head3
head1

അയര്‍ലണ്ടിലെ കര്‍ഷകരും ‘ഇന്ത്യന്‍ മോഡല്‍’ ട്രാക്ടര്‍ സമരത്തിന്റെ പാതയില്‍

ഡബ്ലിന്‍: അയര്‍ലണ്ടിലെ കര്‍ഷകരും ‘ഇന്ത്യന്‍ മോഡല്‍’ ട്രാക്ടര്‍ സമരത്തിന്റെ പാതയില്‍. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടെന്ന് പറഞ്ഞ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള കര്‍ഷകവിരുദ്ധ നയങ്ങളാണ് അയര്‍ലണ്ടിലെ കര്‍ഷകരെ സമരരംഗത്തെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യയിലെ കര്‍ഷകര്‍ നടത്തിയ പ്രതിഷേധങ്ങള്‍, പുതിയ രീതിയിലുള്ള സമരത്തിന് അയര്‍ലണ്ടിലെ കര്‍ഷകര്‍ക്കും പ്രേരകമായെന്നാണ് കരുതുന്നത്.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികള്‍ കാര്‍ഷിക മേഖലയ്ക്ക് ഹാനികരമാണെന്ന് നേരത്തേ കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബന്ധപ്പെട്ട സംഘടനകളുമായി ചര്‍ച്ചകള്‍ക്കു ശേഷമേ ഇതു സംബന്ധിച്ച കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കാവൂയെന്നും സംഘടനകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചെവിക്കൊള്ളാതെ സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. ഇതിനെതിരെയാണ് ഡബ്ലിനില്‍ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കണമെന്നുതന്നെയാണ് ഐറിഷ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ കാര്‍ബണ്‍ പ്രശ്നത്തില്‍ കര്‍ഷകരെ പ്രതിചേര്‍ക്കാനും നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

ഡബ്ലിനിലെ ഇന്ത്യന്‍ മോഡല്‍ ട്രാക്ടര്‍ സമരം

കാലാവസ്ഥാ ആക്ഷന്‍ പ്ലാനിനും പൊതു കാര്‍ഷിക നയത്തിനും (സിഎപി) എതിരെയാണ് ഞായറാഴ്ച ഡബ്ലിനില്‍ സര്‍ക്കാര്‍ ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. കര്‍ഷക പ്രതിഷേധമറിയിക്കാന്‍ 80 -ലധികം ട്രാക്ടറുകളുള്‍പ്പെട്ട വാഹനവ്യൂഹമാണ് ഡബ്ലിന്‍ സിറ്റി സെന്ററിലേക്ക് എത്തിച്ചേര്‍ന്നത്.

വര്‍ദ്ധിച്ചുവരുന്ന കോവിഡ് അണുബാധകള്‍ കണക്കിലെടുത്താണ് ഒരു വലിയ ബഹുജനമാര്‍ച്ചിനുപകരം ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പിച്ചതെന്നും ഐഎഫ്എ വ്യക്തമാക്കി. ജനക്കൂട്ടത്തിന് കുപ്പിവെള്ളം വിതരണം ചെയ്തുകൊണ്ട് അയര്‍ലണ്ടിലെ ഇന്ത്യന്‍ കുടിയേറ്റ സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പ് കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായെത്തി.

പിന്തുണയുമായി സിക്ക് കര്‍ഷക കുടുംബവും

ഇന്ത്യയിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള ഡബ്ലിനിലെ ഐടി ജീവനക്കാരനായ അമിതോഗ് സിംഗ് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി ഐഎഫ്എ പ്രതിഷേധത്തില്‍ പങ്കെടുത്തു. അയര്‍ലണ്ടില്‍ നടക്കുന്ന പ്രതിഷേധങ്ങളെ കഴിയുന്ന രീതിയില്‍ സഹായിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

ഭാവി ആശങ്ക ഉയര്‍ത്തുന്നു

കര്‍ഷക മേഖലയുടെ ഭാവിയെക്കുറിച്ച് ഉയര്‍ത്തുന്ന ആശങ്കയാണ് ഐറിഷ് ഫാര്‍മേഴ്സ് അസോസിയേഷന്റെ പ്രതിഷേധത്തിന് കാരണമായതെന്ന് പ്രസിഡന്റ് ടിം കല്ലിനന്‍ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചും സിഎപിയുമായി ബന്ധപ്പെട്ടും കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ മാസങ്ങളായി നടത്തിയ ശ്രമങ്ങള്‍ വിജയിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നത് ആവശ്യം തന്നെയാണ്. എന്നാല്‍ 22% കുറയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. എന്തിനുവേണ്ടിയാണിതെന്ന് മനസ്സിലാകുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു.

കര്‍ഷകരെ മോശക്കാരാക്കിയെന്ന്…

ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ പുല്ല് അധിഷ്ഠിത സംവിധാനങ്ങള്‍ ഉണ്ടായിരുന്നിട്ടും, കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ചര്‍ച്ചയില്‍ ഐറിഷ് കര്‍ഷകരെ മോശമായി ചിത്രീകരിക്കുകയും കളങ്കപ്പെടുത്തുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മറ്റ് രാജ്യങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍, ഐറിഷ് കര്‍ഷകര്‍ മലിനീകരണം കുറയ്ക്കുന്നതില്‍ അര്‍ത്ഥമുണ്ടോയെന്ന് ഐഎഫ്എ പ്രസിഡന്റ് ചോദിച്ചു. യുവ കര്‍ഷകരും ഈ മേഖലയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുകയാണ്. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.