ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കുന്നതടക്കമുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇതു സംബന്ധിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് അടുത്ത മാസം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. ബിരുദ വിദ്യാര്‍ഥികളെ സഹായിക്കുന്നതടക്കമുള്ള വിവിധ പരിഷ്‌കരണ നടപടികള്‍ ജനുവരിയില്‍ത്തന്നെ ഉണ്ടായേക്കും.
യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും ഉയര്‍ന്ന തോതിലാണ് അയര്‍ലണ്ടിലെ ബിരുദ വിദ്യാഭ്യാസച്ചെലവെന്ന വിമര്‍ശനം വിവിധ കേന്ദ്രങ്ങളില്‍ നിന്നും നാളുകളായി ഉയരുന്നതാണ്. ഈ ആക്ഷേപം പരിഹരിക്കുന്നതിന് വിദ്യാര്‍ഥികളുടെ സംഭാവനയായി ഈടാക്കുന്ന 3000 യൂറോ എടുത്തുകളയുന്നതടക്കമുള്ള വിവിധ കാര്യങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
2016ലെ കാസെല്‍സ് റിപ്പോര്‍ട്ടില്‍ വിവരിച്ച ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫണ്ടിംഗ് ഓപ്ഷനുകളെക്കുറിച്ചുള്ള ഇയു അവലോകനത്തിന്റെ ചുവടുപിടിച്ചാണ് ഇവിടെയും ഇതു സംബന്ധിച്ച നീക്കം നടക്കുന്നത്.
ഇതു സംബന്ധിച്ച വിവിധ നിര്‍ദ്ദേശങ്ങള്‍ ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ അധ്യക്ഷനായ ഇക്കണോമിക് റിക്കവറി ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയാണ് പരിഗണിക്കുന്നത്.
പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഗ്രീന്‍ പാര്‍ട്ടി നേതാവും ഗതാഗത മന്ത്രിയുമായ ഇമോണ്‍ റയാന്‍, ധനമന്ത്രി പാസ്‌കല്‍ ഡോണോ, പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ മന്ത്രി മീഹോള്‍ മഗ്രാത്ത്, ആര്‍ട്സ് മന്ത്രി കാതറിന്‍ മാര്‍ട്ടിന്‍ എന്നിവരും ഈ കമ്മിറ്റിയിലുണ്ട്.
കൂടുതല്‍ സര്‍ക്കാര്‍ നിക്ഷേപം കൊണ്ടുവന്ന് ഉന്നത വിദ്യാഭ്യാസ ധനസഹായം സുസ്ഥിരമാക്കുന്നതിനുള്ള പാക്കേജുകളാണ് കമ്മിറ്റി ചര്‍ച്ച ചെയ്യുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് ചെലവ് താങ്ങാനാവുന്നതാക്കി മാറ്റുന്നതിന് എസ്.യു.എസ്.ഐ ഗ്രാന്റ് സ്‌കീമിന്റെ പരിഷ്‌കരണവും പരിശോധിക്കുന്നുണ്ട്.
കാസെല്‍സ് റിപ്പോര്‍ട്ട് നിര്‍ദ്ദേശങ്ങള്‍
യൂറോപ്യന്‍ യൂണിയന്റെ കാസെല്‍സ് റിപ്പോര്‍ട്ട് മാസങ്ങളായി ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസ് പരിഗണിച്ചുവരികയാണ്.
മൂന്ന് ഓപ്ഷനുകളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഉയര്‍ന്ന ഫീസ് നല്‍കുന്നതിന് വിദ്യാര്‍ത്ഥി വായ്പ ലഭ്യമാക്കുകയെന്നതാണ് കാസെല്‍സ് മുന്നോട്ടുവെച്ച പ്രധാന ഓപ്ഷന്‍.
ഫീസ് മുന്‍കൂറായി അടയ്ക്കാതെ പഠിച്ചതിന് ശേഷം തിരിച്ചടയ്ക്കുന്നതിന് അവസരമൊരുക്കുന്നതാണ് ഈ നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശം ഉന്നത വിദ്യാഭ്യാസ മന്ത്രി തള്ളിക്കളഞ്ഞു.
സര്‍ക്കാര്‍ നിക്ഷേപം വര്‍ധിപ്പിച്ചുകൊണ്ട് 3,000 യൂറോയുടെ വിദ്യാര്‍ഥി സംഭാവന ഇല്ലാതാക്കുന്നതാണ് മറ്റൊരു ഓപ്ഷന്‍. ഖജനാവില്‍ നിന്നുള്ള ഫണ്ടിംഗ് കുറച്ച് വര്‍ദ്ധിപ്പിച്ചുകൊണ്ട് 3,000 യൂറോ തുടരുകയെന്നതാണ് മൂന്നാമത്തെ ഓപ്ഷന്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG
Comments are closed.