രാന്‍ഡിന്റെ ചോക്ലേറ്റ് എഗ്ഗുകള്‍ മാര്‍ക്കറ്റില്‍ നിന്നും മടക്കി വിളിച്ചിരുന്നു. ഇതേ ഭീഷണി മൂലം കൂടുതല്‍ ഉല്‍പ്പന്നങ്ങളെ തിരികെ വിളിച്ചിരിക്കുകയാണ് അധികൃതര്‍. ഇവയെല്ലാം ഈസ്റ്റര്‍ ഉല്‍പ്പന്നങ്ങളാണ്. യുകെയുള്‍പ്പടെ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം അയര്‍ലണ്ടിലും ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയുണ്ടെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് അറിയിക്കുന്നു.
ചോക്ലേറ്റുമായി ബന്ധപ്പെട്ട് 10 ഭക്ഷ്യവിഷബാധകളാണ് അയര്‍ലണ്ടില്‍ അതോറിറ്റി സ്ഥിരീകരിച്ചത്. കുട്ടികളായിരുന്നു ഇവയിലേറെയും ഇരകള്‍. എന്നാല്‍ കുട്ടികളെല്ലാം പൂര്‍ണമായും സുഖം പ്രാപിച്ചെന്ന് അതോറിറ്റി അറിയിച്ചു.
യുകെയില്‍ കണ്ടെത്തിയ സാല്‍മൊണെല്ലയുടെ ഇനമാണ് അയര്‍ലണ്ടിലും കണ്ടെത്തിയത്. കിന്‍ഡര്‍ മിനി എഗ്ഗ്സ് 75 ഗ്രാം, കിന്‍ഡര്‍ എഗ് ഹണ്ട് കിറ്റ് 150 ഗ്രാം, കിന്‍ഡര്‍ സര്‍പ്രൈസ് 100 ഗ്രാം, കിന്‍ഡര്‍ സ്‌കോബോണ്‍സ് 200 ഗ്രാം എന്നിവയാണ് തിരിച്ചുവിളിക്കുന്ന ഉല്‍പ്പന്നങ്ങള്‍. ഇവയെല്ലാം 2022 ഏപ്രില്‍ 20നും ഓഗസ്റ്റ് 21നും ഇടയിലുള്ള തീയതിയലുള്ളവയാണ്. കിന്‍ഡര്‍ സര്‍പ്രൈസ് 20 ഗ്രാം എഗ്ഗും കിന്‍ഡര്‍ സര്‍പ്രൈസ് 20 ഗ്രാം (ത്രീ പായ്ക്ക്) എഗ്ഗുകളും തിരിച്ചുവിളിച്ചു. 2022 ജൂലൈ 11നും 2022 ഒക്ടോബര്‍ ഏഴിനും ഇടയിലുള്ള തീയതികളിലുള്ള ഉല്‍പ്പന്നങ്ങളിലെ ഈസ്റ്റര്‍ ഉല്‍പ്പന്നങ്ങളാണിത്.
മടക്കിവിളിച്ച ഉല്‍പ്പന്നങ്ങള്‍ കഴിക്കരുതെന്ന് അതോറിറ്റി സിഇ ഡോ. പമേല ബൈര്‍ണ്‍ പറഞ്ഞു. ഫെറിയോ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിക്കുകയാണ്. ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങി വീട്ടില്‍ എത്തിച്ചവര്‍ അത് കഴിക്കരുത്. ഈസ്റ്റര്‍ സമയത്ത് കിന്‍ഡര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ ഡിമാന്റാണ്. നിരോധിത ഉല്‍പ്പന്നങ്ങളിലേതെങ്കിലും വീട്ടില്‍ ഉണ്ടോയെന്ന് പരിശോധിക്കണം. അവ കഴിക്കുന്നില്ലെന്ന് ഉറപ്പാക്കണം. വയറിളക്കമാണ് സാല്‍മൊണല്ല ഭക്ഷ്യവിഷബാധയുടെ ഏറ്റവും സാധാരണ ലക്ഷണം. രക്തം കാണുന്നതുള്‍പ്പടെ അത് ഗുരുതരമായേക്കാനുമിടയുണ്ട്. പനി, തലവേദന, വയറുവേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x


Comments are closed.