ആര്‍ക്കുമൊരു താത്പര്യവുമില്ല , ജനത്തിരക്കില്ലാതെ പോളിങ് ബൂത്തുകള്‍
ഐറിഷ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു
ഡബ്ലിന്‍: ഐറിഷ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് രാത്രി 10 മണിവരെ പോളിംഗ് സ്റ്റേഷനുകള്‍ തുറന്നിരിക്കും.
രാജ്യത്തെ 5,500-ലധികം പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് നടക്കുന്നു. ഏകദേശം 36 ലക്ഷം പേര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്.
വളരെ മന്ദഗതിയിലാണ് രാജ്യമെങ്ങും പോളിങ് നടക്കുന്നത്. മിക്ക പോളിങ് സ്റ്റേഷനുകളിലും ഓഫീസര്‍മാര്‍ മാത്രമേ ആദ്യ മണിക്കൂറില്‍ എത്തിയുള്ളു എന്നത് പ്രസിഡഷ്യല്‍ തിരഞ്ഞെടുപ്പിനോടുള്ള ജനങ്ങളുടെ താത്പര്യമില്ലായ്മാ വ്യക്തമാക്കുന്നതാണ്. നഗരങ്ങളിലെ ബൂത്തുകളിലാണ് വോട്ടര്‍മാര്‍ തീരെ എത്താത്തത്. ഈ നില തുടരുകയാണെങ്കില്‍ 30 ശതമാനത്തില്‍ താഴെയാവും പോളിങ് നിലവാരം.
രഹസ്യ ബാലറ്റ് ആയതിനാല്‍, വോട്ടര്‍ ആരെ വോട്ടു ചെയ്തെന്നത് വ്യക്തമാക്കുന്ന സെല്‍ഫികളോ ചിത്രങ്ങളോ എടുക്കുന്നത് നിയമവിരുദ്ധമാണ്. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
വോട്ടര്‍മാര്‍ക്ക് പോളിംഗ് കാര്‍ഡ് നിര്‍ബന്ധമല്ലെങ്കിലും, അത് കൊണ്ടുവരുന്നത് സൗകര്യപ്രദമാണെന്ന് അധികൃതര്‍ പറയുന്നു.പാസ്‌പോര്‍ട്ട്, പബ്ലിക് സര്‍വീസ് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, അല്ലെങ്കില്‍ വിലാസം തെളിയിക്കുന്ന ബാങ്ക് കാര്‍ഡ് മുതലായ രേഖകള്‍ മതിയാകും.
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പെന്‍സില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം പെന്‍ അല്ലെങ്കില്‍ പെന്‍സില്‍ ഉപയോഗിക്കാം.
മൂന്ന് സ്ഥാനാര്‍ത്ഥികളാണ് ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരരംഗത്തുള്ളത്.
എന്നാല്‍ ഇവരില്‍ നിന്നും ഫിനാഫാള്‍ സ്ഥാനാര്‍ഥി ജിം ഗാവിന്‍ മത്സരത്തിനിടെ പിന്മാറി. എന്നിരുന്നാലും, നാമനിര്‍ദേശ സമയപരിധി കഴിഞ്ഞതിനാല്‍, അദ്ദേഹത്തിന്റെ പേര് ബാലറ്റ് പേപ്പറിലുണ്ടാവും. ഭരണകക്ഷിയായ ഫിനഗേലിന്റെ ഹെതര്‍ ഹംഫ്രീസ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാതറിന്‍ കോണ്‍ലി എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവര്‍.
വോട്ട് അസാധുവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്ന കാമ്പയിനും ശക്തമായിരുന്നു. മരിയ സ്റ്റീനിനെ പിന്തുണച്ചവരും ,സര്‍ക്കാരിനോട് എതിര്‍പ്പുള്ളവരും പോളിങ് ബൂത്തിലെത്തുമെങ്കിലും അവരുടെ വോട്ട് അസാധുവാക്കിയേയ്ക്കും.
വോട്ടെണ്ണല്‍ നാളെ രാവിലെ 9 മണിക്ക് ആരംഭിക്കും.വൈകുന്നേരത്തോടെ തന്നെ വിജയിയെ അറിയാനാവും. അഭിപ്രായ വോട്ടെടുപ്പ് സൂചനകള്‍ ശരിയായാല്‍ ഭരണകക്ഷി സ്ഥാനാര്‍ത്ഥിക്ക് കനത്ത പരാജയം ഉണ്ടായേക്കും. അതേ അഭിപ്രായമാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കുമുള്ളത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

