head1
head3

ഐറിഷ് പൗരത്വം റദ്ദാക്കുന്ന നിയമം വീണ്ടും പ്രാബല്യത്തില്‍

ഡബ്ലിന്‍ : ഗുരുതരമായ കേസുകളില്‍പ്പെടുന്നവര്‍ക്കും തീവ്രവാദ ബന്ധമുള്ളവര്‍ക്കും ഐറിഷ് പൗരത്വം സ്വാഭാവികമായി നഷ്ടപ്പെടുന്ന നിയമം വീണ്ടും പ്രാബല്യത്തില്‍. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ആവശ്യമായ ഭേദഗതികളോടെയാണ് വീണ്ടും നിയമം കൊണ്ടുവന്നത്.എന്നിരുന്നാലും നിയമം പുനസ്ഥാപിച്ചതിനെ വിമര്‍ശിച്ച് മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തുവന്നു.

വഞ്ചനാപരമായി പൗരത്വം നേടിയെന്ന് തെളിഞ്ഞാലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പോലെ രാജ്യത്തിന് ഗുരുതരമായ അപകടമോ ഭീഷണിയോ ഉയര്‍ത്തുന്നുവെന്ന് ബോധ്യപ്പെട്ടാലും പൗരത്വം റദ്ദാക്കാനുള്ള അധികാരം സര്‍ക്കാരിനു നല്‍കുന്ന നിയമമാണ് 2025 ഏപ്രില്‍ ഏഴു മുതലുള്ള പ്രാബല്യത്തോടെ നിലവില്‍ വന്നത്.

1956ലെ ഐറിഷ് നാഷണാലിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് നിയമത്തിലെ സെക്ഷന്‍ 19 പ്രകാരം നാച്വറലൈസേഷന്‍ വഴി നല്‍കിയ പൗരത്വം റദ്ദാക്കാന്‍ മന്ത്രിക്ക് അധികാരമുണ്ട്.എന്നാല്‍ സുരക്ഷയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2021ല്‍ സുപ്രീം കോടതി വിധി ഈ നിയമത്തില്‍ ചില ഭേദഗതികള്‍ നിര്‍ദ്ദേശിച്ചു. ഈ ഭേദഗതികളോടെയാണ് നിയമം പുനസ്ഥാപിച്ചുകൊണ്ട് മന്ത്രി പുതിയ ഉത്തരവിറക്കിയത്.

ഇത്തരമൊരു അധികാരം സര്‍ക്കാരിനുണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് നീതിന്യായ മന്ത്രി ജിം ഒ കല്ലഗന്‍ പറഞ്ഞു.നാച്വറലൈസ്ഡ് ഐറിഷ് പൗരന്മാര്‍ക്ക് ദോഷം വരുത്താനോ ശിക്ഷ നല്‍കാനോ ഉദ്ദേശിച്ചുള്ളതല്ല ഈ ഉത്തരവ്.രാജ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ നിയമം നടപ്പാക്കൂ.ഏറ്റവും ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രമേ ഐറിഷ് പൗരത്വം റദ്ദാക്കൂ. ഈ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നറിയാമെന്നും മന്ത്രി വിശദീകരിച്ചു.

1956 മുതല്‍ ഇതുവരെ 10 തവണയില്‍ താഴെ മാത്രമേ പൗരത്വം റദ്ദാക്കുന്ന നിയമം ഉപയോഗിച്ചിട്ടുള്ളൂവെന്ന് കഴിഞ്ഞ വര്‍ഷം ഡെയ്‌ലില്‍ വെളിപ്പെടുത്തിയിരുന്നു. വഞ്ചനാപരമായി പൗരത്വം നേടുക,തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ ഏറ്റവും ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രമാണ് പൗരത്വം റദ്ദാക്കുന്നതെന്ന് മുന്‍ മന്ത്രി ഹെലന്‍ മക്എന്‍ടി അന്നും വ്യക്തമാക്കിയിരുന്നു.

വിമര്‍ശനവുമായി ഐ എച്ച് ആര്‍ ഇ സി

അതേ സമയം,ഐറിഷ് മനുഷ്യാവകാശ ഇക്വാളിറ്റി കമ്മീഷന്‍ (ഐ എച്ച് ആര്‍ ഇ സി) ഈ നിയമം പുനസ്ഥാപിച്ചതില്‍ ആശങ്കയറിയിച്ചു.ഈ തീരുമാനം ഖേദകരമാണ്.ഈ ഉത്തരവ് ബന്ധപ്പെട്ടവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന ഗുരുതരമായ ആഘാതം കണക്കിലെടുക്കണം.പലരും രാജ്യമില്ലാത്തവരാകുമെന്ന് കമ്മീഷന്‍ വിമര്‍ശിച്ചു.മന്ത്രിയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന ഈ നിയമം ദുര്‍വിനിയോഗം ചെയ്യാനുള്ള സാധ്യതയുണ്ട്.തിരക്ക് പിടിച്ചാണ് ഈനിയമം പുനസ്ഥാപിച്ചത്.

കഴിഞ്ഞ ജൂലൈയില്‍ എട്ട് ദിവസത്തിനുള്ളില്‍ പാര്‍ലമെന്ററി സമിതി വഴി വേഗത്തില്‍ സര്‍ക്കാര്‍ ഈ നിയമനിര്‍മ്മാണം നടത്തുകയായിരുന്നു. അന്നത്തെ നീതിന്യായ മന്ത്രി ഹെലന്‍ മക്എന്‍ടിയുമായി ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിരുന്നു.അടുത്ത ശരത്കാലം വരെ നിയമം നടപ്പിലാക്കരുതെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നു.ഈ നിയമം കൂടുതലായി ദുര്‍വിനിയോഗിക്കാനിടയുണ്ട്.ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകളും വരുമെന്ന് ചീഫ് കമ്മീഷണര്‍ ലിയാം ഹെറിക്ക് പറഞ്ഞു.

ഐറിഷ് പൗരത്വം റദ്ദാക്കുന്നതിനുള്ള ഏതൊരു നിയമവും ആനുപാതികതയുടെയും ന്യായമായ നടപടിക്രമങ്ങളുടെയും തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാകണം. നാച്വറലൈസേഷനിലൂടെ ഐറിഷ് ആകുന്ന നമ്മുടെ സഹ പൗരന്മാരുടെ കാര്യത്തില്‍ നിര്‍ഭാഗ്യവശാല്‍ ഈ നിയമം ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല.അവര്‍ക്ക് ദോഷം ചെയ്യുമെന്നും കമ്മീഷണര്‍ വിശദീകരിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</

Comments are closed.