കോവിഡ് തകര്‍ത്ത ദരിദ്ര രാജ്യങ്ങളുടെ കണ്ണീരൊപ്പാന്‍; പ്രതിസന്ധിക്കിടയിലും ഉദാരഹസ്തവുമായി ഐറിഷ് സമൂഹം…
ഡബ്ലിന്‍ : കോവിഡ് മഹാമാരി ലോകത്തെ വരിഞ്ഞ് മുറുക്കുമ്പോള്‍ ദുരിതമനുഭവിക്കുന്ന ദരിദ്ര രാജ്യങ്ങളെ സഹായിക്കാന്‍ ഐറിഷ് സമൂഹവും.
രാജ്യത്തെ ആറ് പ്രമുഖ അന്താരാഷ്ട്ര ചാരിറ്റി സംഘങ്ങളാണ് കോവിഡ് പിടിമുറുക്കിയിരിക്കുന്ന ദരിദ്രരാജ്യങ്ങളുടെ കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുന്നത്.
ആക്ഷന്‍ എയ്ഡ്, ക്രിസ്ത്യന്‍ എയ്ഡ്, പ്ലാന്‍ ഇന്റര്‍നാഷണല്‍, സെല്‍ഫ് ഹെല്‍പ്പ് ആഫ്രിക്ക, ടിയര്‍ഫണ്ട്, വേള്‍ഡ് വിഷന്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഐറിഷ് എമര്‍ജന്‍സി അലയന്‍സ്.
85 രാജ്യങ്ങളിലായാണ് ഇവയുടെ പ്രവര്‍ത്തനം.
ഐറിഷ് സമൂഹത്തില്‍ നിന്ന് പണം സ്വരൂപിച്ച് കോവിഡ് അതീവ ഗുരുതരമായി ബാധിച്ചു കൊണ്ടിരിക്കുന്ന ദരിദ്ര രാജ്യങ്ങള്‍ക്ക് സഹായം നല്‍കാനാണ് കൂട്ടായ്മയുടെ തീരുമാനം.
ഇത്, ഈ രാജ്യങ്ങളിലെ ദാരിദ്ര്യം, പട്ടിണി, സംഘര്‍ഷം, സ്ഥലംമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ആശ്വാസകരമാകുമെന്നാണ് ഐറിഷ് എമര്‍ജന്‍സി അലയന്‍സിന്റെ പ്രതീക്ഷ.
അഫ്ഗാനിസ്ഥാന്‍, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ദക്ഷിണ സുഡാന്‍, എത്യോപ്യ, കെനിയ, ലെബനന്‍, ബംഗ്ലാദേശിലെ കോക്‌സ് ബസാറിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഐറിഷ് എമര്‍ജന്‍സി അലിയന്‍സിന്റെ തീരുമാനം.
കോവിഡിന്റെ അഭൂതപൂര്‍വമായ വ്യാപനമാണ് സന്നദ്ധസംഘടനകളുടെ ഒത്തുചേരലിന് പ്രേരിപ്പിച്ചതെന്ന് ഐറിഷ് എമര്‍ജന്‍സി അലയന്‍സ് ചെയര്‍പേഴ്‌സണ്‍ ഹെലന്‍ കിയോഗ് പറയുന്നു.
‘അയര്‍ലണ്ടിലെ കോവിഡ് വ്യാപനത്തിന്റെ വിനാശകരമായ അവസ്ഥ നാമെല്ലാവരും കണ്ടിട്ടുണ്ട്, അതിനാല്‍ മതിയായ ഡോക്ടര്‍മാരോ നഴ്‌സുമാരോ, ആവശ്യത്തിന് ഐസിയു കിടക്കകളോ, വെന്റിലേറ്ററുകളോ ഇല്ലാത്ത രാജ്യങ്ങളിലെ അവസ്ഥ നമുക്ക് ഊഹിക്കാനാകും’- ഹെലന്‍ പറഞ്ഞു.
മാനുഷികവും വികസനപരവുമായ സഹായങ്ങള്‍ നല്‍കാന്‍ ഈ വര്‍ഷം 16 മില്യണ്‍ യൂറോയിലധികം ഐറിഷ് എമര്‍ജന്‍സി അലയന്‍സിന് നല്‍കിയതായി ഓവര്‍സീസ് ഡെവലപ്‌മെന്റ് എയ്ഡ് ആന്‍ഡ് ഡയസ്‌പോറ വകുപ്പ് മന്ത്രി കോള്‍ം ബ്രോഫി പറഞ്ഞു.
ധനസമാഹരണത്തിന്റെ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ https://irishemergencyalliance.force.com/s/, irishemergencyalliance.orgurl എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
1800 939979 എന്ന നമ്പറിലേക്ക് വിളിച്ചും, അല്ലെങ്കില്‍ 50300 എന്ന നമ്പറിലേക്ക് IEA എന്ന് ടെക്‌സ്റ്റ് ചെയ്തും സംഭാവന നല്‍കാം.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.