കെറി : അയര്‍ലണ്ടിലെ കില്ലാര്‍ണി നാഷണല്‍ പാര്‍ക്കിന്റെ മൂന്നിലൊന്ന് ഭാഗവും തീപിടുത്തത്തില്‍ നശിച്ചു. ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ 2,000 ഹെക്ടറാണ് കത്തിനശിച്ചിട്ടുണ്ടാകുമെന്ന് കില്ലാര്‍ണിയുടെ ചീഫ് ഫയര്‍ ഓഫീസര്‍ സ്ഥിരീകരിച്ചു.വെള്ളിയാഴ്ച രാത്രിയാണ് തീപ്പിടുത്തം ശ്രദ്ധയില്‍പ്പെട്ടത്.തീ കെടുത്തുന്നതിന് കൂടുതല്‍ എയര്‍ കോര്‍പ്സ് ഇന്നെത്തും.ദേശീയ പാര്‍ക്കിലെ തടാകത്തില്‍ നിന്ന് വെള്ളം എടുത്താണ് തീ കെടുത്തുന്നതെന്ന് ചീഫ് ഫയര്‍ ഓഫീസര്‍ ആന്‍ഡ്രൂ മക്കിള്‍റൈത്ത് പറഞ്ഞു.
എക്സിക്യൂട്ടീവ് ഹെലികോപ്റ്റേഴ്സിന്റെ സ്വകാര്യ ഹെലികോപ്റ്ററുകള്‍ ദേശീയ പാര്‍ക്കധികൃതര്‍ കൊണ്ടുവന്നിരുന്നു.കൂടാതെ എയര്‍കോര്‍പ്സും സന്നദ്ധ പ്രവര്‍ത്തകരും വിവിധ സര്‍ക്കാര്‍ ഏജന്‍സി ഉദ്യോഗസ്ഥരുമെല്ലാം തീപിടുത്തം നിയന്ത്രിക്കാന്‍ രംഗത്തുണ്ട്.മൂന്നുരാത്രികള്‍ വരെ തീ തുടരുമെന്നതിന്റെ സൂചനകളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
വൃക്ഷസഞ്ചയങ്ങളും മൃഗങ്ങളുടെ ആവാസ വ്യവസ്ഥയും കത്തിയമര്‍ന്നു
അയര്‍ലണ്ടിലെ ഏറ്റവും പഴയ ഓക്ക് മരങ്ങളും ആയിരക്കണക്കിന് മൃഗങ്ങളുടെ ആവാസ വ്യവസ്ഥകളുമാണ് അഗ്‌നിബാധയില്‍ നശിച്ചത്.മനപ്പൂര്‍വ്വം ആരെങ്കിലും തീയിട്ടതാണോ എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ഗാര്‍ഡയുടെ അന്വേഷണത്തിലൂടെയേ ഇതു സംബന്ധിച്ച വസ്തുതകള്‍ പുറത്തുവരൂ.
രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ഓക്കുമരങ്ങളുടെ ആവാസ കേന്ദ്രമായ ഓക്ക് വുഡ് എന്ന സ്ഥലത്തെ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.എയര്‍ കോര്‍പ്സും കില്ലര്‍ണി വാട്ടര്‍ റെസ്‌ക്യൂ അംഗങ്ങളും അഗ്നിശമന സേനയും ചേര്‍ന്നാണ് ഇവിടം രക്ഷിച്ചെടുത്തത്.
ഉയര്‍ന്ന പ്രദേശമായ ലാര്‍ക്കില്‍ പര്‍പ്പിള്‍ പര്‍വതത്തിന് ചുറ്റും തീ കെടുത്താനായിട്ടില്ല. പര്‍പ്പിള്‍ പര്‍വതത്തിന് മുകളിലാണ് നിലവില്‍ തീ കത്തിക്കുന്നത്.ഇവിടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.എയര്‍ കോര്‍പ്സുകള്‍ ഹെലികോപ്റ്റര്‍ വെള്ളം വീഴ്ത്തുന്നുണ്ട്. പാര്‍ക്ക് റേഞ്ചര്‍മാരും വിവിധ ഏജന്‍സികളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും തീയണയ്ക്കുന്നതിനായി യത്നിക്കുന്നുണ്ട്.
മുമ്പ് വമ്പന്‍ തീപിടുത്തമുണ്ടായത് 1984ല്‍
അയര്‍ലണ്ടിലെ ഏറ്റവും മോശമായ സംഭവമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. 1984ലാണ് മുമ്പ് വന്‍ തീപ്പിടുത്തമുണ്ടായത്.അന്ന് ദേശീയ ഉദ്യാനത്തില്‍ ഇത് കൈകാര്യം ചെയ്യാന്‍ ധാരാളം ഉദ്യോഗസ്ഥര്‍ അന്നുണ്ടായിരുന്നു.ഇപ്പോഴതില്ല.ഓരോ വര്‍ഷവും ഈ സമയത്ത് ഇവിടെ തീപിടുത്തമുണ്ടാകുന്നു.ആരെങ്കിലും മനപ്പൂര്‍വ്വം തീയിടുന്നതാണോയെന്ന് സംശയമുണ്ട്.സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷിക്കണമെന്ന് കില്ലര്‍ണി മേയര്‍ പാട്രിക് കോന്നര്‍-സ്‌കാര്‍ട്ടിന്‍ പറഞ്ഞു.
തീപിടുത്തം ആവാസ വ്യവസ്ഥകളെയും പ്രദേശവാസികളുടെ മനസ്സിനെയും ബാധിക്കുന്നതായി കെറി കൗണ്ടി കൗണ്‍സിലര്‍ മീഹോള്‍ കാഹില്‍ പറഞ്ഞു.ഓരോ വര്‍ഷവും തീപിടുത്തത്തില്‍ നിന്ന് വീടുകളെ സംരക്ഷിക്കുന്നതിനായി അഗ്നിശമന സേനാംഗങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്നു. നമ്മുടെ വന്യജീവികള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി എല്ലാവരും രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.